സ്പെക്ട്ര ഇത്തവണ ഓൺലൈനിൽ സംഘടിപ്പിക്കുമെന്ന് ഐസിആർഎഫ്
മനാമ: ബഹ്റൈനിലെ ഇന്ത്യൻ കമ്മ്യൂണിറ്റി റിലീഫ് ഫണ്ട് ‘സ്പെക്ട്ര 2020’ എന്ന പേരിൽ നടത്തിവരുന്ന ആർട്ട് കാർണിവൽ ഇത്തവണ ഓൺലൈനിലൂടെ സംഘടിപ്പിക്കുമെന്ന് സംഘാടകർ അറിയിച്ചു. കുട്ടികൾക്കിടയിൽ കലാപരമായ കഴിവുകളെ പ്രോത്സാഹിപ്പിക്കുകയും ബഹുമാനിക്കുകയും ചെയ്യുകയെന്ന ലക്ഷ്യത്തോടെയുള്ള സ്പെക്ട്ര ബഹ്‌റൈനിലെ വിദ്യാർത്ഥികൾക്കായുള്ള ഏറ്റവും വലിയ കലാ മത്സരമാണ്. ഇപ്പോഴത്തെ കോവിഡ് സാഹചര്യത്തിൽ ഓൺലൈനിലൂടെ, 2020 ഡിസംബർ 11 വെള്ളിയാഴ്ച ആയിരിക്കും സ്പെക്ട്ര 2020 കാർണിവൽ നടത്തുക. ഇതിനായി ഐസിആർഎഫ് സ്പെക്ട്ര ജനറൽ കൺവീനർ മിസ് റോസിലിന്റെ നേതൃത്വത്തിൽ, സ്കൂൾ കോർഡിനേറ്റർസുമായും, വളണ്ടിയർമാരുമായും മീറ്റിംഗുകൾ നടത്തി. പതിനഞ്ചോളം സ്കൂളുകളിൽ ഏകദേശം മുപ്പതോളം സ്കൂൾ കോർഡിനേറ്റർമാർ നിന്നും ഇതിൽ പങ്കെടുത്തു. പ്രായത്തിന്റെ അടിസ്ഥാനത്തിൽ നാല് വിഭാഗങ്ങളായി തിരിച്ചാണ് മത്സരങ്ങൾ നടക്കുക. ഓരോ വിഭാഗത്തിലും മികച്ച മൂന്ന് വിജയികൾക്ക് വ്യക്തിഗത ട്രോഫികളും സർട്ടിഫിക്കറ്റുകളും ലഭിക്കും. കുട്ടികളുടെ വിജയിച്ച എൻട്രികളും മറ്റ് മികച്ച സൃഷ്ടികളും 2021-ൽ രൂപകൽപ്പന ചെയുന്ന വാൾ കലണ്ടറുകളിലും ഡെസ്ക്-ടോപ്പ് കലണ്ടറുകളിലും ഉൾപ്പെടുത്തും. ഈ കലണ്ടറുകൾ 2021 ജനുവരി 2 ന് നടക്കുന്ന സമ്മാന വിതരണ ചടങ്ങിൽ വെച്ചു വിതരണം ചെയ്ത് തുടങ്ങും. സ്പെക്ട്രയിൽ നിന്ന് ലഭിക്കുന്ന വരുമാനം ഐസിആർഎഫ് രൂപകൽപ്പന ചെയ്ത കുടുംബക്ഷേമ ഫണ്ടിലേയ്ക്കാണ് നൽകുന്നത്. ഇത് പ്രകാരം, നൂറ് ദിനാറിൽ താഴെ വരുമാനമുണ്ടായിരുന്ന ബഹ്റൈനിൽ മരണപ്പെടുന്ന ഇന്ത്യക്കാരന്റെ ആശ്രിതർക്ക് ഒരു ലക്ഷം രൂപ ധനസഹായം നൽകും. സ്‌പെക്ട്രയെക്കുറിച്ചുള്ള കൂടുതൽ വിവരങ്ങൾക്ക് 39290346 എന്ന നന്പറിലാണ് ബന്ധപ്പെടേണ്ടത്.

