പ്രാവ് ജയിലില്‍ തുടരുന്നു : പാക് ബന്ധങ്ങള്‍ ഉണ്ടെന്ന് നിഗമനം


ഡൽഹി: ഉറി ആക്രമണത്തിന് പിന്നാലെ ബിഎസ്എഫ് ദുരൂഹസാഹചര്യങ്ങളില്‍ കണ്ടെത്തിയ,’പാക് ബന്ധങ്ങള്‍’ ഉണ്ടെന്നു കരുതപ്പെടുന്ന പ്രാവ്, ബാമിയല്‍ പോലീസ് കസ്റ്റഡിയില്‍ തുടരുന്നു.ഒക്ടോബര്‍ ഒന്നിന് പഠാൻകോട്ടില്‍ നിന്നാണ് ബിഎസ്എഫ് ഉദ്യോഗസ്ഥര്‍ പ്രാവിനെ കണ്ടെത്തിയത്. തുടര്‍ന്ന്, ബാമിയല്‍ പോലീസിന് പ്രാവിനെ കൈമാറി.

”മോദിജി, 1971ലെ ഞങ്ങളല്ല ഇപ്പോള്‍: ജെയ്‌ഷേ മുഹമ്മദ്‌”- ഉര്‍ദുവില്‍ ഇങ്ങനെയൊരു സന്ദേശം പ്രാവിന്റെ കാലില്‍ നിന്നും കണ്ടെത്തിയിരുന്നു. സന്ദേശത്തിന് പിന്നില്‍ പാക്കിസ്ഥാനിലെ തീവ്രവാദി സംഘടനകളാണെന്ന സംശയമാണ് പ്രാവിനെ ‘കസ്റ്റഡി’യില്‍ എടുക്കാന്‍ കാരണം. അന്നുമുതല്‍ പ്രാവിന്റെ ശരീരം സ്കാന്‍ ചെയ്ത് സിം കാര്‍ഡോ മറ്റ് വസ്തുക്കളോ ശരീരത്തില്‍ ഒളിപ്പിച്ചിട്ടുണ്ടോ എന്ന് കണ്ടെത്താനുള്ള ശ്രമത്തിലാണ് പോലീസ്. സര്‍ക്കാര്‍ തലത്തില്‍ നിന്നും നിര്‍ദ്ദേശങ്ങള്‍ ഒന്നും തന്നെ ലഭിക്കാത്തതിനെത്തുടര്‍ന്ന്, പോലീസ് ഉദ്യോഗസ്ഥര്‍ സ്വന്തം പോക്കറ്റില്‍ നിന്നും 300 രൂപ നല്‍കി കൂട് വാങ്ങി അതിലാണ് പ്രാവിനെ സൂക്ഷിച്ചിരിക്കുന്നത്.

അന്വേഷണം പൂര്‍ത്തിയാകും വരെ പ്രാവിനെ ജയിലില്‍ സൂക്ഷിക്കുമെന്നാണ് ബാമിയല്‍ പോലീസില്‍ നിന്നും ലഭിക്കുന്ന വിവരം. അതിര്‍ത്തിമേഖലയില്‍ നിന്നും സംശയാസ്പദമായ സാഹചര്യങ്ങളില്‍ പക്ഷികളെ ഇതിനുമുന്‍പും കണ്ടെത്തിയിട്ടുണ്ട് എന്നാണ് അവര്‍ പറയുന്നത്. പ്രാവിനെ ഇനിഎന്ത് ചെയ്യും എന്നതിനെക്കുറിച്ച് തീരുമാനമൊന്നുമായിട്ടില്ലെന്നും മാധ്യമങ്ങളുടെ ചോദ്യങ്ങള്‍ക്ക് മറുപടി നല്‍കാനാകാതെ കുഴയുകയാണ് തങ്ങളെന്നും പഠാൻകോട്ട് റൂറല്‍ ഡിഎസ്പി കുല്‍ദീപ് സിങ് വ്യക്തമാക്കി.

You might also like

  • Lulu Exchange
  • Straight Forward

Most Viewed