ദുരിത പ്രവാസത്തിന് വിട: ആറു വർഷത്തിന് ശേഷം കണ്ണൂർ സ്വദേശി ബഷീർ നാട്ടിലെത്തി

മനാമ: ആറു വർഷമായി നാട്ടിൽ പോകാൻ സാധിക്കാതെ ബഹ്റൈനിൽ കഴിഞ്ഞിരുന്ന കണ്ണൂർ മുഴപ്പിലങ്ങാട് സ്വദേശി ബഷീർ എംബസിയുടെയും സാമൂഹിക പ്രവർത്തകരുടെയും സഹായത്തോടെ നാട്ടിലെത്തി. റിഫാ മാർക്കറ്റിൽ ജോലിക്കാരനായിരുന്ന ഇദ്ദേഹം സ്പോൺസറുമായിട്ടുള്ള തർക്കത്തെ തുടർന്ന് ജോലി നഷ്ടപ്പെടുകയും, തുടർന്ന് വിവിധ ജോലികൾകൾ ചെയ്തു ജീവിക്കുകയുമായിരുന്നു. സാമൂഹിക പ്രവർത്തകൻ ദീപക് മേനോനെ സമീപിച്ച ഇദ്ദേഹത്തെ വേൾഡ് എൻ.ആർ.ഐ. കൗൺസിൽ ഹ്യുമാനിറ്റേറിയൻ ഡയറക്ടറും പ്രവാസി ലീഗൽ സെൽ കൺട്രി ഹെഡുമായ സുധീർ തിരുനിലത്തിന്റെ ശ്രമഫലമായി ബഹ്റൈൻ ഇന്ത്യൻ എംബസിയിൽ നിന്ന് ഔട്ട് പാസ്സ് നേടുകയായിരുന്നു. എമിഗ്രേഷൻ അധികൃതരുടെ സഹായത്തോടെ യാത്ര നിരോധനം എടുത്തു കളഞ്ഞതോടെയാണ് യാത്ര ശ്രമം വിജയിച്ചത്. റിഫാ ഫർണിച്ചർ സൂക്കിലെ റഷീദ് തോലേരിയുടെ ശ്രമഫലമായി വിമാന ടിക്കറ്റും ലഭിച്ചു. ഫിഫ ഫർണിച്ചർ സൂക്കിലെ നൗഷാദ് പയ്യോളി, അഷ്റഫ് കട്ടിപ്പാറ, ശ്രീകാന്ത് പെരിന്തൽമണ്ണ, സലീം പയ്യോളി, ഫൈസൽ പയ്യോളി, ഗഫൂർ കണ്ണൂർ, ബഷീർ എന്നിവരോടുള്ള നന്ദിയും ബഷീർ അറിയിച്ചു.