വർഷങ്ങൾക്കു ശേഷം സൗദിയിലേക്കുള്ള ഏലം കയറ്റുമതി പുനരാരംഭിക്കും
കട്ടപ്പന: ഗുണമേന്മ നിയന്ത്രണത്തിന്റെ പേരിൽ അടഞ്ഞുകിടന്ന സൗദി മാർക്കറ്റ് ഇന്ത്യൻ ഏലത്തിനായി തുറക്കും. ഇതുസംബന്ധിച്ചു സ്പൈസസ് ബോർഡ് സെക്രട്ടറി ഡി. സത്യന്റെ നേതൃത്വത്തിൽ സൗദി ഫുഡ് ആൻഡ് ഡ്രഗ് അഡ്മിനിസ്ട്രേഷനുമായി നടത്തിയ ചർച്ചയിൽ ധാരണയായി. റിയാദിലെ ഇൻഡ്യൻ എംബസിയുമായി ചേർന്നുനടത്തിയ ചർച്ചയിൽ ഗുണമേന്മ മാനദണ്ഡങ്ങൾ ഐക്യരാഷ്ട്രസഭയുടെ മാനദണ്ഡങ്ങൾക്കൊപ്പമാക്കാൻ തീരുമാനിച്ചു. ഇന്ത്യൻ ഏലം കയറ്റുമതിയുടെ 50 ശതമാനവും സൗദി അറേബ്യയിലേക്കായിരുന്നു. ഇത് ഏതാനും വർഷങ്ങളായി തടഞ്ഞിരിക്കുകയാണ്. ഇന്ത്യൻ ഏലത്തിൽ ഇവരുടെ പെസ്റ്റിസൈഡ് മാനദണ്ഡങ്ങളിൽ കൂടുതലളവിൽ കീടനാശിനികളുടെ അളവു കണ്ടെത്തിയതിനെത്തുടർന്നാണ് ഇവർ ഇറക്കുമതി തടഞ്ഞത്. റംസാൻ സീസണിൽ കൂടുതൽ കയറ്റുമതി പ്രതീക്ഷിക്കുന്നതായി സ്പൈസസ് ബോർഡ് സെക്രട്ടറി അറിയിച്ചു. കൊച്ചി, മുംബൈ എന്നിവിടങ്ങളിലെ ലാബുകളിൽ പരിശോധിച്ച് ആറു കീടനാശിനികളുടെ സാന്നിധ്യം അനുവദനീയമായ അളവിലാണെങ്കിൽ മാത്രമേ കയറ്റുമതി അനുവദിക്കൂ. മുന്‍പ് 120 രാസവസ്തുക്കളുടെ സാന്നിധ്യമാണ് പരിശോധിച്ചിരുന്നത്. പരിശോധനയെക്കുറിച്ചുള്ള കൂടുതൽ വിവരങ്ങൾ www.indianspices.com ൽ ലഭ്യമാണ്.
കോവിഡ് -19 ന്റെ പശ്ചാത്തലത്തിൽ ഇ- ലേലങ്ങൾ പ്രതിസന്ധിയിലായ സാഹചര്യത്തിൽ ഓണ്‍ലൈൻ ലേലം ആരംഭിക്കുന്നതും ആലോചനയിലുണ്ട്. കേന്ദ്ര കൃഷി മന്ത്രാലയത്തിനു കീഴിലുള്ള e-NAM പ്ലാറ്റ്ഫോം വഴിയുള്ള വിപണനസാധ്യതകളും പരിശോധിക്കുന്നുണ്ട്. ലോക്ക്ഡൗണ്‍മൂലം കർഷകർക്കുണ്ടായിരിക്കുന്ന പ്രതിസന്ധികൾ കേന്ദ്ര വാണിജ്യ മന്ത്രാലയത്തിന്റെ ശ്രദ്ധയിൽപെടുത്തിയിട്ടുണ്ടെന്നും ഏലത്തിനു 2,500 രൂപ സപ്പോർട്ട് പ്രൈസ് നിശ്ചയിക്കണമെന്നും സ്പൈസസ് ബോർഡ് മെന്പർ സ്റ്റെനി പോത്തൻ ആവശ്യപ്പെട്ടു.

