കന്പ്യൂട്ടർ പ്രോഗ്രാമുകൾ ഹാക്ക് ചെയ്ത് പണം തട്ടുന്ന സംഘം ബഹ്റിനിൽ

മനാമ: കന്പ്യൂട്ടർ പ്രോഗ്രാമുകൾ ഹാക്ക് ചെയ്യപ്പെട്ടതായി വിവരം അറിയിച്ചു കൊണ്ട് തന്നെ കന്പ്യൂട്ടർ ഹാക്ക് ചെയ്ത് ക്രെഡിറ്റ് കാർഡിൽ നിന്ന് പണം പിൻവലിക്കുന്ന സംഘം ബഹ്റിനിൽ ഉള്ളതായി സൂചന. കഴിഞ്ഞ ദിവസം സൽമാനിയയിൽ താമസിക്കുന്ന മലയാളിയുടെ കന്പ്യൂട്ടർ ഹാക്ക് ചെയ്താണ് ഇത്തരത്തിൽ പണം തട്ടാൻ ശ്രമിച്ചത്. വൈഫൈ സൗകര്യമുള്ള ഇദ്ദേഹത്തിന്റെ ഫ്ളാറ്റിനു സമീപം കുറച്ചു ദിവസമായി ചുറ്റിക്കറങ്ങിയിരുന്ന യുവാവാണ് ഇതിന് പിന്നിലെന്ന് സംശയിക്കുന്നു.
മൈക്രോസോഫ്റ്റിന്റെ ഓഫീസിൽ നിന്ന് വിളിക്കുന്നതെന്ന വ്യാജേന ലാൻഡ് ഫോണിൽ വിളിച്ചാണ് മലയാളിയെ കബളിപ്പിക്കാൻ ശ്രമം നടത്തിയത്. ചൈനയിൽ നിന്നുള്ള ഒരു ഹാക്കർ താങ്കളുടെ കന്പ്യൂട്ടർ ഹാക്ക് ചെയ്തിരിക്കുന്നതായും കഴിഞ്ഞ മൂന്ന് മാസത്തോളമായി നിരവധി ഫയലുകൾ ഇത്തരത്തിൽ ഹാക്ക് ചെയ്തിരിക്കുന്നതായും ഇപ്പോൾ കന്പ്യൂട്ടർ ലോഗ്ഓൺ ചെയ്‌താൽ അത് കാണിച്ചുതരാമെന്നായിരുന്നു സന്ദേശം. വളരെ പ്രൊഫഷനൽ രീതിയിൽ വിദേശ രാജ്യത്ത് നിന്നുള്ള (യു.കെ നന്പർ ആണ് കോളർ ഐ.ഡിയിൽ കാണിച്ചത്) സംസാര രീതിയിൽ തന്നെ മറുതലയ്ക്കൽ സംസാരിച്ച ആൾ ഒരു പ്രത്യേക കോഡ് അയച്ചുകൊടുക്കുകയും അത് ആക്സസ് ചെയ്യാൻ ഇദ്ദേഹത്തോട് ആവശ്യപ്പെടുകയും ചെയ്തു. അപ്പോഴേയ്ക്കും കന്പ്യൂട്ടറിന്റെ നിയന്ത്രണം മുഴുവനും അജ്ഞാതൻ ഏറ്റെടുക്കുകയായിരുന്നു. ആയിരക്കണക്കിന് ഫയലുകൾ ഹാക്ക് ചെയ്തതായി ഇദ്ദേഹത്തെ അതേ കന്പ്യൂട്ടർ വഴി കാണിക്കുകയും ചെയ്തു. ഇത് എത്രയും പെട്ടെന്ന് തടയണമെന്നും അത് മൈക്രോസോഫ്റ്റ് വിൻഡോസിന്റെ ദൗത്യമാണെന്നും അതിനായി പുതിയ ഐ.പി വിലാസവും ലൈസൻസ് നന്പറും നൽകുന്നതിനായി
ക്രെഡിറ്റ് കാർഡ് വഴി 300 ഡോളർ അതിനായി എത്രയും പെട്ടെന്ന് അയക്കണമെന്നുമായിരുന്നു സന്ദേശം.
കന്പ്യൂട്ടറും ഫയലുകളും സംരക്ഷിക്കേണ്ട കാര്യമായതിനാൽ കന്പ്യൂട്ടർ ഉടമ അജ്ഞാതൻ പറഞ്ഞത് അനുവർത്തിക്കുകയും ചെയ്തു. എന്നാൽ ആ സമയത്ത് ക്രെഡിറ്റ് കാർഡ് മെയിന്റനൻസ് നടക്കുന്നതിനാൽ ട്രാൻസാക്ഷൻ നടന്നില്ല. അതോടെ ‘മൈക്രോസോഫ്റ്റ് പ്രതിനിധി’ കന്പ്യൂട്ടർ ബ്ലോക്ക് ആക്കുകയും അടുത്ത ദിവസം വൈകുന്നേരം വിളിക്കുന്പോൾ അദ്ദേഹം പറഞ്ഞത് പ്രകാരമുള്ള തുക അടയ്ക്കണമെന്നും ആവശ്യ
പ്പെട്ടു. രാവിലെ ഇക്കാര്യം അമേരിക്കയിലുള്ള മകനുമായി സംസാരിച്ചപ്പോഴാണ് ഇദ്ദേഹത്തിന് ഇതൊരു വൻ തട്ടിപ്പാണെന്ന് ബോധ്യപ്പെട്ടത്. അതോടെ അദ്ദേഹം വൈഫി കണക്ഷൻ ഒഴിവാക്കി കന്പ്യൂട്ടർ ഫോർമാറ്റ് ചെയ്യിക്കുകയായിരുന്നു. തുടർന്ന് അദ്ദേഹത്തിന്റെ അക്കൗണ്ടുകളിലുള്ള എ.ടി.എമ്മുകളെല്ലാം ബാങ്കിൽ വിളിച്ചു പറഞ്ഞു ബ്ലോക്ക് ചെയ്യിപ്പിക്കുകയും ചെയ്തു.
പിന്നീട് ബാങ്കിൽ നിന്ന് നടന്ന അന്വേഷണത്തിലാണ് ഇദ്ദേഹത്തിന്റെ അക്കൗണ്ടിൽ നിന്ന് പണം എടുക്കാൻ ശ്രമിച്ചതായും വിവരം ലഭിച്ചത്. കന്പ്യൂട്ടറിൽ ഇന്റർനെറ്റ് വഴി ജോലികൾ ചെയ്യുന്പോൾ അറിയാതെ വരുന്ന സന്ദേശങ്ങൾക്ക് ഓക്കേനൽകുന്നതാണ് ഇത്തരം പ്രവർത്തനങ്ങൾ നടത്താൻ ഹാക്കർമാർക്കാകുന്നതെന്ന് ഐ.ടി വിദഗ്ദ്ധർ പറയുന്നത്. ഇനിയും ഇത്തരത്തിൽ ആരും കബളിപ്പിക്കപ്പെടരുതെന്നും വൈഫൈ പാസ് വേർഡ് അടക്കമുള്ളവ വളരെ സ്വകാര്യതയിൽ സൂക്ഷിക്കണമെന്നും അവർ പറഞ്ഞു.