നടന്‍ മഹേഷ് ബാബു കുരുക്കില്‍; ഇഡിക്ക് പിന്നാലെ നോട്ടീസ് അയച്ച് കമ്മീഷന്‍


ശാരിക

ഹൈദരാബാദ്: സൂപ്പര്‍ താരം മഹേഷ് ബാബുവിന് തിരിച്ചടി. റിയല്‍ എസ്റ്റേറ്റ് തട്ടിപ്പ് കേസില്‍ അദ്ദേഹത്തിന് ഉപഭോക്തൃ കമ്മീഷന്‍ നോട്ടീസ് അയച്ചു. മഹേഷ് ബാബു പരസ്യം ചെയ്ത റിയല്‍ എസ്റ്റേറ്റ് കമ്പനിക്കെതിരെ ഒരു ഡോക്ടര്‍ നല്‍കിയ പരാതിയിലാണ് നടപടി. രംഗറെഡ്ഡി ജില്ല ഉപഭോക്തൃ കമ്മീഷനാണ് കേസ് പരിഗണിക്കുന്നത്. ഈ കേസില്‍ കമ്മീഷന്‍ നോട്ടീസ് അയക്കുകയും ഹാജരാകാന്‍ ആവശ്യപ്പെടുകയും ചെയ്തു. ഹൈദരാബാദിലെ പ്രമുഖ വനിതാ ഡോക്ടറും മറ്റൊരാളും ചേര്‍ന്ന് 'സായി സൂര്യ ഡെവലപ്പേഴ്‌സ്' എന്ന റിയല്‍ എസ്റ്റേറ്റ് കമ്പനിക്കെതിരെ ഉപഭോക്തൃ കമ്മീഷനില്‍ പരാതി നല്‍കിയിരുന്നു.

ബാലാപൂര്‍ ഗ്രാമത്തില്‍ കമ്പനി ആരംഭിച്ച സംരംഭത്തില്‍ ഓരോ പ്ലോട്ടും വാങ്ങുന്നതിന് 34.80 ലക്ഷം രൂപ വീതം നല്‍കിയതായി അവര്‍ പരാതിയില്‍ പറയുന്നു. മഹേഷ് ബാബു ആയിരുന്നു പ്രൊജക്ടിന്റെ പ്രൊമോട്ടര്‍ എന്നും അദ്ദേഹത്തിന്റെ ഫോട്ടോയുള്ള ബ്രോഷര്‍ കണ്ടാണ് പണം മുടക്കിയതെന്നും പരാതിക്കാര്‍ ചൂണ്ടിക്കാട്ടി. ആകര്‍ഷകമായ വാഗ്ദാനങ്ങള്‍ കണ്ട് എല്ലാ അനുമതികളും ഉണ്ടെന്ന ഉറപ്പില്‍ പണം നല്‍കി. പിന്നീട് അവിടെ കമ്പനിക്ക് സ്ഥലമില്ലെന്ന് മനസ്സിലാക്കിയെന്നും തങ്ങള്‍ വഞ്ചിക്കപ്പെട്ടുവെന്ന് തിരിച്ചറിഞ്ഞെന്നും അവര്‍ പറയുന്നു.

പണം തിരികെ നല്‍കണമെന്ന് ആവശ്യപ്പെട്ട് കമ്പനി ഉടമ കഞ്ചര്‍ല സതീഷ് ചന്ദ്രഗുപ്തയെ പരാതിക്കാര്‍ സമീപിച്ചിരുന്നു. അദ്ദേഹം ഗഡുക്കളായി 15 ലക്ഷം രൂപ മാത്രമാണ് നല്‍കിയത്. ബാക്കി പണത്തിന് നിര്‍ബന്ധിച്ചപ്പോള്‍ ഉടമ ഒഴിഞ്ഞുമാറിയെന്നും അതിനാലാണ് കമ്മീഷനെ സമീപിച്ചതെന്നും പരാതിയില്‍ പറയുന്നു. ഈ കേസില്‍ കമ്പനിയെ ഒന്നാം പ്രതിയും ഉടമ കഞ്ചര്‍ല സതീഷ് ചന്ദ്രഗുപ്തയെ രണ്ടാം പ്രതിയും കമ്പനിയുടെ പരസ്യം ചെയ്ത മഹേഷ് ബാബുവിനെ മൂന്നാം പ്രതിയുമാക്കി കേസ് ഫയല്‍ ചെയ്തിരിക്കുന്നത്.

മഹേഷ് ബാബുവിന്റെ ഫോട്ടോ ഉപയോഗിച്ച് ആകര്‍ഷകമായ വാഗ്ദാനങ്ങള്‍ നല്‍കി ആളുകളെ തെറ്റിദ്ധരിപ്പിച്ചുവെന്ന് പരാതിക്കാര്‍ ആരോപിക്കുന്നു. പ്രൊമോട്ടറായ വ്യക്തിക്ക് ധാര്‍മികമായും നിയമപരമായും ഉത്തരവാദിത്തമുണ്ടെന്ന് അവര്‍ വാദിച്ചു. ഇതേ സംഭവത്തില്‍ മാസങ്ങള്‍ക്ക് മുമ്പ് മഹേഷ് ബാബുവിന് ഇടി നോട്ടീസ് അയച്ചിരുന്നു. കമ്പനി 5.9 കോടി രൂപയാണ് നടന് പ്രതിഫലമായി നല്‍കിയത്. ഇതില്‍ രണ്ടര കോടി പണമായിട്ടാണ് നല്‍കിയത്.

ഇത് വിനിമയ ചട്ടത്തിന്റെ ലംഘനമാണ്. കള്ളപ്പണം വെളുപ്പിക്കുക എന്ന ലക്ഷ്യത്തോടെയാണ് ഈ നീക്കം എന്ന് ഇഡി സംശയിക്കുന്നു. തുടര്‍ന്നാണ് ചോദ്യം ചെയ്യലിന് ഹാജരാകാന്‍ നോട്ടീസ് നല്‍കിയത്.

മഹേഷ് ബാബുവും സംവിധായകന്‍ രാജമൗലിയും ഒന്നിക്കുന്ന ഒരു സിനിമ അണിയറയില്‍ ഒരുങ്ങുന്നുണ്ട്. ഈ സിനിമയെക്കുറിച്ച് ഔദ്യോഗികമായി ഒരു വിവരവും പുറത്തുവിട്ടിട്ടില്ലെങ്കിലും ചിത്രീകരണം ആരംഭിച്ചിട്ടുണ്ട്. ഈ സിനിമയില്‍ പൃഥ്വിരാജ് സുകുമാരനും പ്രിയങ്ക ചോപ്രയും അഭിനയിക്കുന്നുണ്ട്. SSMB29 എന്ന താല്‍ക്കാലിക പേരില്‍ സിനിമയുടെ ഷൂട്ടിംഗ് പുരോഗമിക്കുകയാണ്.

article-image

sdrsg

You might also like

  • Lulu Exchange
  • Straight Forward

Most Viewed