ഉമ്മറിനെതിരെയും വിമർശനം; നിർണായക വെളിപ്പെടുത്തലുമായി കെ.പി.എ.സി ലളിത

തിരുവനന്തപുരം : സിനിമാ മേഖലയിൽ നിന്നും തനിക്ക് നേരെ നടന്ന അതിക്രമങ്ങളുടെ നിർണായക വെളിപ്പെടുത്തലുകളുമായി നടി കെ.പി.എ.സി ലളിത. ഒരു കാലത്ത് മലയാള സിനിമയുടെ ഹാസ്യ സാമ്രാട്ടായി നിറഞ്ഞു നിന്നിരുന്ന അടൂർ ഭാസിയിൽ നിന്ന് തനിക്ക് മോശം അനുഭവം നേരിടേണ്ടി വന്നിട്ടുണ്ടെന്നും ഭാസി ചേട്ടന്റെ താൽപ്പര്യങ്ങൾക്ക് വഴങ്ങാത്തത് കൊണ്ട് പല ചിത്രങ്ങളിൽ നിന്നും തന്നെ മാറ്റി നിർത്തിയതായും നടി ഒരു പ്രമുഖ ചാനലിന് നൽകിയ അഭിമുഖത്തിൽ വെളിപ്പെടുത്തി. അന്ന് നിലവിലുണ്ടായിരുന്ന സിനിമാ സംഘടനായായ ചലച്ചിത്ര പരിഷത്തിൽ പരാതി നൽകിയിരുന്നെങ്കിലും സംഘടനയുടെ അദ്ധ്യക്ഷനായിരുന്ന നടൻ ഉമ്മർ തന്നെ ശകാരിച്ചുവെന്നും ലളിത പറഞ്ഞു.
“ഞാൻ ഒരിക്കലും ഓർക്കാൻ ഇഷ്ടപ്പെടാത്ത അനുഭവങ്ങളാണ് ഭാസിച്ചേട്ടനിൽ നിന്ന് നേരിടേണ്ടി വന്നത്. ഒരിക്കൽ വീട്ടിൽ കയറി വന്ന് ഭാസി ചേട്ടൻ മദ്യപിക്കാൻ തുടങ്ങി. ഞാനും ജോലിക്കാരിയും എന്റെ സഹോദരനും അന്നേരം വീട്ടിൽ ഉണ്ടായിരുന്നു. അന്ന് അയാളവിടെ ഇരുന്നു മദ്യപിച്ചു. പിന്നീട് അവിടെ ഛർദ്ദിക്കുകയും ചെയ്തു. രാത്രി മുഴുവനും അവിടെയിരുന്ന് തെറി വിളിച്ച് കൊണ്ടിരിക്കുകയായിരുന്നു. പുലർച്ചെയായിട്ടും അയാൾ പോകാതായതോടെ ഞങ്ങൾ ബഹദൂറിക്കയുടെ (നടൻ ബഹദൂർ) വീട്ടിൽ ചെന്നു. അദ്ദേഹമാണ് ഭാസിച്ചേട്ടനെ കൂട്ടിക്കൊണ്ടു പോയത്. എന്നാൽ വീണ്ടും ശല്യം ചെയ്യുന്നത് തുടർന്നു. ഭാസി അണ്ണന് വഴങ്ങാത്തതിന്റെ പേരിൽ എനിക്ക് പല സിനിമകളിൽ നിന്നും അവസരം നഷ്ടപ്പെട്ടിട്ടുണ്ട്.
അന്ന് അടൂർ ഭാസി സിനിമാ ലോകം അടക്കി വാണിരുന്ന കാലമാണ്. നസീർ സാറിനേക്കാൾ സിനിമാമേഖലയിൽ ശക്തനും പ്രാപ്തനും ഭാസിയായിരുന്നു. അതുകൊണ്ട് തന്നെ അദ്ദേഹത്തെ ആരും ചോദ്യം ചെയ്തില്ല. എന്നാൽ ഞാൻ പരാതിയുമായി സിനിമാ സംഘടനയായ സിനിമാ പരിഷത്തിനെ സമീപിച്ചു. ‘നിനക്കിതിന്റെ വല്ല ആവ്യശ്യവുമുണ്ടോ അങ്ങേര്‍ ഇവിടെ വാഴുന്നോരാണ്, നീയാര്’ എന്ന് ചോദിച്ച് എന്നെ സംഘടനയുടെ അദ്ധ്യക്ഷനായ ഉമ്മർ ഭീഷണിപ്പെടുത്തുകയായിരുന്നു. സഹിക്കാൻ പറ്റാത്ത സാഹചര്യത്തിലാണ് പരാതി നൽകിയത്. അതിന്റെ അടിസ്ഥാനത്തിൽ നടപടിയെടുക്കാൻ സാധിക്കുമോയെന്ന് ഉമ്മറിനോട് ഞാൻ ചോദിച്ചിരുന്നു. പക്ഷേ അയാൾ നടപടിയെടുക്കാൻ തയ്യാറായില്ല. ‘നട്ടെല്ലില്ലാത്തവർ ഇവിടെ കേറി ഇരുന്നാൽ ഇങ്ങിനെയൊക്കെ നടക്കും എന്നാലാവുന്നത് ഞാൻ ചെയ്‌തോളാം’ എന്ന് പറഞ്ഞാണ് ഞാൻ അവിടെ നിന്ന് ഇറങ്ങിപ്പോയത്.” നടി വ്യക്തമാക്കി.