ബുറേവിയുടെ ശക്തി കുറഞ്ഞു: കേരളത്തിൽ ന്യൂനമർദ്ദം മാത്രം


 

തിരുവനന്തപുരം: ബുറേവി ചുഴലിക്കാറ്റ് ശക്തി കുറഞ്ഞ് അതി തീവ്ര ന്യൂനമർദ്ദമായതായി കേന്ദ്ര കാലാവസ്ഥ വകുപ്പ്. ഇന്നു പുലർച്ചെ തമിഴ്നാട്ടിലെ തൂത്തുക്കുടിയിൽ ഇന്ത്യൻ തീരം തൊട്ട ബുറേവി ചുഴലിക്കാറ്റ് ഉച്ചയ്ക്ക് 12 മണിയോടെ തെക്കൻ കേരളത്തിലേക്കു കടക്കുമെങ്കിലും, വേഗം കുറയുമെന്നതിനാൽ കടുത്ത ആശങ്കയ്ക്കിടയില്ലെന്ന് കാലാവസ്ഥാ വിദഗ്ദ്ധർ അറിയിച്ചു.
കേരളത്തിലേക്ക് പ്രവേശിക്കുമ്പോൾ മണിക്കൂറിൽ ഏകദേശം 30 മുതൽ 40 കിലോമീറ്റർ വേഗമാണ് പ്രതീക്ഷിക്കുന്നത്. സംസ്ഥാനത്തെ വിവിധ ജില്ലകളിൽ പ്രഖ്യാപിച്ചിരുന്ന റെഡ് അലർട്ടുകൾ പിൻവലിച്ചു. തിരുവനന്തപുരം മുതൽ മലപ്പുറം വരെയുള്ള പത്ത് ജില്ലകളിൽ ഇന്ന് യെല്ലോ അലർട്ട് ആയിരിക്കും.
ഏത് അടിയന്തര സാഹചര്യവും നേരിടാൻ സംസ്ഥാനം പൂർണസജ്ജമാണെന്ന് റവന്യൂ വകുപ്പ് അറിയിച്ചു. തിരുവനന്തപുരം, കൊല്ലം, പത്തനംതിട്ട, ആലപ്പുഴ, ഇടുക്കി ജില്ലകളിൽ ഇന്ന് അവധി പ്രഖ്യാപിച്ചു. ദുരന്ത നിവാരണം, അവശ്യ സർവീസുകൾ, തിരഞ്ഞെടുപ്പ് ജോലികൾ എന്നിവയ്ക്ക് അവധി ബാധകമല്ല. രാവിലെ പത്ത് മുതൽ വൈകീട്ട് ആറ് വരെ തിരുവനന്തപുരം വിമാനത്താവളം അടച്ചിടും. മത്സ്യബന്ധനത്തിനുള്ള വിലക്ക് തുടരും.

You might also like

  • Lulu Exchange
  • Straight Forward

Most Viewed