തുർക്കി, സിറിയ ഭൂകമ്പ ദുരിതാശ്വാസത്തിന് മുന്നിട്ടറങ്ങി ബഹ്റൈൻ പ്രവാസി സംഘടനകൾ

തുർക്കിയിലെയും സിറയിയിലെയും ഭൂകമ്പബാധിതരെ സഹായിക്കാനായി ബഹ്റൈനിലെ നിരവധി പ്രവാസി സംഘടനകളാണ് മുമ്പോട്ട് വന്നത്. ദുരിതാശ്വാസ പ്രവർത്തനങ്ങൾ നടത്തുന്നതുമായി ബന്ധപ്പെട്ട് ബഹ്റൈൻ കെഎംസിസിക്ക് പ്രവാസിസമൂഹത്തിൽനിന്ന് അഭൂതപൂർവമായ പ്രതികരണം ലഭിച്ചതായി ഭാരവാഹികൾ അറിയിച്ചു. കെ.എം.സി.സി ബഹ്‌റൈൻ സ്റ്റേറ്റ് കമ്മിറ്റി ഭാരവാഹികളുടെ നേതൃത്വത്തിൽ ജില്ല, ഏരിയ, മണ്ഡലം ഘടകങ്ങൾ മുഖേനയും മനാമ സൂക്, മനാമ സെൻട്രൽ മാർക്കറ്റ് എന്നീ കമ്മിറ്റികൾ മുഖേനയും 48 മണിക്കൂർകൊണ്ട് നടത്തിയ സമാഹരണത്തിൽ അരക്കോടി രൂപയുടെ മൂല്യമുള്ള സാധനസാമഗ്രികൾ ആണ് ശേഖരിച്ചത്. 8800 കിലോ സാധനങ്ങൾ 350 കാർട്ടണുകളിലായിട്ടാണ് തുർക്കിയ, സിറിയൻ എംബസികളിൽ എത്തിച്ചത്. ആക്ടിങ് പ്രസിഡന്റ് എ.പി. ഫൈസലിന്റെയും ആക്ടിങ് ജനറൽ സെക്രട്ടറി കെ.പി. മുസ്തഫയുടെയും ട്രഷറർ റസാഖ് മൂഴിക്കലിന്റെയും നേതൃത്വത്തിൽ സംസ്ഥാന ഭാരവാഹികളായ ശംസുദ്ദീൻ വെള്ളികുളങ്ങര, കെ.കെ.സി മുനീർ, റഫീഖ് തോട്ടക്കര, ഷരീഫ് വില്യാപ്പള്ളി, ഷാജഹാൻ പരപ്പൻപൊയിൽ എന്നിവർ ചേർന്ന് തുർക്കി അംബാസഡർ എസിൻ കാക്കിൽ, സിറിയൻ അംബാസഡർ മുഹമ്മദ് അലി ഇബ്രാഹിം എന്നിവർക്ക് നേരിട്ടാണ് ശേഖരിച്ച സാധനങ്ങൾ ഏൽപിച്ചത്.
ഭൂകമ്പം കാരണം ദുരിതത്തിലായ തുർക്കിക്ക് വോയിസ് ഓഫ് ബഹ്ററൈൻ സഹായം നൽകി. ഇതിന്റെ ഭാഗമായി ഭക്ഷണസാധനങ്ങളും ആവശ്യത്തുണിത്തരങ്ങളും ടീം കൈമാറി. വോയിസ് ഓഫ് ബഹ്ററൈൻ ഭാരവാഹികളായ പ്രവീൺ, ഷിജിൻ, നിതിൻ, ഷർമിൾ, നൗഷാദ്, സാജൻ, റിങ്കു എന്നിവർ ചേർന്നാണ് സാധനങ്ങൾ ബഹ്റിനിലെ തുർക്കിഷ് എംബസിയിൽ എത്തിച്ചത്.
ബഹ്‌റൈൻ സെന്റ് പോൾസ് മാർത്തോമാ യുവജന സഖ്യത്തിന്റെ നേതൃത്വത്തിൽ നടന്ന ഭൂകമ്പ ദുരിതാശ്വാസ പ്രവർത്തനങ്ങളുടെ ഭാഗമായി യുവജന സഖ്യം അംഗങ്ങളുടെയും, ഇടവക അംഗങ്ങളുടെയും സഹകരണത്തോടെ ശേഖരിച്ച വസ്ത്രങ്ങളും ഭക്ഷണ പഥാർത്ഥങ്ങളും തുർക്കി എംബസിയിലേയ്ക്ക് കൈമാറിയതായി ഭാരവാഹികൾ അറിയിച്ചു. റവറന്റ് മാത്യു ചാക്കോ വികാരിയുടെ നേതൃത്വത്തിൽ നടന്ന പരിപാടിയിൽ ജസ്റ്റിൻ കെ ഫിലിപ്പ് , റോജൻ എബ്രഹാം റോയ് ,അനീഷ് ജേക്കബ് എന്നിവർ പങ്കെടുത്തു.
ബഹ്റൈനിലെ കോഴിക്കോട് ജില്ലാ പ്രവാസി പ്രവാസി ഫോറവും ദുരിതാശ്വാസ പ്രവർത്തനങ്ങളുടെ ഭാഗമായി വിവിധ സാധനങ്ങൾ ശേഖരിച്ച് എംബസികൾക്ക് കൈമാറിയതായി ഭാരവാഹികൾ അറിയിച്ചു.
a