ജോമോൻ കുരിശിങ്കലിന്റെ കുടുംബസഹായ ഫണ്ട് നൽകുന്നതിൽ നിന്ന് കേരളീയ സമാജം പിന്മാറി
മനാമ : അടുത്തിടെ ബഹ്റൈനിൽ വെച്ച് ഹൃദയാഘാതം കാരണം നിര്യാതനായ മാധ്യമപ്രവർത്തകൻ ജോമോൻ കുരിശിങ്കലിന് വേണ്ടി കേരളീയ സമാജം മുൻകെയൈടുത്ത് ആരംഭിച്ച കുടുംബ സഹായനിധിയിലേയ്ക്കുള്ള സമാഹരണം നിർത്തിവെച്ചതായി ഭാരവാഹികൾ അറിയിച്ചു. സഹായനിധിയുടെ സമാഹരണത്തിനായി രൂപീകരിച്ച വാട്സാപ്പ് ഗ്രൂപ്പിലൂടെയാണ് ഈ തീരുമാനം സമാജം ജനറൽ സെക്രട്ടറി വർഗീസ് കാരക്കൽ അറിയിച്ചത്.
ജോമോന്റെ മരണ ശേഷം, നേരത്തേ ബഹ്റൈനിൽ കോവിഡ് കാരണം മരണപ്പെട്ട സാം സാമുവേൽ അടൂരിന്റെ കുടുംബത്തെ സഹായിക്കാനായി കേരളീയ സമാജം പിരിച്ചെടുത്ത തുക അവർക്ക് നൽകിയില്ലെന്ന രീതിയിൽ ആരോപണം ഉയർന്നിരുന്നു. ഇതേതുടർന്ന് മലയാളികളുടെ പ്രമുഖ വാട്സാപ്പ് ഗ്രൂപ്പുകളിലൊക്കെ വലിയ ചർച്ചകളും നടന്നു. ഒടുവിൽ സാം സാമുവേലിന്റെ കുടുംബത്തിന് സമാജത്തിന്റെ വെൽഫയർ പദ്ധതിയിൽ നിന്നുള്ള വിഹിതം ഉൾപ്പെടെ 15 ലക്ഷത്തോളം രൂപ നൽകിയെന്ന വിശദീകരണവുമായി സമാജം ഭാരവാഹികൾ രംഗത്ത് വരികയായിരുന്നു. ജനപ്രതിനിധികൾ ഉൾപ്പടെയുള്ളവരുടെ സാന്നിദ്ധ്യത്തിൽ ഈ തുക ഔദ്യോഗികമായി കൈമാറാനായിരുന്നു തീരുമാനിച്ചതെങ്കിലും പല കാര്യങ്ങൾ കൊണ്ട് ചടങ്ങ് വൈകിയത് കാരണം സാമിന്റെ ഭാര്യയുടെയും രണ്ടു മക്കളുടെയും പേരിൽ 15,45,922 രൂപ നിക്ഷേപിച്ചതായാണ് സമാജം പ്രസിഡണ്ട് പി വി രാധാകൃഷ്ണ പിള്ളയും സെക്രട്ടറി വർഗീസ് കാരക്കലും വാർത്താകുറിപ്പിലൂടെ അറിയിച്ചത്. വളരെ വ്യവസ്ഥാപിതമായി ഓഡിറ്റിങ്ങ് അടക്കമുള്ള കാര്യങ്ങളുമായി പ്രവർത്തിക്കുന്ന കേരളീയ സമാജം പോലെയുള്ള സംഘടനകളിൽ പണം തിരിമറി നടത്തുന്നുണ്ടെന്ന രീതിയിൽ പ്രചരണം നടത്തിയതിനെ സമാജം ഭരണസമിതി അപലപിച്ചിരുന്നു. ഈ സംഭവത്തിന് ശേഷമാണ് ജോമോൻ കുടുംബസഹായനിധി നിർത്തിവെക്കുന്നതായും അതുവരെ തന്ന സംഭാവനകൾ തിരികെ നൽകുന്നതായും സമാജം ഭാരവാഹികൾ അറിയിച്ചത്. അഞ്ച് ലക്ഷത്തോളം രൂപയാണ് ഇതിലൂടെ വാഗ്ധാനം ചെയ്യപ്പെട്ടിരുന്നത്. ഇവരോട് നേരിട്ട് ജോമോന്റെ കുടുംബത്തിന് സഹായം നൽകാനാണ് ഇപ്പോൾ ആവശ്യപ്പെട്ടിരിക്കുന്നത്.
ബഹ്റൈനിലെ നിയമപ്രകാരം ധനസമാഹരണങ്ങൾ തെറ്റാണെങ്കിൽ പോലും കോവിഡ് അടക്കമുള്ള ദുരിതങ്ങൾ ഉണ്ടാക്കിയ പ്രത്യേക സാഹചര്യത്തിൽ ജീവകാരുണ്യപ്രവർത്തനങ്ങളുടെ ഭാഗമായി മിക്ക സംഘടനകളും പല കാര്യങ്ങൾക്കുമായി ധനശേഖരണം നടത്തിവന്നിരുന്നു. എത്രയോ പേർക്ക് ഇത് ഉപകാരപ്രദമായിട്ടുമുണ്ട്. നാട്ടിൽ പോകാൻ ടിക്കറ്റില്ലാതെ കഷ്ടപ്പെടുന്നവർ തൊട്ട് ആശുപത്രിയിൽ ചികിത്സയിൽ കഴിഞ്ഞവർ വരെ ഇത്തരം സാന്പത്തിക സഹായങ്ങൾ ലഭിച്ചവരിൽ ഉൾപ്പെടുന്നു. മിക്ക സാന്പത്തിക ശേഖരണ പരിപാടികളും വാട്സാപ്പ് ഗ്രൂപ്പിലൂടെയാണ് നടക്കുന്നത്. കഴിഞ്ഞ ദിവസം തന്നെ ജോമോന്റെ കുടുംബത്തെ സഹായിക്കാനായി പ്രമുഖ വാട്സാപ്പ് ഗ്രൂപ്പായ ബഹ്റൈൻ കേരള സോഷ്യൽ ഫോറത്തിലൂടെ നിരവധി പേരാണ് മുന്പോട്ട് വന്നത്. ഇതിലൂടെ അഞ്ച് ലക്ഷത്തി പതിനെട്ടായിരം രൂപയാണ് അദ്ദേഹത്തിന്റെ നിർദ്ധന കുടുംബത്തിന് ലഭിച്ചത്.
ബഹ്റൈൻ മലയാളികളുടെ മാതൃസ്ഥാപനമെന്നറിയപ്പെടുന്ന കേരളീയ സമാജം തന്നെ ജീവകാരുണ്യപ്രവർത്തനങ്ങളിൽ നിന്ന് പിൻമാറുമ്പോൾ വരും ദിവസങ്ങളിൽ ഇവിടെയുള്ള റെജിസ്ട്രേഡും അല്ലാത്തതുമായ നിരവധി സംഘടനകളും ഭീഷണിയും അപഖ്യാതികളും ഭയന്ന് ജീവകാരുണ്യ പ്രവർത്തനങ്ങളിൽ നിന്ന് മാറി നിൽക്കുമോ എന്ന ആശങ്കയാണ് സാമൂഹ്യപ്രവർത്തകരിൽ വലിയൊരു വിഭാഗം പങ്കിടുന്നത്. അങ്ങിനെ വന്നാൽ അത് ബാധിക്കുന്നത് ഇവിടെയുള്ള നിർദ്ധനരായവരെ ആയിരിക്കുമെന്നതിലും സംശയമില്ല.



