ബഹ്റൈനും ഇസ്രായേലിനുമിടയിൽ വിമാന സർവ്വീസ് ജൂൺ 3 മുതൽ
മനാമ: ബഹ്റൈനും ഇസ്രായേലിനുമിടയിൽ വിമാന സർവ്വീസ് ആരംഭിക്കുന്നു. മനാമയ്ക്കും ടെൽ അവീവിനുമിടയിൽ ജൂൺ 3ന് നേരിട്ടുള്ള സർവീസുകൾ ആരംഭിക്കുമെന്ന് ഗൾഫ് എയർ കഴിഞ്ഞ ദിവസമാണ് അറിയിച്ചത്. ഇക്കോണമി ക്ലാസ് ടിക്കറ്റിന് ഒരു സീറ്റിൽ 299 ഡോളർ ചിലവാകുമെന്ന് എയർലൈൻ അറിയിച്ചു. ഇസ്രയേൽ വിമാനക്കന്പനികളും ഉടൻ ബഹ്‌റൈനിലേക്കുള്ള റൂട്ടുകൾ സ്ഥാപിക്കുമെന്നാണ് പ്രതീക്ഷിക്കുന്നത്.
മുൻ അമേരിക്കൻ പ്രസിഡന്റ് ഡൊണാൾഡ് ട്രംപിന്റെ കീഴിലുള്ള കരാറായ അബ്രഹാം കരാർ പ്രകാരം യുണൈറ്റഡ് അറബ് എമിറേറ്റുകളും ബഹ്‌റൈനും ഇസ്രായേലുമായി സന്പൂർണ നയതന്ത്ര ബന്ധം സ്ഥാപിച്ചതിനുശേഷം ഇസ്രായേലിനെ ഗൾഫുമായി കൂടുതൽ ബന്ധിപ്പിക്കുന്ന നീക്കങ്ങളുടെ ഭാഗമാണ് തീരുമാനം. സപ്റ്റംബർ 11നാണ് ബഹറൈനും ഇസ്രായേലും തമ്മിൽ നയതന്ത്ര ബന്ധം സ്ഥാപിക്കുവാൻ തീരുമാനമായത്. അമേരിക്കൻ പ്രസിഡന്റ് ഡോണൾഡ് ട്രംപ് ബഹ്റൈൻ രാജാവ് ഹമദ് ബിൻ ഈസ അൽ ഖലീഫ, ഇസ്രായേൽ പ്രധാനമന്ത്രി ബെഞ്ചമിൻ നെതന്യാഹു എന്നിവർ നടത്തിയ ടെലിഫോൺ സംഭാഷണത്തെ തുടർന്നാണ് ഇത്തരത്തിൽ സമാധാന കരാർ സാധ്യമായത്.

