മാരുതി ടാറ്റ ഹോണ്ട മഹീന്ദ്ര തുടങ്ങിയ കന്പനികൾ ഉൽപ്പാദനം നിർത്തിവെച്ചു
ന്യൂഡൽഹി: വിൽപ്പന കുറവായതിനെ തുടർന്ന് പ്രമുഖ വാഹന നിർമ്മാതാക്കൾ ഉൽപ്പാദനം താൽക്കാലികമായിനിർത്തിവെച്ചു. ടാറ്റാ മോട്ടോഴ്സിന്‍റെ സനന്ദ് പ്ലാന്‍റ് മേയ് 27 മുതൽ ജൂൺ മൂന്നു വരെയും ഹോണ്ട കാർസ് ഇന്ത്യ ഈ മാസം അഞ്ചു മുതൽ എട്ടു വരെയും ഉത്പാദനം നിർത്തിവച്ചു. റെനോ സിസാനും സ്കോഡ ഓട്ടോയും അടുത്ത റൗണ്ട് അടച്ചിടലിന് തയാറെടുക്കുകയാണ്. ഈ മാസം നാലു മുതൽ പത്തു ദിവസം വരെയെങ്കിലും ഉൽപ്പാദനം നിർത്തിയേക്കും. പ്ലാന്‍റുകൾ അടച്ചിടുന്നതിലൂടെ മേയ്-ജൂൺ മാസങ്ങളിൽ ഉൽപ്പാദനത്തിൽ 20-25 ശതമാനം കുറവ് വരുത്തും. വിൽക്കാതെ കെട്ടിക്കിടക്കുന്ന വാഹനങ്ങൾക്കും ജിഎസ്ടി അടയ്ക്കേണ്ടി വരുന്നതിനാൽ ഇത് ഡീലർഷിപ്പുകൾക്കും ആശ്വാസമാകും.
അതേസമയം, കയറ്റുമതി വർദ്ധിപ്പിച്ച് ഹ്യുണ്ടായ് മോട്ടോർസ് പ്രതിസന്ധി തരണം ചെയ്തിട്ടുണ്ട്. മേയിൽ കന്പനിയുടെ ആഭ്യന്തര വില്പന 5.6 ശതമാനം കുറഞ്ഞ് 42,502 എണ്ണമായെങ്കിലും കയറ്റുമതി 50.8 ശതമാനം വർദ്ധിപ്പിച്ച് 11,008ൽനിന്ന് 16,600 ആക്കി ഉയർത്തിയിരുന്നു.

