സ്വാമി അഗ്നിവേശിന്റെ മരണത്തിൽ അനുശോചനം രേഖപ്പെടുത്തി പ്രവാസി സംഘടനകൾ

മനാമ: രാജ്യത്തെ മതേതര−ജനാധിപത്യ വിശ്വാസികളുടെ പ്രതീക്ഷ ആയിരുന്നു സ്വാമി അഗ്നിവേശ് എന്ന് ബഹ്‌റൈൻ ഒഐസിസി ദേശീയ കമ്മറ്റി അനുശോചന സന്ദേശത്തിൽ അഭിപ്രായപ്പെട്ടു. രാജ്യത്തെ വർഗീയ ശക്തികളുടെ ആക്രമണത്തിന് നിരവധി തവണ അദ്ദേഹം ഇരയായിട്ടുണ്ടെന്നും, ഭാരതത്തിന്റെ സഹിഷ്ണതയുടെ പര്യായം ആയിരുന്ന സ്വാമി എല്ലാ വിഭാഗം ജനങ്ങളും ഒന്നിച്ചു രാജ്യ പുരോഗതിക്ക് വേണ്ടി പ്രയത്നിക്കണം എന്ന പക്ഷക്കാരനായിരുന്നു എന്നും ബഹ്‌റൈൻ ഒഐസിസി ദേശീയ കമ്മറ്റി അനുശോചന സന്ദേശത്തിൽ അഭിപ്രായപ്പെട്ടു.
പ്രമുഖ ആക്റ്റിവിസ്റ്റും ആര്യ സമാജം പണ്ഡിതനുമായ സ്വാമി അഗ്നിവേശിന്റെ നിര്യാണത്തിൽ ഫ്രന്റ്‌സ് സോഷ്യൽ അസോസിയേഷൻ അനുശോചനം രേഖപ്പെടുത്തി. മതങ്ങൾക്കിടയിൽ സംവാദത്തിന് ആഹ്വാനം ചെയ്യുകയും വൈവിധ്യങ്ങളുടെ ഇന്ത്യക്ക് വേണ്ടി പ്രവർത്തിക്കുകയും ചെയ്ത മനുഷ്യാവകാശ പ്രവർത്തകൻ ആയിരുന്നു അദ്ദേഹമെന്ന് അനുശോചന കുറിപ്പിൽ വ്യക്തമാക്കി.
ഫാസിസ്സ് വിരുദ്ധ പോരാട്ടങ്ങളിൽ നിർഭയമായി നിലകൊള്ളുകയും അതിന്റെ പേരിൽ മർദ്ദനങ്ങളും ഏറ്റുവാങ്ങിയിട്ടുള്ള അദ്ദേഹത്തിന്റെ വേർപാട് മതേതര ഇന്ത്യക്ക് വലിയ നഷ്ടമാണെന്നും അനുശോചന സന്ദേശത്തിൽ വ്യക്തമാക്കി. ഇന്ത്യയയുടെ മതമൈത്രി കാത്തുസൂക്ഷിക്കാൻ മുൻനിരയിൽ പ്രവർത്തിച്ച വ്യക്തിയാണ് സ്വാമി അഗ്നിവേശെന്ന് ബഹ്റൈൻ കെഎംസിസി പ്രസിഡണ്ട് ഹബീബ് റഹ്മാൻ, സെക്രട്ടറി അസൈനാർ കളത്തിങ്കൽ എന്നിവർ പ്രസ്താവിച്ചു.പൗരത്വവിഷയമടക്കമുള്ള ന്യൂനപക്ഷ പ്രശ്നങ്ങളിൽ ജ്വലിക്കുന്ന ശബ്ദമായി മാറിയ സ്വാമി അഗ്നിവേശിന്റെ വിയോഗം മതേതര ഇന്ത്യക്ക് തീരാനഷ്ടമാണെന്നും ഇവർ അനുശോചനകുറിപ്പിലൂടെ വ്യക്തമാക്കി.