ഇന്ത്യൻ സ്കൂൾ അക്കാദമിക് അവാർഡ് ദാന ചടങ്ങിൽ മികവു തെളിയിച്ച സ്കൂൾ വിദ്യാർത്ഥികളെ ആദരിച്ചു
മനാമ: ഇക്കഴിഞ്ഞ സി.ബി.എസ്.ഇ പത്തും പന്ത്രണ്ടും ക്ലാസ് പരീക്ഷകളിലെ സ്കൂൾ ടോപ്പർമാരെ അനുമോദിക്കുന്നതിനായി ഇന്ത്യൻ സ്‌കൂൾ ബഹ്‌റൈൻ (ഐ.എസ്.ബി) വെർച്വൽ അക്കാദമിക് അവാർഡ് ദാന ചടങ്ങ് സംഘടിപ്പിച്ചു. ഈസ ടൗൺ ക്യാന്പസിലെ സ്കൂൾ ഓഡിറ്റോറിയത്തിൽ കോവിഡ് മാർഗ്ഗനിർദ്ദേശങ്ങൾ അനുസരിച്ച് നടന്ന ചടങ്ങിൽ 2019- 2020 അധ്യയന വർഷത്തെ മികച്ച അക്കാദമിക് പ്രകടനത്തിന് മെഡലുകൾ, ഫലകങ്ങൾ, എ1 ഗ്രേഡ് സർട്ടിഫിക്കറ്റുകൾ എന്നിവ സമ്മാനിച്ചു. മികവു തെളിയിച്ച 78 വിദ്യാർഥികളെയാണ് ആദരിച്ചത്. ചടങ്ങിൽ 241 സമ്മാനങ്ങളും വിതരണം ചെയ്തു. ഇന്ത്യൻ അംബാസഡർ പീയൂഷ് ശ്രീവാസ്തവ മുഖ്യാതിഥിയായിരുന്നു. ഇന്ത്യൻ സ്കൂൾ ചെയർമാൻ പ്രിൻസ് എസ് നടരാജൻ, സെക്രട്ടറി സജി ആന്റണി, ഇസി അംഗങ്ങളായ മുഹമ്മദ് ഖുർഷീദ് ആലം, പ്രേമലത എൻഎസ്, ബിനു മണ്ണിൽ വർഗീസ്, സജി ജോർജ്, ദീപക് ഗോപാലകൃഷ്ണൻ, മുഹമ്മദ് നയാസ് ഉല്ല, രാജേഷ് നന്പ്യാർ, പ്രിൻസിപ്പൽ വി ആർ പളനിസ്വാമി, റിഫ കാന്പസ് പ്രിൻസിപ്പൽ പമേല സേവ്യർ, വൈസ് പ്രിൻസിപ്പൽമാർ, പ്രധാന അധ്യാപകർ എന്നിവർ പങ്കെടുത്തു.

