ബഹ്‌റിൻ ഷോപ്പിങ്ങ് ഫെസ്റ്റിവൽ ഡിസംബർ 24 മുതൽ ജനുവരി 23 വരെ

മനാമ: രാജ്യത്തെ ഏറ്റവും വലിയ ഷോപ്പിംഗ് ഫെസ്റ്റിവലായ ‘ഷോപ്പ് ബഹ്‌റിൻ’ ഡിസംബർ 24 മുതൽ ജനുവരി 23 വരെ ദേശ വ്യാപകമായി നടക്കും. ബഹ്റിൻ ഷോപ്പിംഗ് ഫെസ്റ്റിവലിന്റെ രണ്ടാമത് എഡിഷനാണ് നടക്കുക. രാജ്യത്തെ സംസ്‌കാരവും പാരന്പര്യവും ആതിഥ്യ മര്യാദകളും വിളിച്ചറിയിക്കുന്ന ഷോപ്പ് ബഹ്റിൻ സന്ദർശകർക്ക് വ്യത്യസ്ത അനുഭവമാകും.
കഴിഞ്ഞ വർഷത്തെ പോലെ ഈ വർഷവും ഫെസ്റ്റിവൽ വൻവിജയമാകുമെന്നാണ് സംഘാടകർ പ്രതീക്ഷിക്കുന്നത്. ജനശ്രദ്ധയാകർഷിക്കുന്നതരത്തിൽ കൂടുതൽ പരിപാടികൾ ഫെസ്റ്റിവലിൽ ഉൾപ്പെടുത്തുന്നുണ്ട്. അയൽ രാജ്യങ്ങളിൽ നിന്ന് കൂടുതൽ സന്ദർശകരെ ആകർഷിക്കുന്നതിനും രാജ്യത്തെ സന്പദ് വ്യവസ്ഥ മെച്ചപ്പെടുത്തുന്നതിനുമാണ് ഷോപ്പിങ്ങ് ഫെസ്റ്റ് സംഘടിപ്പിച്ചിരിക്കുന്നതെന്ന് തംകീൻസ് ചെയർമാനും ആക്ടിംഗ് ചീഫ് എക്‌സിക്യൂട്ടീവുമായ ഷെയ്ഖ് മുഹമ്മദ് ബിൻ ഇസ അൽ ഖലീഫ അഭിപ്രായപ്പെട്ടു. പൊതു, സ്വകാര്യ മേഖലകളിലെ പാർട്‌ണേഴ്‌സ് ഒത്തുചേർന്നാണ് ഫെസ്റ്റിവൽ നടത്തുന്നത്.
കഴിഞ്ഞ വർഷം 2000 റീട്ടെയ്‌ലേഴ്‌സാണ് ഫെസ്റ്റിവലിൽ പങ്കെടുത്തത്. 18 മില്യൺ ബഹ്‌റിനി ദിനാറിന്റെ ഷോപ്പിംഗാണ് ആറാഴ്ച നീണ്ടുനിന്ന ഫെസ്റ്റിവലിൽ നടന്നത്. ഗൾഫ് രാജ്യങ്ങളിൽ നിന്ന് അനേകം പേർ ഫെസ്റ്റിവലിൽ എത്തിയിരുന്നു. ഷോപ്പിംഗ് മാളുകളും അദ്ലിയ 338 ബ്ലോക്കും കേന്ദ്രീകരിച്ചാണ് ഇവന്റ് നടക്കുക.