ഹിന്ദുസ്ഥാൻ ന്യൂസ്പ്രിന്‍റും ഇൻസ്ട്രുമെന്‍റേഷൻ ലിമിറ്റഡും സംസ്ഥാന സർക്കാർ ഏറ്റെടുക്കും: വ്യവസായമന്ത്രി


തിരുവനന്തപുരം: കേന്ദ്ര സർക്കാർ സ്വകാര്യവൽക്കരിക്കാൻ തീരുമാനിച്ച പൊതുമേഖലാ സ്ഥാപനമായ ഇൻസ്ട്രുമെന്‍റേഷൻ ലിമിറ്റഡ് പാലക്കാട് യൂണിറ്റ്, ഹിന്ദുസ്ഥാൻ ന്യൂസ് പ്രിന്‍റ് ലിമിറ്റഡ് എന്നിവയെ സംസ്ഥാന സർക്കാർ ഏറ്റെടുക്കുമെന്നു മന്ത്രി ഇ.പി ജയരാജൻ നിയമസഭയിൽ വ്യക്തമാക്കി. കാസർഗോട്ടുള്ള സംയുക്ത സംരംഭമായ ബിഎച്ച്ഇഎല്ലിന്‍റെ ഓഹരികളും ഏറ്റെടുക്കുന്നതിനുളള നടപടികളുമായി സർക്കാർ മുന്നോട്ടുപോകുകയാണ്. കേന്ദ്രസർക്കാർ ഓഹരികൾ വിറ്റഴിക്കാൻ തീരുമാനിച്ച കേരളത്തിലെ പൊതുമേഖലാ സ്ഥാപനങ്ങളെ പൊതുമേഖലയിൽ തന്നെ നിലനിർത്തി മത്സരക്ഷമതയുള്ളതാക്കുകയാണ് സർക്കാർ നയമെന്നും മന്ത്രി പറഞ്ഞു. എം.സ്വരാജിന്‍റെ ശ്രദ്ധക്ഷണിക്കലിന് മറുപടി പറയുകയായിരുന്നു അദ്ദേഹം.

ഹിന്ദുസ്ഥാൻ ന്യൂസ് പ്രിന്‍റ് ഓഹരികൾ വിറ്റഴിക്കാനുള്ള നടപടികൾ ആരംഭിച്ചപ്പോൾ തന്നെ ഇക്കാര്യത്തിൽ നിയമസഭ ഐകകണ്ഠ്യേന പ്രമേയം പാസാക്കി കേന്ദ്രത്തിന് അയച്ചു. സ്ഥാപനത്തെ പൊതുമേഖലയിൽ നിലനിർത്തണമെന്നാവശ്യപ്പെട്ട് മുഖ്യമന്ത്രി പലതവണ പ്രധാനമന്ത്രിക്കു കത്തയച്ചു. ഇക്കാര്യം സർവകക്ഷി യോഗം വിളിച്ച് ചർച്ച ചെയ്ത് ഇതേ ആവശ്യം ഉന്നയിക്കുകയും ചെയ്തു. സംസ്ഥാന സർക്കാരിന് ന്യൂസ് പ്രിന്‍റ് ലിമിറ്റഡിന്‍റെ ഭൂമിയിൻമേലുള്ള അവകാശം കേന്ദ്രസർക്കാരിനെയും എച്ച്പിസിഎല്ലിനെയും അറിയിച്ചിട്ടുണ്ട്. എന്നാൽ ഇക്കാര്യത്തിൽ കേന്ദ്രത്തിൽ നിന്ന് മറുപടിയില്ലാതായപ്പോൾ എച്ച്എൻഎലിന്‍റെ ആസ്തി ഒരു രൂപ നിരക്കിൽ ഏറ്റെടുക്കാൻ തയാറാണെന്ന് കാണിച്ച് കത്ത് അയച്ചിരുന്നു. ഇതിനിടെ നാഷണൽ ലോ ട്രിബ്യൂണൽ ലിക്വിഡേഷൻ ഉത്തരവിട്ടതോടെ സംസ്ഥാനത്തിന് തിരിച്ചടിയായി. ലോ ട്രിബ്യൂണലിൽ സമർപ്പിക്കാൻ വിശദമായ പദ്ധതി രേഖ തയാറാക്കാൻ റിയാബിനെ ചുമതലപ്പെടുത്തിയെന്നും മന്ത്രി വ്യക്തമാക്കി.

ഇൻസ്ട്രുമെന്‍റേഷൻ ലിമിറ്റഡ് പാലക്കാട് യൂണിറ്റ് ഏറ്റെടുത്ത് പുതിയ കന്പനി രൂപീകരിക്കാൻ നടപടി സ്വീകരിച്ചുവരുന്നു. ഫാക്ടിന്‍റെ 481 ഏക്കർ ഭൂമി കിഫ്ബി ഫണ്ട് ഉപയോഗിച്ച് പെട്രോകെമിക്കൽ പാർക്ക് സ്ഥാപിക്കാൻ വ്യവസായ വകുപ്പും ഫാക്ടും ധാരണയായി. എന്നാൽ ഭൂമി കൈമാറുന്നത് സംബന്ധിച്ച് കേന്ദ്ര മന്ത്രിസഭാ തീരുമാനം ലഭിച്ചിട്ടില്ലെന്നും മന്ത്രി പറഞ്ഞു. പൊതുമേഖലാ സ്ഥാപനങ്ങളുടെ ഓഹരി വിറ്റഴിക്കുന്നതിലൂടെ സാന്പത്തിക സമാഹരണമാണ് കേന്ദ്രം ലക്ഷ്യമിടുന്നത്. എന്നാൽ, ഇത്തരം സ്ഥാപനങ്ങളെ പൊതുമേഖലയിൽ നിലനിർത്തി സംരക്ഷിക്കാനുള്ള ബദൽ വികസന നടപടികളുമായാണ് സംസ്ഥാന സർക്കാർ മുന്നോട്ടുപോകുന്നതെന്നും മന്ത്രി പറഞ്ഞു. 

You might also like

  • Lulu Exchange
  • Straight Forward

Most Viewed