യക്ഷി...
കഥ - വിനു ക്രിസ്റ്റി
യക്ഷിക്കഥകളെന്നും എനിക്ക് ഹരമായിരുന്നു. അമ്മമ്മയുടെ മടിയിൽ തലവെച്ച് ആ സുരക്ഷിതത്വത്തിൽ പൊടിപ്പും തൊങ്ങലും നിറഞ്ഞ യക്ഷിക്കഥകൾ കേൾക്കുന്നത് ഒരു അനുഭവമായിരുന്നു. അമ്മയില്ലാത്ത കുട്ടിയായിരുന്നതിനാൽ അമ്മമ്മയായിരുന്നു എനിക്ക് അമ്മയും കൂട്ടുകാരിയും. ഉദ്യേഗഭരിതമായ മുഹൂർത്തങ്ങൾ വർണ്ണിക്കുന്നതിൽ അമ്മമ്മയ്ക്ക് ഒരു പ്രത്യേക കഴിവു തന്നെയുണ്ടായിരുന്നു. കഥകൾ കേട്ട അടുത്ത ദിവസങ്ങളിൽ ഞാൻ അമ്മമ്മയുടെ അടുത്തു നിന്ന് മാറാറില്ല, തറവാട്ടിലെ ഇരുളടഞ്ഞ ഇടനാഴികളും പച്ചിലക്കാടു കയറിയ പിൻമുറ്റവും എന്നെ ഭയപ്പെടുത്തിയിരുന്നു. പതുക്കെ പതുക്കെ ആ ഭയം ആരാധനയിലേയ്ക്ക് വഴിമാറി എന്നതാണ് സത്യം. എല്ലാ യക്ഷിക്കഥകളിലെയും ആദ്യഭാഗം സുന്ദരിയായ യക്ഷിയുടെ വർണ്ണനയാണ്. പനങ്കുല പോലെ മുടികളുള്ള താമരപ്പൂ പോലെ കണ്ണുകളുള്ള ആരെയും മയക്കുന്ന യക്ഷി. ആദ്യഭാഗം എനിക്ക് നന്നേ ഇഷ്ടപ്പെട്ടിരുന്നു. പലപ്പോഴും തറവാട്ടിന്റെ ഇരുണ്ട ഭാഗത്തേയ്ക്ക് ഞാൻ കണ്ണോടിക്കും. അൽപ്പം ഭയമുണ്ടെങ്കിലും ഒരു യക്ഷി എന്റെ മുന്പിൽ പ്രത്യക്ഷപ്പെട്ടിരുന്നെങ്കിൽ എന്ന് ഞാൻ ആഗ്രഹിച്ചിരുന്നു. ആ ആഗ്രഹം അമ്മമ്മയോട് പറയുകയും ചെയ്തു. “ഇല്ല ഉണ്ണ്യേ, യക്ഷികൾ രക്തദാഹികളാണ്. അവർ നിന്റെ രക്തം ഊറ്റിക്കുടിക്കും.” അമ്മമ്മ ഭയപ്പെടുത്തിയെങ്കിലും എന്റെ മനസ് വിടുന്ന ഭാവമുണ്ടായിരുന്നില്ല.
വൈകുന്നേരങ്ങളിൽ അമ്മമ്മയ്ക്ക് അതിഥികളുണ്ടായിരുന്നു. തെക്കേടത്തെ സാവിത്രിയേട്ടത്തിയും മീനാക്ഷി വാരസ്യാരും വന്ന ഉടനെ തന്നെ, സാവിത്രിയേട്ടത്തി പരദൂഷണങ്ങളുെട കെട്ടഴിക്കും. മറ്റ് രണ്ടുപേരും തങ്ങളുടെതായ പൊടിപ്പും തൊങ്ങലും ചേർക്കും. ഞാൻ ആ സഭയിൽ ക്ഷണിക്കപ്പെടാത്ത അതിഥി ആയിരുന്നു. വാതിലിനു പുറകിൽ നിന്ന് ഞാൻ ചെവി വട്ടം പിടിക്കും. ഇതിനിടയിലാണ് യക്ഷി എന്ന പദം എന്റെ കർണ്ണപുടങ്ങളിൽ പതിഞ്ഞത്. ഞാൻ എന്റെ ചെവി കൂർപ്പിച്ചു. സാവിത്രിയേട്ടത്തിയാണ് വിഷയാവതരണം. “ആ സൗദാമിനി ഒരു യക്ഷി തന്നെയാണ്. ഭർത്താവ് മരിച്ചിട്ടും, എന്താ അവളുെട ഭാവം? ആണുങ്ങളെ മയക്കുന്ന യക്ഷി.” എന്റെ ഉള്ളിൽ ഒരു പെരുന്പറ കൊട്ടി. ഞാൻ ആദ്യമായി ഒരു യക്ഷിയെ കണ്ടെത്തിയിരിക്കുന്നു.... സൗദാമിനി ആരെന്നായി പിന്നെ അന്വേഷണം. അന്പലത്തിന്റെ ചുറ്റുമതിലിനപ്പുറമിരുന്ന് പെൺകൂട്ടം സൊറ പറയുന്ന സമയത്ത് അവൻ അമ്മമ്മയോട് ചോദിച്ചു. “അമ്മമ്മെ ആരാ ഈ സൗദാമിനി....” “എന്താ ഉണ്ണ്യേ...?” “പറ അമ്മമ്മേ...” അമ്മമ്മ തെക്കേപ്പുറത്തേക്ക് വിരൽ ചൂണ്ടി. “ആ മഞ്ഞക്കസവണിഞ്ഞ സാരി ഉടുത്ത പെണ്ണിനെ കണ്ടോ, ഉണ്ണ്യേ, അവളാണ് സൗദാമിനി...” എന്റെ കണ്ണുകൾ പെട്ടെന്ന് തെക്കെപ്പുറത്തേക്ക് നീങ്ങി. അമ്മമ്മ പറഞ്ഞത് ശരി തന്നെ. ഒരു സൗന്ദര്യധാമം. പനങ്കുല പോലെ മുടി, വിടർന്ന കണ്ണുകൾ ആരെയും മയക്കും. ശരിക്കും യക്ഷി തന്നെ. ഞാൻ അവരെ ആരാധനയോടെ നേക്കി. പെട്ടെന്ന് അവർ എന്നെ നോക്കി. ഞാൻ ഭയപ്പെട്ടു. കണ്ണുകൾ താഴ്ത്തി കുന്പിട്ടിരുന്നു. ഒരൽപ്പനേരം കഴിഞ്ഞ് അവർ പോയോ എന്നു നോക്കി. അവിടെ അവരെ കാണുന്നില്ല. നഷ്ടബോധം തോന്നി. ഒന്നു കൂടെ നോക്കാമായിരുന്നു. പക്ഷേ ആ രൂപം എന്റെ മനസിൽ ആഴത്തിൽ പതിഞ്ഞു എന്നതാണ് സത്യം. പിന്നീട് സ്വപ്നത്തിൽ കണ്ട യക്ഷിക്കഥകളിലെല്ലാം സൗദാമിനിയുടെ രൂപമായിരുന്നു. അവരെ എപ്പോഴും കാണണമെന്ന് മനസ് വാശി പിടിച്ചു. അന്പലത്തിലെ ചുറ്റുമതിലിനപ്പുറത്തെ പെൺകൂട്ടായ്മയിൽ എല്ലാം ഞാൻ ആ മുഖം തിരഞ്ഞു.
“സൗദാമിനി എവിടെ അമ്മമ്മെ?....” “എന്താ ഉണ്ണ്യേ? സൗദാമിനി ഇനി വരില്ല.. കഴിഞ്ഞ വാരം കുളിക്കടവിൽ തലയടിച്ച് തെറ്റി വീണു മരിച്ചു.” ഉള്ളിൽ ഒരു വിഷമം തോന്നി. സൗദാമിനിയെ ഇനി കാണാൻ കഴിയില്ലെ? എന്റെ മനസ് ചോദിച്ചു. മനസ് തന്നെ പ്രതിവിധിയും കണ്ടുപിടിച്ചു. എന്റെ സ്വപ്നങ്ങളിലെ സൗദാമിനിക്ക് മരണം ഉണ്ടായിരുന്നില്ല... പഠിത്തം കഴിഞ്ഞ് ഉദ്യോഗ സന്പാദനത്തിന്റെ നാളുകൾ. ഇപ്പോൾ ബഹ്റിനിൽ അച്ഛന്റെ കൂടെ സുഖതാമസം. ഒരു നല്ല കന്പനിയിലെ ജോലി അച്ഛൻ തന്നെ ശരിയാക്കി തന്നു. “സൗദാമിനി ഇപ്പോഴും മനസിൽ പച്ചപിടിച്ചു നിൽപ്പുണ്ട്..... ബസ് സ്റ്റോപ്പിൽ വെച്ചാണ് ആ മുഖം ഞാൻ കാണുന്നത്. സ്വപ്നത്തിലെ സൗദാമിനിയുടെ അതേമുഖം. വേഷത്തിൽ മാത്രം മാറ്റം. സാരിക്ക് പകരം ചുരിദാർ വേഷം. പ്രസരിപ്പുള്ള മുഖം. മനസിൽ ഒരു പെരുന്പറ കൊട്ടി. എന്റെ സൗദാമിനി ഇതുതന്നെയാണോ? എന്റെ ഓഫീസിന് തൊട്ടു മുന്പിലുള്ള സ്റ്റോപ്പിൽ അവൾ ഇറങ്ങി. അവിടെ ഏതോ ഒരു സ്ഥാപനത്തിൽ ജോലി ചെയ്യുന്നതാകണം. പിന്നീടുള്ള ദിവസങ്ങൾ നിറമുള്ളതായി. അവളുടെ തൊട്ടടുത്ത സീറ്റിൽ ഞാൻ ഇരുപ്പുറപ്പിക്കും. അവളെ ഞാനെപ്പോഴും കണ്ണു വെട്ടാതെ നോക്കി ഇരിക്കും. പതിയെ പതിയെ ഞാൻ നോക്കുന്നത് അവൾ കണ്ടുപിടിച്ചു. അവൾ എന്നെ നോക്കി. ആ പഴയ പത്തുവയസുകാരൻ കണ്ണുകൾ താഴ്ത്തി തല കുന്പിട്ടിരുന്നു. കുറച്ചു കഴിഞ്ഞപ്പോൾ കണ്ണുകളുയർത്തി അവളെ നോക്കി. അവളുടെ മുഖഭാവം അത്ര പന്തിയല്ല. രണ്ടുപേരും ഒരേ ബസ് സ്റ്റോപ്പിൽ ഇറങ്ങി. ഒന്ന് നിൽക്കൂ.. അവൾ പറഞ്ഞു. മനസിൽ ഒരായിരം പെരുന്പറകൾ കൊട്ടി. ചുറ്റുമൊന്ന് കണ്ണോടിച്ചു. അസ്തമന സൂര്യൻ സാക്ഷിയായുണ്ട്. “നിങ്ങൾക്കെന്താണ് വേണ്ടത്?” “അതു പിന്നെ....” വാക്കുകൾ തൊണ്ടയിൽ കുരുങ്ങിയതുപോലെ. സർവ്വധൈര്യമെടുത്ത് പറഞ്ഞൊപ്പിച്ചു. “എനിക്ക് നിങ്ങളെ ഇഷ്ടമാണ്.....”. “സീ.... മിസ്റ്റർ നിങ്ങൾ എന്നോടിങ്ങനെ സംസാരിക്കാൻ പാടില്ല. ഞാൻ വിവാഹിതയാണ്. കൂടാതെ രണ്ട് കുട്ടികളുടെ അമ്മയും. പ്ലീസ്... എന്നെ ദയവായി ഉപദ്രവിക്കരുത്.” അവൾ നടന്നകന്നു. കാലുകൾ തളരുന്നതുപോലെ... ഭൂമി കറങ്ങുന്നതുപോലെ... തൊട്ടടുത്തു കണ്ട ചാരുബെഞ്ചിൽ അയാൾ ഇരുന്നു. ഹൃദയത്തിൽ സാന്മാർഗ്ഗിക, അസാന്മനാർഗ്ഗികതയുടെ നനുത്ത നിയന്ത്രണരേഖയിൽ വേലിയേറ്റ വേലിയിറക്കങ്ങൾ.. മനസിന്റെ ഒരു കോണിൽ നിന്ന് അമ്മ മന്ത്രിക്കുന്നുണ്ടായിരുന്നു. “യക്ഷികൾ രക്തദാഹികളാണ്. അവർ നിന്റെ ചോര ഊറ്റിക്കുടിക്കും.”

