ലേബർ ക്യാന്പിലെ പ്രശ്‌നങ്ങൾ പരിഹരിക്കണം: വകുപ്പുകൾക്ക് നിർദ്ദേശം നൽകി ബഹ്‌റൈൻ പ്രധാനമന്ത്രി

മനാമ: രാജ്യത്തെ ലേബർ ക്യാന്പുകളിലെ പ്രശ്‌നങ്ങൾ പരിഹരിക്കാൻ നിർദ്ദേശം നൽകി ബഹ്‌റൈൻ പ്രധാനമന്ത്രി പ്രിൻസ് ഖലീഫ ബിൻ സൽമാൻ അൽ ഖലീഫ. കൂടാതെ റെസിഡൻഷ്യൽ ഏരിയകളിലെ അനധികൃത പാർപ്പിടങ്ങൾ തടയാനും പ്രധാനമന്ത്രി ബന്ധപ്പെട്ട വകുപ്പുകളോട് ആവശ്യപ്പെട്ടു. പൊതുമരാമത്ത്, മുനിസിപ്പാലിറ്റി കാര്യ, നഗരാസൂത്രണ മന്ത്രാലയം, തൊഴിൽ, സാമൂഹിക ക്ഷേമ മന്ത്രാലയം എന്നീ വകുപ്പുകൾക്കാണ് നിർദ്ദേശം നൽകിയിട്ടുള്ളത്.
ലേബർ ക്യാന്പുകളുടെ ലൈസൻസ്, നിയന്ത്രണങ്ങൾ, ആരോഗ്യ സുരക്ഷാ മാനദണ്ധങ്ങൾ എന്നിവ സംബന്ധിച്ച് മന്ത്രിസഭയ്ക്ക് സമഗ്രമായ റിപ്പോർട്ട് സമർപ്പിക്കാൻ പൊതുമരാമത്ത് മന്ത്രാലയത്തോട് നിർദ്ദേശിച്ചു. ലേബർ ക്യാന്പുകളിൽ അമിതമായി ആളുകൾ താമസിക്കുന്നത് തടഞ്ഞ് പൗരന്മാരുടെയും പ്രവാസികളുടെയും സുരക്ഷ ഉറപ്പാക്കുകയാണ് നടപടികളുടെ ലക്ഷ്യം. മാനദണ്ധങ്ങൾ പാലിക്കാത്ത തൊഴിലാളി പാർപ്പിടങ്ങൾ കണ്ടെത്തി നിയമലംഘകർക്ക് പരിഹാര നടപടികൾക്കുള്ള നോട്ടീസ് നൽകണമെന്നും നിർദ്ദേശത്തിൽ പറയുന്നു.