പ്രതിഫലത്തുക കൂട്ടി സാമന്ത
ഹൈദരാബാദ്: തെന്നിന്ത്യൻ താരം സാമന്ത അക്കിനേനി തന്റെ പ്രതിഫലത്തുക ഉയർത്തിയതാണ് പുതിയ വാർത്ത. അഭിനയപ്രാധാന്യമുള്ളതും പുതിയ ആശയങ്ങളുമുള്ള സിനിമകളാണ് സാമന്ത ഇപ്പോൾ തിരഞ്ഞെടുക്കുന്നത്. സാമന്തയുടെ ഏറ്റവും പുതിയ ചിത്രമായ ഓ ബേബി അഞ്ചിനാണ് തീയേറ്ററിലെത്തിയത്. മികച്ച പ്രതികരണങ്ങളാണ് ചിത്രത്തിന് ലഭിച്ചുകൊണ്ടിരിക്കുന്നത്. സിനിമയിലെ സാമന്തയുടെ പ്രകടനവും ഏറെ പ്രശംസ നേടുന്നു. അതിനൊപ്പം ചിത്രത്തിന് വേണ്ടി സാമന്ത ആവശ്യപ്പെട്ട പ്രതിഫലവും വാർത്താപ്രാധാന്യം നേടുകയാണ്. അഡ്വാൻസ് തുക വാങ്ങിയാണത്രേ സാമന്ത സിനിമ കരാർ ചെയ്തത്. ബാക്കിതുക സിനിമയ്ക്ക് ലഭിക്കുന്ന ലാഭത്തിനനുസരിച്ചാണതത്രേ തീരുമാനിക്കുന്നത്.
ഷെയറും, സാറ്റലൈറ്റ് തുകയും തിയേറ്റർ കളക്‌ഷനുമൊക്കെ തീരുമാനിച്ചതിന് ശേഷം രണ്ടു കോടിയിൽ കുറയാത്ത തുക സാമന്തയ്ക്ക് കിട്ടുമെന്നാണ് കണക്കുകൂട്ടലുകൾ. സാമന്തയുടെ കരിയറിലെ തന്നെ ഏറ്റവും ഉയർന്ന പ്രതിഫലമാണിത്. പതിനെട്ട് കോടി രൂപയ്ക്കാണ് ഓ ബേബി നിർമ്മിച്ചിരിക്കുന്നത്. ആറു കോടിയോളം ചിത്രത്തിന്‍റെ അണിയറപ്രവർത്തകർക്കും മറ്റ് അഭിനേതാക്കൾക്കും പ്രതിഫലം കൊടുക്കാൻ മാത്രമേ തികഞ്ഞുള്ളൂ എന്നാണ് റിപ്പോർട്ടുകൾ.

