രോഗികൾക്ക് ആശ്വസം പകർന്ന് ‘കാരുണ്യ’ പദ്ധതി 3 മാസത്തേക്ക് നീട്ടി സർക്കാർ
കോഴിക്കോട്∙ മുപ്പതിനായിരത്തിലേറെ രോഗികൾക്ക് താൽക്കാലിക ആശ്വാസം പകർന്നുകൊണ്ട് നികുതി വകുപ്പിനു കീഴിലുള്ള കാരുണ്യ ബെനവലന്റ് ഫണ്ട് (കെബിഎഫ്) ചികിൽസാ പദ്ധതി മൂന്നു മാസത്തേക്കു കൂടി നീട്ടി സർക്കാർ ഉത്തരവായി (ജിഒ എംഎസ് നമ്പർ 54–2020–ടാകസസ്). 2019 ജൂലൈ 3നു മുമ്പ് ചികിത്സാ അനുമതി ലഭിച്ച എല്ലാവർക്കും നിലവിൽ നൽകുന്ന ഇളവുകൾ സെപ്റ്റംബർ 30 വരെ തുടരാം. അതിനുള്ളിൽ പദ്ധതി പൂർണമായും പുതുതായി ആരംഭിച്ച, ആരോഗ്യ വകുപ്പിനു കീഴിലുള്ള കാരുണ്യ ആരോഗ്യ സുരക്ഷാ പദ്ധതി (കാസ്പ്)യിൽ ലയിപ്പിക്കും.
കഴിഞ്ഞ 15 ദിവസമായി നീളുന്ന അനിശ്ചിതത്വത്തിനാണ് ഈ ഉത്തരവോടെ വിരാമമാകുന്നത്. കാരുണ്യ ആരോഗ്യ സുരക്ഷാ പദ്ധതി അടുത്ത വർഷം മാർച്ച് വരെ നീട്ടുന്നതായി ആരോഗ്യ വകുപ്പ് ഉത്തരവിറക്കിയിരുന്നെങ്കിലും നികുതി വകുപ്പ് ഇതു നീട്ടിയിരുന്നില്ല. മാതൃ വകുപ്പായതിനാൽ നികുതി വകുപ്പിന്റെ ഉത്തരവില്ലാതെ ചികിത്സാ സഹായം തുടരാൻ കഴിയില്ലെന്നായിരുന്നു വിവിധ ആശുപത്രികൾ രോഗികളെ അറിയിച്ചത്. മേയ് 31 നു ശേഷം ചികിത്സയ്ക്കെത്തിയവരെയെല്ലാം ആശുപത്രികൾ മടക്കി അയയ്ക്കുകയോ, നൽകിയ ചികിത്സയ്ക്കു പണം ഈടാക്കുകയോ ചെയ്തു.
ഉത്തരവിലെ പ്രധാന നിർദേശങ്ങൾ:
കാരുണ്യ ബെനവലന്റ് ഫണ്ട് (കെബിഎഫ്) സെപ്റ്റംബർ 30 വരെ തുടരും.
ഇനിയുള്ള 3 മാസ കാലയളവിനുള്ളിൽ കെബിഎഫിലെ ഗുണഭോക്താക്കളെ കാസ്പിലേക്ക് ലയിപ്പിക്കണം.
കെബിഎഫിനു കീഴിലുള്ള ഗുണഭോക്താക്കളെ ഒരു തരത്തിലും ബാധിക്കാത്ത രീതിയിലായിരിക്കണം മാറ്റം.
കാസ്പിന്റെ നടത്തിപ്പ് ചുമതലയുള്ള സ്റ്റേറ്റ് ഹെൽത്ത് ഏജൻസി (എസ്എച്ച്എ)ക്ക് കെബിഎഫിലെ രോഗികളുടെ വിവരങ്ങൾ ആഗസ്റ്റ് പകുതിയോടെ പൂർണമായും കൈമാറണം.
സെപ്റ്റംബർ 1നു ശേഷം കെബിഎഫ് ഗുണഭോക്താക്കളും എസ്എച്ച്എയ്ക്കു കീഴിലാവും.
ജീവനക്കാർക്ക് രണ്ടു മാസത്തേക്ക് തുടരാം. സെപ്റ്റംബർ 30നു ശേഷം നികുതി വകുപ്പിനു കീഴിൽ കെബിഎഫ് ഉണ്ടാവില്ല. പദ്ധതി അവസാനിപ്പിക്കാനുള്ള എല്ലാ നടപടികളും അഡ്മിനിസ്ട്രേറ്റർ സ്വീകരിക്കണം.

