ട്വിറ്റർ 4,300 കോടി ഡോളറിന് വാങ്ങാൻ തയ്യാറാണെന്ന് ഇലോൺ മസ്‌ക്

സോഷ്യൽ മീഡിയ പ്ലാറ്റ്ഫോമായ ട്വിറ്റർ 4,300 കോടി ഡോളർ വിലയ്ക്ക് വാങ്ങാൻ തയ്യാറാണെന്ന് ശതകോടീശ്വരൻ ഇലോൺ മസ്‌ക്. ഓഹരി ഒന്നിന് 54.20 ഡോളറാണ് മസ്‌കിന്റെ വാഗ്ദാനം. ട്വിറ്റർ ബോർഡ് ചെയർമാൻ ബ്രെറ്റ് ടെയ്‌ലറിന് ഇത് സംബന്ധിച്ച് മസ്‌ക് കത്തയച്ചു.
തന്റെ ഓഫർ ഏറ്റവും മികച്ചതും അവസാനത്തേതുമാണെന്നും അത് സ്വീകരിച്ചില്ലെങ്കിൽ ഓഹരിയുടമ എന്ന തന്റെ സ്ഥാനം പുനഃപരിശോധിക്കേണ്ടി വരുമെന്നും മസ്‌ക് കത്തിൽ സൂചിപ്പിക്കുന്നു. ട്വിറ്ററിന്റെ സേവനം തൃപ്തികരമല്ലെന്നും മികച്ച സ്വകാര്യ സ്ഥാപനമായി വളർത്തേണ്ടതുണ്ടെന്നും മസ്‌ക് പറയുന്നു.
മസ്കിന്റെ ഓഫർ ശ്രദ്ധാപൂർവം അവലോകനം ചെയ്യുമെന്നും കമ്പനിയുടെയും ഓഹരിയുടമകളുടെയും താത്പര്യത്തിന് അനുസൃതമായാകും തീരുമാനമെന്നും ട്വിറ്റർ ബോർഡ് അറിയിച്ചു.
നേരത്തെ ട്വിറ്ററിന്റെ 9.2 ശതമാനം ഓഹരി മസ്‌ക് സ്വന്തമാക്കിയിരുന്നു. പിന്നാലെ, ട്വിറ്ററിന്റെ ഓഹരിവില 27 ശതമാനം ഉയർന്നിരുന്നു. അതേസമയം, യു.എസിലെ വിപണി നിയമങ്ങൾ ലംഘിച്ചാണ് മസ്‌ക് ഓഹരികൾ സ്വന്തമാക്കിയതെന്ന് ആരോപണമുണ്ട്. ഓഹരി സ്വന്തമാക്കിയ ശേഷം ട്വിറ്ററിൽ എഡിറ്റ് ബട്ടൺ അടക്കം ഏതാനും പരിഷ്‌കാരങ്ങൾ നടപ്പാക്കാനുള്ള ആശയങ്ങൾ മസ്‌ക് നിർദ്ദേശിച്ചിരുന്നു.