ഐവൈസിസിയുടെ ഇടപെടലിൽ ഇരുപത് വർഷത്തിന് ശേഷം വടകര സ്വദേശി രാജൻ നാടണഞ്ഞു
മനാമ: ഇരുപത് വർഷത്തോളം നാട്ടിൽ പോകാൻ സാധിക്കാതിരുന്ന ബഹ്റൈൻ പ്രവാസി ഐവൈസിസി ബഹ്റൈന്റെ സഹായത്തോടെ നാട്ടിലെത്തി. കോഴിക്കോട് ജില്ലയിൽ വടകര വള്ളിയാട് കൊട്ടപ്പള്ളി വില്ലേജിൽ ചിറക്കൽ താഴെ കുനിയിൽ വീട്ടിൽ കണാരന്റെ മകൻ രാജൻ ആണ് നാട്ടിലെത്തിയത്. 20 വർഷമായി യാതൊരു രേഖകളും കയ്യിലില്ലാതെ ഇല്ലാതെ കഴിഞ്ഞിരുന്ന ഇയാൾ പൊതുമാപ്പ് സൗകര്യം ഉപയോഗപ്പെടുത്തി എംബസിയിൽ നിന്നും ഔട്ട് പാസ് എടുത്തിരുന്നു. ഐവൈസിസി മുഹറഖ് ഏരിയ പ്രസിഡന്റ് പ്രമീജ് കുമാർ വഴിയാണ് ഇദ്ദേഹത്തിന്റെ ദുരവസ്ഥ ഐവൈസിസി ബഹ്റൈൻ പ്രസിഡണ്ട് അനസ് റഹീമിന്റെ ശ്രദ്ധയിൽ എത്തിയത്. തുടർന്ന് പ്രവാസി ലീഗൽ സെൽ ബഹ്‌റൈൻ കൺട്രി ഹെഡും ഐസിആർഎഫ് അംഗവുമായ സുധീർ തിരുനിലത്ത്, കേരളീയ സമാജം നോർക്ക സെൽ കൺവീനർ കെ ടി സലിം, ഐസിആർഎഫ് ചെയർമാൻ അരുൽദാസ് തോമസ്, ഐവൈസിസി ഹെൽപ് ഡെസ്ക് കൺവീണർ മണിക്കുട്ടൻ എന്നിവരുടെ ശ്രമഫലമായിട്ടാണ് എമിഗ്രേഷൻ ക്ലിയറൻസ് ഉൾപ്പടെയുള്ള കാര്യങ്ങൾ ചെയ്യാൻ സാധിച്ചത്. ഇദ്ദേഹത്തിനുള്ള യാത്രാടിക്കറ്റും ഐവൈസിസിയാണ് നൽകിയത്.

