വലയിൽ കുരുങ്ങിയ ജീവിതങ്ങൾ


കഥ - ശിവദാസൻ കാപ്പിയിൽ

പുറത്തേക്ക് ഇറങ്ങാനുള്ള ശ്രമത്തെ നിരുത്സാഹപ്പെടുത്തുന്ന തരത്തിൽ പൊടിക്കാറ്റും ചാറ്റൽ മഴയും. അപ്പോഴാണ് ഞെട്ടിപ്പിച്ചുകൊണ്ട് അലക്സിന്റെ വാട്സ്ആപ്പ് മെസേജ് ഫോണിലെത്തിയത്. ശ്രീദേവി ടീച്ചറുടെ ഭർത്താവും മകളും ബാംഗ്ലൂരിൽ വെച്ച് ഇന്നലെ ആത്മഹത്യ ചെയ്തിരിക്കുന്നു ഇന്നത്തെ ഉച്ചയ്ക്കത്തെ ഫ്ലൈറ്റിൽ അവർ നാട്ടിലേക്ക് പോകുന്നു എന്നുമുള്ള സന്ദേശമായിരുന്നു അത്.

പത്തു പതിനഞ്ചു വർഷമായിട്ട് ശ്രീദേവി ടീച്ചറേയും ബിസിനസുകാരനെങ്കിലും നല്ലൊരു സഹൃദയനുമായ ഭർത്താവ് രവീന്ദ്രൻനായരെയും അടുത്തറിയാം. പ്രായഭേദമന്യേ എല്ലാവരുമായും സൗഹൃദം കാത്തുസൂക്ഷിക്കുകയും അത് ഊട്ടിയുറപ്പിക്കുകയും ചെയ്യുന്ന രവീന്ദ്രൻനായരും ചുണ്ടിൽ മുല്ലമൊട്ടുകളുമായി അതിഥികളെ സൽക്കരിക്കാൻ ഉത്സാഹം കാട്ടുന്ന ശ്രീദേവിടീച്ചറും ഒരുതവണ പരിചയപ്പെട്ടവർക്കു പോലും മറക്കാൻ കഴിയാത്ത വിധം അടുപ്പക്കാരായി കഴിഞ്ഞിട്ടുണ്ടാവും. അറിഞ്ഞെടുത്തോളം ഒരു പ്രശ്നങ്ങളുമില്ലാത്ത രവീന്ദ്രൻനായർ എന്തിനിത് ചെയ്തു എന്ന ശങ്ക അടക്കി വെച്ചുകൊണ്ടാണ് അന്തരീക്ഷത്തിലെ മാറ്റത്തിനെ അവഗണിച്ചു കൊണ്ട് വഴിയിൽ വെച്ച് അലക്സിനെയും കൂട്ടി ടീച്ചറുടെ ഫ്ലാറ്റിലേക്ക് ചെന്നത്.

വലിയ മതിൽക്കെട്ടിനുള്ളിലെ വീട്ടിൽ അകത്തും പുറത്തുമായി ആളുകൾ തിങ്ങി നിറഞ്ഞിരിക്കുന്നു. എല്ലാ മേഖലകളിൽ പെട്ടവരും ദുരന്തവാർത്ത അറിഞ്ഞതു മുതൽ അവിടേക്ക് വന്നുകൊണ്ടിരിക്കുന്നു. ആളുകൾ എത്തിച്ചേർന്ന വണ്ടികൾ പാർക്കിങ്ങിന് സ്ഥലംകിട്ടാതെ ശ്വാസം മുട്ടിക്കിടക്കുന്നു. പൊടിക്കാറ്റിനൊന്നിച്ച് ഇറങ്ങിവന്ന കുഞ്ഞു മഴത്തുള്ളികൾ വണ്ടികളുടെ പുറത്തും ഗ്ലാസ്സിനു മുകളിലും അവ്യക്തമായ ചില ചിത്രങ്ങൾ വരച്ചു ചേർത്തിരിക്കുന്നു. മതിലിന് മേലേക്ക് പടർന്നു കയറിയ കടലാസു ചെടികളിലെ പൂവുകൾ തല റോഡിലേക്ക് തിരിച്ച് മഴത്തുള്ളികളെ കണ്ണീരാക്കി പുറത്തേക്ക് ഒഴുക്കുന്നു.

“തണുപ്പിന്റെ ആരംഭമാണെന്ന് തോന്നുന്നു” കാലാവസ്ഥാപ്രവചനം നടത്തിക്കൊണ്ട് ഞങ്ങൾക്ക് മുന്നേ രണ്ടുപേർ ടീച്ചറുടെ വീട്ടിലേക്ക് കയറിപ്പോയി. ഒരു കുഞ്ഞു തണുപ്പ് ദേഹത്തിലേക്ക് തള്ളിത്തന്നുകൊണ്ട് കടന്നു വന്ന കാറ്റ് അവിടവിടെയായി കിടന്നിരുന്ന കടലാസു കഷണങ്ങളെ നക്കിയെടുത്തു കൊണ്ട് മതിലും കടന്ന് എങ്ങോട്ടോ പോയി. കൂടി നിൽക്കുന്ന മുഖങ്ങളിലെല്ലാം ഒരേ ഭാവം മാത്രം. ആരും ആരോടും ഒന്നും സംസാരിക്കുന്നില്ല. എല്ലാ മുഖത്തും ദുഃഖം തളം കെട്ടി നിൽക്കുന്നു. മതിലിനോട് ചേർന്ന കൊച്ചു പൂന്തോട്ടത്തിൽ കുറച്ച് ദിവസം മുന്നെ നട്ടുപിടിപ്പിച്ച വെളുപ്പും ചുവപ്പും നിറത്തിലുള്ള പൂക്കളുള്ള തണുപ്പ് കാലത്ത് മാത്രം കാണുന്ന കുഞ്ഞു ചെടി മുഖം താഴ്ത്തി കണ്ണീരൊലിപ്പിക്കുന്നു. അപ്പുറത്ത് നിരത്തിവെച്ച ചെടിച്ചട്ടിയിൽ നിന്നും ഒരു ചെണ്ടുമല്ലി ബോഗെയിൻ വില്ല ചെടിയുടെ മടിയിലേക്ക് വീണ് തലതല്ലി കരയുന്നു. പഞ്ഞിക്കെട്ടിന് കറുത്ത ചായം തേച്ചത് പോലെ ആകാശത്ത് മേഘങ്ങൾ ഒഴുകി നടക്കുന്നുണ്ട്.

“സൗഹൃദങ്ങളെ തിരിച്ചറിഞ്ഞില്ലെങ്കിൽ ഇങ്ങനെയൊക്കെ സംഭവിക്കും” ഈർഷ്യയോടെ രവീന്ദ്രൻനായരുടെ സൗഹൃദങ്ങളെ കുറ്റപ്പെടുത്തിക്കൊണ്ട് ബന്ധുക്കളിലാരോ ഒരാൾ ഞങ്ങളെ കടന്നു പോയി. ചിതറിത്തെറിച്ച അലങ്കാരച്ചെടികൾക്കും വാരിവലിച്ചിട്ട കിടക്കവിരിക്കും കീറിപ്പറിച്ച തലയിണക്കിടയിലുമായി ആശ്വസിപ്പിക്കാനെത്തിയവർക്കിടയിൽ കാൽ മുട്ടുകൾക്കിടയിൽ മുഖം താഴ്ത്തി ചുമരും ചാരിയുള്ള ശ്രീദേവി ടീച്ചറുടെ ഇരിപ്പ് ആരിലും വേദന പടർത്തുന്നതായിരുന്നു. ചിലപ്പോൾ പൊട്ടിക്കരഞ്ഞും ചിലപ്പോൾ തേങ്ങലോടെയും ഭർത്താവിനെയും മകളെയും പറ്റി തിരക്കുന്ന ടീച്ചറോട് അവർക്കൊരത്യാഹിതം പറ്റി എന്നു പറയാനേ ടീച്ചറുടെ ആത്മസുഹൃത്തായ ഗ്ലാഡിസ് ടീച്ചർക്കും മറ്റുള്ളവർക്കും കഴിയുന്നുള്ളൂ. ഇത്രയും പേരുടെ സാമീപ്യം വലിയൊരു ദുരന്തമാണ് സംഭവിച്ചിട്ടുണ്ടാവുക എന്ന് ടീച്ചറുടെ മനസ് ടീച്ചറെ ഓർമിപ്പിക്കുന്നുണ്ടായിരുന്നു.

ഇരുപത് വർഷത്തെ രവീന്ദ്രൻനായരുമായിട്ടുള്ള ദാന്പത്യ ബന്ധത്തിൽ ഒന്ന് തേങ്ങിക്കരയേണ്ട സന്ദർഭം പോലും ടീച്ചർക്കുണ്ടായിരുന്നില്ല. ഏത് ബിസിനസ് തിരക്കുകളിൽ നിന്നും ഭാര്യയോടും മകളോടുമൊത്ത് ചിലവഴിക്കാൻ സമയം കണ്ടെത്താറുള്ള സ്നേഹനിധിയായ ഗൃഹനാഥനായിരുന്ന രവീന്ദ്രൻനായർക്ക് ഇങ്ങനെയൊരു കടുംകൈ ചെയ്യേണ്ടി വന്നതിലുള്ള സാംഗത്യം ആർക്കും സങ്കൽപ്പിക്കാൻ പോലും കഴിഞ്ഞിരുന്നില്ല. ബാൽക്കണിയിലും ബെഡ്റൂമിലും പുറത്തുമായി നടന്ന അടക്കിപ്പിടിച്ച സംസാരം ടീച്ചറുടെ കാതിൽ അവ്യക്തമായി വന്നു പതിക്കുന്നുണ്ടായിരുന്നു. സുഹൃത്തുക്കളുടെ വലയിൽ പെട്ടുപോയതാണ് ഇത്തരമൊരവസ്ഥയിൽ രവീന്ദ്രൻനായരെ കൊണ്ടെത്തിച്ചതെന്ന ബന്ധുവായ വേണുവേട്ടനിൽ നിന്നും വന്ന വാക്കുകൾ കുറച്ചുറക്കെയായിരുന്നു. ചിരപരിചിതമായ ചില ശബ്ദങ്ങളിൽ വന്ന കുറ്റപ്പെടുത്തലിന്റെ കാരമുള്ളുകൾ ടീച്ചറുടെ ഹൃദയത്തെ അൽപ്പം മുറിവേൽപ്പിച്ചു. ഓരോ ചോദ്യങ്ങളും പയറുമുളകൾ പോലെ അകത്തോട്ട് വളഞ്ഞു നിൽക്കുകയാണ്.

പുറത്തുനിന്ന് അകത്തേക്ക് കയറിവന്ന തണുത്ത കാറ്റ് എല്ലാവരെയും തന്റെ സാന്നിദ്ധ്യം അറിയിച്ചുകൊണ്ട് വന്ന വഴി തന്നെ ഇറങ്ങിപ്പോയി. കനം വെച്ച മഴത്തുള്ളികൾ ആലിപ്പഴത്തോടൊപ്പം കാർപോർച്ചിലെ അലൂമിനിയം ഷീറ്റിനു മുകളിൽ തലതല്ലി വീണ് അലറിക്കരഞ്ഞു.

ബന്ധങ്ങൾ വ്യർത്ഥമാവുന്ന കാലികലോകത്ത് സ്നേഹത്തിന്റെ മൂല്യം കൈവെള്ളയിൽ കോരിയെടുത്ത വെള്ളം പോലെ ചോർന്നു പോകുകയാണെന്ന് തിരിച്ചറിയാത്ത ശ്രീദേവിടീച്ചർ സ്നേഹത്തിനുള്ളിൽ കുടിയിരിക്കുന്ന കാപട്യത്തെ ഒട്ടും മനസിലാക്കിയിരുന്നില്ല. സ്നേഹത്തിന്റെ പേരിൽ എല്ലാം നഷ്ടപ്പെടുത്താൻ ചിലർ തയ്യാറാവുന്പോൾ ചിലർ സ്നേഹത്തെ ചൂഷണം ചെയ്യുന്നു. മരുഭൂമിയിലെ നദിയെപ്പോലെ ഒരു വലിച്ചു കുടിക്കൽ. ചിരിക്ക് പിറകിൽ കീറിമുറിക്കാനുള്ള ധംഷ്ട്രകൾ ഒളിച്ചു വെക്കുന്നു. പത്തരമാറ്റ് തങ്കമെന്ന് കരുതുന്നതൊക്കെ കാക്ക പൊന്നാകുന്നു. ഒരായുസ് മുഴുവൻ ഒന്നിച്ചു കഴിഞ്ഞാലും മനുഷ്യമനസ് മനസിലാക്കാൻ കഴിയാതെ വരുന്നു. തോട്ടത്തിലേക്ക് വലിച്ചെറിയുന്ന പൊട്ടിയ മൺപാത്രങ്ങളെ പോലെ ജീവിതത്തെ കരുതുന്നവർ.

സൗഹൃദങ്ങളുടെ ബാഹുല്യം രവീന്ദ്രൻനായരെ സദാചാരത്തിന്റെ ചെളിക്കുണ്ടിലേക്ക് ഇനിയൊരിക്കലും കയറിവരാത്ത വിധം തള്ളിയിട്ടു. ചില പ്രൊജക്റ്റുകൾ വിജയിച്ചു കഴിഞ്ഞാൽ കുടുംബമൊന്നിച്ച് ടൂർ പോയിക്കൊണ്ടിരുന്ന രവീന്ദ്രൻനായർ ക്രമേണ കുടുംബത്തെ ഒഴിവാക്കി സുഹൃത്തുക്കളോടൊത്ത് മാത്രം ടൂറിന് പോയിത്തുടങ്ങി. അതിനിടയ്ക്ക് മകളെ ബാംഗ്ലൂരുവിലേക്ക് ഉപരി പഠനത്തിനായി അയക്കുകയും ചെയ്തതോടെ ടീച്ചർ ഫ്ലാറ്റിൽ പലപ്പോഴും തനിച്ചാവാൻ തുടങ്ങി. ആവശ്യങ്ങൾക്ക് മാത്രം മൊബൈൽ ഫോണും കന്പ്യൂട്ടറും ഉപയോഗിച്ചിരുന്ന രവീന്ദ്രൻനായർ കന്പ്യൂട്ടർ സ്ക്രീനിലെ വലയ്ക്കുള്ളിൽ പരലിനെപ്പോലെ കുരുങ്ങി കിടന്നു. ടൂർ പ്രോഗ്രാമുകളുമായി ബന്ധപ്പെട്ട് നടത്തുന്ന നിശാപാർട്ടികളിൽ സുഹൃത്തുക്കൾ പലപ്പോഴും ഇളം താരുണ്യങ്ങളെ രവീന്ദ്രൻനായർക്ക് കാഴ്ച വെക്കാൻ തുടങ്ങിയതോടെ രവീന്ദ്രൻനായർ അതുവരെ കാത്തുസൂക്ഷിച്ചു പോന്നിരുന്ന സദാചാരത്തിന്റെ അതിരുകൾ വികാരങ്ങളുടെ ഉരുൾപൊട്ടലിൽ തകർന്നടിയാൻ തുടങ്ങി. സുഹൃത്തുക്കൾ ഒരുക്കിയ കുഴിയിൽ കരകേറാനാവാത്ത വിധം രവീന്ദ്രൻനായർ അടിഞ്ഞു കിടക്കുന്നത് കണ്ട് ചിലർ അകമേ സന്തോഷിച്ചു. വല്ലപ്പോഴും ടൂറിന് പോയിരുന്നയാൾ ബിസിനസ് കാര്യങ്ങളെന്നും പറഞ്ഞ് ആഴ്ചകൾ തോറും പല നഗരങ്ങളിലേക്കും പറന്നു തുടങ്ങി ഓൺലൈനിൽ കാണുന്ന നവതാരുണ്യം അദ്ദേഹത്തിന്റെ സിരകളെ ചൂടുപിടിപ്പിച്ചു. പണം വാരിയെറിഞ്ഞ് ഇളംമേനിയുടെ ചൂട് അദ്ദേഹം ആവോളം നുകർന്നു. പതിവിലധികം യാത്രചെയ്യുന്നതും കന്പ്യൂട്ടറിന് മുന്നിലെ ചടഞ്ഞിരുത്തവും ശ്രീദേവി ടീച്ചർ ശ്രദ്ധിച്ചിരുന്നെങ്കിലും ഒരുപാട് ബിസിനസ് കൈകാര്യം ചെയ്യുന്ന ആളായതു കൊണ്ടും ടീച്ചർ ഒരു പരിഭവവും പ്രകടിപ്പിച്ചിരുന്നില്ല. മകളെ കാണാനായിട്ട് ഇടയ്ക്കിടെ ബാംഗ്ലൂരിലേക്ക് പോകുന്നു എന്നാണ് ധരിച്ചു വച്ചിരുന്നതും.

അന്നത്തെ ദിവസം രവീന്ദ്രൻനായർ വളരെ സസന്തോഷവാനായി കാണപ്പെട്ടു. രാത്രി വളരെ വൈകിയും കന്പ്യൂട്ടർ സ്ക്രീനിൽ മുഖം പൂഴ്ത്തിയിരിക്കുന്ന രവീന്ദ്രൻനായരോട് “ഇനിയും ഉറങ്ങാറായില്ലേ” എന്ന ടീച്ചറുടെ ചോദ്യത്തിന് “ഉം” എന്ന് അലക്ഷ്യമായി മറുപടി നൽകി നെറ്റിലെ നീല വ്യാപാര രംഗത്ത് രവീന്ദ്രൻനായർ ഇമ ചിമ്മാതെ എന്തോ പരതിക്കൊണ്ടിരുന്നു. അവസാനം അയാൾ അത് കണ്ടെത്തി. ഓൺലൈനിൽ ഒരു പത്തൊന്പതുകാരിയായ മലയാളി പെൺകുട്ടിയെ വിൽപ്പനയ്ക്ക് വെച്ചിരിക്കുന്നു. രവീന്ദ്രൻ നായരുടെ സിരകളിലൂടെ രക്തം ഇരച്ചുകയറി. പേരും മുഖവും പ്രദർശിപ്പിച്ചില്ലെങ്കിലും ബാംഗ്ലൂരുവിലാണെന്നത് അദ്ദേഹത്തെ ആനന്ദത്തിലാറാടിച്ചു. ചുണ്ടിൽ വിടർന്ന ചിരി അടക്കി പിടിച്ചുകൊണ്ട് ഓൺലൈനിൽ ആവശ്യപ്പെട്ട തുകയായ അന്പതിനായിരം തന്റെ ക്രെഡിറ്റ് കാർഡ് വഴി അടച്ച് പിറ്റേ ദിവസത്തെ ബാംഗ്ലൂരുവിലേക്കുള്ള ഫ്ലൈറ്റ് ടിക്കറ്റും എടുത്തു.

ബാംഗ്ലൂർ നഗരം രവീന്ദ്രൻനായർക്ക് അന്യമായിരുന്നില്ലെങ്കിലും അന്നത്തെ ദിവസത്തിൽ നഗരം ഏറ്റവും സുന്ദരിയായി തോന്നിച്ചു. നഗരത്തിലെ പഞ്ചനക്ഷത്ര ഹോട്ടലിലെ ചുവന്ന കർട്ടനിട്ട ജനാലയ്ക്കു പിറകിൽ നിന്നു കൊണ്ട് നവോഢയെപ്പോലെ അണിഞ്ഞൊരുങ്ങി നാണം കൊള്ളുന്ന നഗരത്തെ ഇമ പൂട്ടാതെ നോക്കി നിന്നു. ആകാശത്തിലെ നക്ഷത്രക്കൂട്ടങ്ങളെ ഭൂമിയിലേക്ക് കൂട്ടിക്കൊണ്ട് വന്നത് പോലെ അലങ്കാര ദീപങ്ങൾ വർണ്ണങ്ങൾ വാരി വിതറി ജ്വലിച്ചു നിൽക്കുന്നു. നഗരം നാണം കുണുങ്ങിക്കൊണ്ട് തനിക്ക് ചുറ്റും നൃത്തം ചവിട്ടുന്നത് പോലെ തോന്നിച്ചു. ഓരോ നിമിഷം കഴിയും തോറും രവീന്ദ്രൻനായരുടെ ഹൃദയ താളം മുറുകിക്കൊണ്ടിരുന്നു. ആകാംക്ഷ കാരണം ഇരിക്കപ്പൊറുതിയില്ലാതായി. പറഞ്ഞുറപ്പിച്ച സമയം ആയിരിക്കുന്നു. മേശയ്ക്കു മുകളിൽ വെച്ചിരുന്ന വില കൂടിയ പെർഫ്യൂം ഒന്നു കൂടി ഇട്ടിരുന്ന വസ്ത്രത്തിലേക്ക് വർഷിപ്പിച്ച് കണ്ണും കാതും വാതിലിനരികിലേക്ക് കൊണ്ടുപോയി. 

പുറത്ത് മൂന്ന് തവണയായുള്ള മുട്ട് കേട്ടതും രവീന്ദ്രൻ നായരുടെ ഞരന്പുകൾ വലിഞ്ഞു മുറുകി. കടന്നു വരാനുള്ള അനുമതി കൊടുത്തുകൊണ്ട് അദ്ദേഹം ഒന്നു കൂടി കണ്ണാടിയിൽ നോക്കി സ്വയം തൃപ്തിപ്പെട്ടു. നാൽപ്പത്തി എട്ടിലും താനൊരു യുവാവാണെന്ന തോന്നൽ അദ്ദേഹത്തിന്റെ മേലാസകലം കുളിർ കോരിയിട്ടു. ഗോതന്പിന്റെ നിറമുള്ള പാദങ്ങളിൽ പറ്റിനിൽക്കുന്ന ചുവന്ന വള്ളിച്ചെരുപ്പും നീല ചുരിദാറും മഞ്ഞയും ചെമപ്പും കലർന്ന ടോപ്പും ഒരു കുഞ്ഞു മാലാഖ ആകാശത്ത് നിന്നും ഇറങ്ങി വന്നതുപോലുണ്ടായിരുന്നു. മുഖം താഴ്ത്തിക്കൊണ്ട് ഇരുണ്ട വെളിച്ചത്തിൽ നിന്നും മുറിയിലെ കണ്ണഞ്ചിക്കുന്ന വെളിച്ചത്തിലെത്തിപ്പെട്ട പെൺകുട്ടിയുടെ മുഖത്തേക്ക് നോക്കിയ രവീന്ദ്രൻനായർ തുലാവർഷത്തിലെ ഇടിമിന്നലേറ്റവനെപ്പോലെ കട്ടിലിലേക്ക് തെറിച്ചു വീണു. രക്തസമ്മർദ്ദം കൂടി തലച്ചോറിലെ ഞരന്പുകളൊക്കെ വലിഞ്ഞു മുറുകാൻ തുടങ്ങി. ശ്വാസം നിലച്ചുപോയതുപോലെ. കൈകാലുകളൊക്കെ ചങ്ങലകളാൽ ബന്ധിക്കപ്പെട്ടപോലെ. എല്ലാ ഇന്ദ്രിയങ്ങളെയും മരവിപ്പ് ബാധിച്ചിരിക്കുന്നു. രവീന്ദ്രൻനായരുടെ കണ്ഠത്തിൽ നിന്നും അറിയാതെ ഒരലർച്ച പുറത്തേക്ക് തെറിച്ചുവീണു.

കുനിഞ്ഞ മുഖവുമായി കടന്നു വന്ന പെൺകുട്ടി ശബ്ദം കേട്ട ഭാഗത്തേക്ക് ഒന്നേ നോക്കിയുള്ളൂ. അലറിക്കരഞ്ഞുകൊണ്ട് അവൾ വാതിൽ വലിച്ചു തുറന്ന് ഒരു കൊടുങ്കാറ്റ് പോലെ പുറത്തേക്ക് കുതിച്ചു. പിറ്റേന്ന് ഇറങ്ങിയ പത്രത്തിലുണ്ടായിരുന്ന വാർത്ത വായിച്ച മലയാളി സമൂഹം ഞെട്ടിത്തരിച്ചു. പഞ്ചനക്ഷത്രഹോട്ടലിലെ സ്യൂട്ടിൽ ഒരു പിതാവും പ്രശസ്തമായ കോളജ് ഹോസ്റ്റലിലെ മുറിയിൽ മകളും ആത്മഹത്യ ചെയ്തു എന്നതായിരുന്നു വാർത്ത. മരുഭൂമിയിൽ മണ്ണിനെ നനയ്ക്കാനായി വീണ്ടും മഴപെയ്തു. ശ്രീദേവി ടീച്ചറുടെ കണ്ണിൽനിന്നും ഒരു പുഴ കവിളിലൂടെ താഴോട്ടൊഴുകി കിടക്ക മുഴുവനും നനച്ചുകൊണ്ട് തറയിലേക്കൂർന്നു.

 

You might also like

  • Lulu Exchange
  • Straight Forward

Most Viewed