ബഹ്റൈൻ സന്ദർശനത്തിനെത്തിയ ബ്രൂണെ സുൽത്താനെ ഹമദ് രാജാവ് സ്വീകരിച്ചു
ബഹ്റൈൻ സന്ദർശനത്തിനെത്തിയ ബ്രൂണെ ദാറുസ്സലാം സുൽത്താൻ ഹാജ് ഹസൻ അൽബൽഖിയയെ രാജാവ് ഹമദ് ബിൻ ഈസ ആൽ ഖലീഫ സ്വീകരിച്ചു. ഗുദൈബിയ പാലസിൽ നടന്ന സ്വീകരണച്ചടങ്ങിൽ കിരീടാവകാശിയും പ്രധാനമന്ത്രിയുമായ പ്രിൻസ് സൽമാൻ ബിൻ ഹമദ് ആൽ ഖലീഫ, ബ്രൂണെ ദാറുസ്സലാം കിരീടാവകാശിയും പ്രധാനമന്ത്രിയുമായ പ്രിൻസ് അബ്ദുൽ മതീൻ, യുവജന, ചാരിറ്റി കാര്യങ്ങൾക്കായുള്ള ഹമദ് രാജാവിന്‍റെ പ്രതിനിധിയും ദേശീയ സുരക്ഷാ ഉപദേഷ്ടാവുമായ ശൈഖ് നാസിർ ബിൻ ഹമദ് ആൽ ഖലീഫ എന്നിവർ സന്നിഹിതരായിരുന്നു. സുൽത്താൻ ഹാജ് ഹസൻ അൽബൽഖിയയുടെ ബഹ്റൈൻ സന്ദർശനം ഇരുരാജ്യങ്ങൾക്കുമിടയിൽ നിലനിൽക്കുന്ന ബന്ധവും സഹകരണവും ശക്തമാക്കാനുപകരിക്കുമെന്ന് ഹമദ് രാജാവ് പ്രതീക്ഷ പ്രകടിപ്പിച്ചു. സാമ്പത്തിക, വ്യാപാര, നിക്ഷേപ, സാംസ്കാരിക, ടൂറിസം തുടങ്ങിയ മേഖലകളിൽ സഹകരണം ശക്തിപ്പെടുത്താൻ കൂടിക്കാഴ്ചയിൽ തീരുമാനിച്ചു. ഹ്റൈൻ നൽകിയ സ്വീകരണത്തിന് ബ്രൂണെ സുൽത്താൻ നന്ദി പ്രകാശിപ്പിക്കുകയും ചെയ്തു. രാഷ്ട്രീയ ചർച്ചകൾക്കായി ഇരുരാജ്യങ്ങളിലെയും വിദേശകാര്യ മന്ത്രിമാർ തമ്മിൽ സഹകരണക്കരാറിൽ ഒപ്പുവെച്ചു.
കൂടാതെ സ്ത്രീ ശാക്തീകരണം, ഇൻഫർമേഷൻ മേഖലയിൽ സഹകരണം ശക്തമാക്കൽ, സാംസ്കാരിക, വിവര വിനിമയ, പ്രസിദ്ധീകരണ മേഖലയിൽ സഹകരണം, വിദ്യാഭ്യാസ, ഐ.ടി, ഉന്നത വിദ്യാഭ്യാസ, വിവര കൈമാറ്റ മേഖലകളിൽ സഹകരണം, ക്ലൗഡ് സെന്ററുകൾ തമ്മിൽ സംയുക്ത വിവര കൈമാറ്റത്തിനുള്ള അവകാശത്തിനുള്ള സഹകരണം തുടങ്ങിയ കരാറുകളിലും ഇരു രാജ്യങ്ങളും തമ്മിൽ ഒപ്പുവെച്ചു.
gjhgj

