ബോളിവുഡ് ലഹരിക്കടിമയോ? റിയയുടെ മൊഴിയിൽ വെട്ടിലായി പ്രമുഖ താരങ്ങൾ

മുംബൈ∙ സുശാന്ത് സിങ് രാജ്പുത്തിന്റെ മരണവുമായി ബന്ധപ്പെട്ടു റിയ ചക്രവര്‍ത്തിക്കെതിരെ ലഹരിക്കേസില്‍ നടക്കുന്ന അന്വേഷണം ബോളിവുഡിന്റെ ഉറക്കം കെടുത്തുന്നു. ബോളിവുഡിലെ 80 ശതമാനം താരങ്ങളും ലഹരിമരുന്ന് ഉപയോഗിക്കുന്നുണ്ടെന്നാണ് റിയ എന്‍സിബിയോട് പറഞ്ഞിരിക്കുന്നത്. ഈ മൊഴിയുടെ അടിസ്ഥാനത്തില്‍ എന്‍സിബി 25 പ്രമുഖ താരങ്ങളെ അടുത്തുതന്നെ ചോദ്യം ചെയ്യലിനായി വിളിപ്പിക്കും.
ലഹരിമരുന്ന് ഉപയോഗവുമായി ബന്ധപ്പെട്ടു റിയയില്‍ നിന്നു പുറത്തുവരുന്ന പേരുകൾ ഞെട്ടിപ്പിക്കുന്നവയാണ്. സാറ അലി ഖാന്‍, രാകുല്‍ പ്രീത് സിങ്, ഡിസൈനര്‍ സിമോണ്‍ കംബട്ട, സുശാന്തിന്റെ സുഹൃത്തും മുന്‍ മാനേജറുമായ രോഹിണി അയ്യര്‍, സംവിധായകന്‍ മുകേഷ് ഛബ്ര എന്നിവര്‍ ലഹരിമരുന്ന് ഉപയോഗിച്ചിരുന്നതായി കഴിഞ്ഞ ദിവസത്തെ ചോദ്യം ചെയ്യലില്‍ റിയ വെളിപ്പെടുത്തിയെന്നാണു റിപ്പോര്‍ട്ട്. പതിനഞ്ചോളം പേരുടെ വിവരങ്ങളാണ് റിയ നല്‍കിയിരിക്കുന്നത്. ഇവര്‍ ഇപ്പോള്‍ നര്‍ക്കോട്ടിക്‌സ് കണ്‍ട്രോള്‍ ബ്യൂറോയുടെ നിരീക്ഷണത്തിലാണ്.
റിയ ചക്രവര്‍ത്തിയുടെ വാട്‌സാപ്പ് ചാറ്റുകള്‍ പുറത്തുവന്നതോടെയാണു സുശാന്ത് സിങ്ങിന്റെ മരണവും ലഹരിഉപയോഗവുമായുള്ള ബന്ധം അന്വേഷണത്തിന്റെ പരിധിയില്‍ എത്തിയത്. തുടര്‍ന്ന് റിയയും സഹോദരന്‍ ഷോവിക്കും അറസ്റ്റിലായി. പ്രത്യേക കോടതി ഇവരുടെ ജാമ്യാപേക്ഷ തള്ളുകയും ചെയ്തിരുന്നു. ജൂണ്‍ 14നാണ് മുംബൈയിലെ വസതിയില്‍ സുശാന്തിനെ മരിച്ച നിലയില്‍ കണ്ടെത്തിയത്. ഇപ്പോള്‍ സിബിഐയാണ് മരണവുമായി ബന്ധപ്പെട്ട കേസ് അന്വേഷിക്കുന്നത്.