ഇന്ത്യയിലെ ആദ്യ ഹാൻഡ് മെയ്ഡ് സൂപ്പർബൈക്ക്
ലിംക ബുക്സ് ഓഫ് റോക്കോർഡ്സിൽ ആദ്യത്തെ ഹാൻഡ് മെയ്ഡ് സൂപ്പർബൈക്ക് എന്ന പേരിൽ രാജ്കോട്ട് സ്വദേശി റിദേഷ് വ്യാസ് എന്ന യുവാവ് നിർമ്മിച്ച ബൈക്ക് ഇടം നേടി. റിദേഷിന്‍റെ പേരിന്‍റെ ആദ്യാക്ഷരങ്ങൾ ചേർത്ത് വാഹനത്തിന് റിഡ് എന്നാണ് പേര് നൽകിയിരിക്കുന്നത്. വാഹനത്തിൽ ഉപയോഗിച്ചിരിക്കുന്ന പലതും ഹാൻഡ് മെയ്ഡ് പാർട്സുകളാണ് എന്നതാണ് ഈ വാഹനത്തിന്റെ പ്രത്യേകത. 1000 സിസി, 4− സിലിണ്ടർ എഞ്ചിനാണ് ഈ ബൈക്കിലുള്ളത്. വലിയ വീൽബേസ് ആയതിനാൽ റിഡ്ഡിന്‍റെ ആകെ നീളം ഒന്പത് അടി വരും. 400 കിലോഗ്രാമാണ് ഈ മോട്ടോർസൈക്കിളിന്‍റെ ഭാരം. മണിക്കൂറിൽ 170 കിലോമീറ്ററാണ് സൂപ്പർബൈക്കിന്റെ പരമാവധി വേഗം. എട്ട് ലക്ഷം രൂപയാണ് റിദേഷ് ഈ വാഹനം നിർമ്മിക്കാൻ ഇതുവരെ ചിലവിട്ടത്.
എട്ട് വർഷത്തെ കഠിനാധ്വാനത്തിലൂടെയാണ് റിദേഷ് സ്വന്തമായി ഒരു മോട്ടോർസൈക്കിൾ നിർമ്മിക്കുക എന്ന സ്വപ്നം സാക്ഷാത്കരിച്ചത്. മാത്രമല്ല, എഞ്ചിനീയറിംഗിന്റെയോ വാഹന ഡിസൈനിംഗിന്‍റെയോ പിൻബലമില്ലാതെയാണ് റിദേഷ് സൂപ്പർബൈക്കിന്റെ നിർമ്മാണം പൂർത്തിയാക്കിയിരിക്കുന്നത്. ഇരുന്പ് വ്യാപാരരംഗത്തെ പരിചയം വാഹനത്തിന്‍റെ പല ഭാഗങ്ങളും നിർമ്മിക്കാൻ റിദേഷിന് സഹായകമായി എന്ന് മാത്രം.