പ്രവാസി സമാശ്വാസ പദ്ധതികൾ തുടരും; ബജറ്റിൽ കൂടുതൽ തുക വകയിരുത്തി


പ്രവാസികാര്യ വകുപ്പിനായി ബജറ്റിൽ ഉൾക്കൊള്ളിച്ച 147.51 കോടി രൂപയിൽ കൂടുതലും വകയിരുത്തിയത് പ്രവാസി സമാശ്വാസ -പുനരധിവാസ പദ്ധതിക്ക്. കോവിഡ് കാലത്ത് ഒറ്റത്തവണയായി നടത്തിയ സഹായ പദ്ധതിയാണ് പ്രവാസി ഏകോപന പുനസംയോജന പദ്ധതി എന്ന പേരിൽ ബജറ്റിൽ ഉൾക്കൊള്ളിച്ച് തുടരുന്നത്. പ്രവാസി ഭദ്രതാ പദ്ധതികൾ എന്ന പേരിലാണ് കോവിഡ് കാലത്ത് ഇത് നടപ്പാക്കിയിരുന്നത്. നോർക്ക റൂട്സ് വഴി 18 പദ്ധതികളിലൂടെ 130 കോടി രൂപയാണ് സമാശ്വാസ-പുനരധിവാസത്തിനായി ചെലവഴിക്കുക അതിൽത്തന്നെ പ്രധാനമായും സാന്ത്വന, എൻഡിപ്രേം, പ്രവാസി ഏകോപന പുനസംയോജന എന്നീ മൂന്നു പദ്ധതികളാണുള്ളത്. രണ്ടോ അതിലധികമോ വർഷം വിദേശത്തു ജോലി ചെയ്ത ശേഷം മടങ്ങിയെത്തിയ പ്രവാസികൾക്ക് നൽകുന്ന ധനസഹായ പദ്ധതിയായ സാന്ത്വനയ്ക്ക് ഇത്തവണ 33 കോടി രൂപയാക്കി. എൻഡിപ്രേമിന് (നോർക്ക ഡിപ്പാർട്മെന്റ് പ്രോജക്ട് ഫോർ റിട്ടേൺ എമിഗ്രന്റ്സ്) 25 കോടി രൂപയും ഏകോപന പുനസംയോജന പദ്ധതിക്ക് 50 കോടിയും ചേർത്ത് ആകെ 108 കോടിയാണ് പ്രവാസി സമാശ്വാസ-പുനരധിവാസ പദ്ധതികൾക്കായി വകയിരുത്തിയത്. പ്രവാസി ഭദ്രത മെഗാ പദ്ധതിയിൽ 25 ലക്ഷം മുതൽ രണ്ടു കോടി രൂപവരെ മുതൽമുടക്കുള്ള പദ്ധതികൾക്ക് കെഎസ്ഐഡിസി വഴി അഞ്ചു ശതമാനം നിരക്കിൽ വായ്പ നൽകും. ഇതിന്റെ പലിശ സബ്സിഡി നൽകുന്നതും നോർക്ക വഴിയാണ്

You might also like

  • Straight Forward

Most Viewed