അതിജീവന വഴിയിൽ നൂറ് ദിനം പിന്നിട്ട് ബഹ്റൈൻ കെഎംസിസി


മനാമ: കൊവിഡ് സേവന-പ്രതിരോധ രംഗത്തെ അതിജീവന പ്രവര്‍ത്തനങ്ങള്‍ നൂറുദിനം പിന്നിട്ട് പവിഴ ദ്വീപില്‍ കാരുണ്യത്തിന്റെ പര്യായമായി ബഹ്‌റൈന്‍ കെ.എം.സി.സി. ബഹ്‌റൈനിലെ പ്രവാസികള്‍ക്കിടയില്‍ സാഹോദര്യവും സഹവര്‍ത്തിത്വവും സാധ്യമാക്കിയാണ് ഈ മഹാമാരിക്കാലത്തും കാരുണ്യ പ്രവര്‍ത്തനങ്ങളുമായി കെ.എം.സി.സി മുന്നോട്ടുപോകുന്നത്. പ്രവര്‍ത്തനങ്ങള്‍ മൂന്നാംഘട്ടത്തിലേക്ക് കടക്കുമ്പോള്‍ ദുരിതക്കയത്തിലായവരെ നാട്ടിലേക്ക് തിരികെയെത്തിക്കാന്‍ ചാര്‍ട്ടേഡ് വിമാന സര്‍വിസ് നടത്താന്‍ സാധിച്ചതിന്റെ അഭിമാനത്തിലാണ് ഈ കൂട്ടായ്മ. കൂടാതെ മൂന്ന് ചാർട്ടേഡ് വിമാനംകൂടി ബഹ്‌റൈൻ കെഎംസിസിക്ക് അനുമതി കിട്ടിയത്കൊണ്ട് തന്നെ അടുത്ത ആഴ്ച്ച തന്നെ കൂടുതൽ പ്രവാസികളെ നാട്ടിൽ എത്തിക്കാനുള്ള അന്തിമ പ്രവർത്തനത്തിലാണ് .ഇതുവരെ ആരും അനുഭവിക്കാത്ത ആര്‍ക്കും മുന്‍പരിചയമില്ലാത്ത അവസ്ഥയില്‍ പ്രവാസികള്‍ക്ക് ധൈര്യം പകര്‍ന്ന് കൈത്താങ്ങായ കെ.എം.സി.സിയുടെ പ്രവര്‍ത്തനങ്ങളെ അഭിന്ദിച്ച് ബഹ്റൈന്‍ ഭരണകൂടം രംഗത്തെത്തിയതും ശ്രദ്ധേയമായിരുന്നു. 

ബഹ്‌റൈനില്‍ കൊവിഡ് സ്ഥിരീകരിച്ച ആദ്യഘട്ടത്തില്‍ പ്രവാസികള്‍ക്കിടയില്‍ ബോധവല്‍ക്കരണവുമായാണ് കെ.എം.സി.സിയുടെ കൊവിഡ് കാല കരുതല്‍ സ്പര്‍ശത്തിന് തുടക്കമിട്ടത്. ഇതിന്റെ ഭാഗമായി ബഹ്റൈനിലെ വിവിധയിടങ്ങളിലെ ലേബര്‍ ക്യാംപുകള്‍ സന്ദര്‍ശിച്ച് ഓരോരുത്തരെയും കൊവിഡ് മഹാമാരിയെ കുറിച്ച് കൊവിഡ് വ്യാപനം ത ടയുന്നതിനായി ബ്രേക്ക് ദി ചെയിന്‍ കാംപയിന്‍ പ്രവാസികള്‍ക്കിടയിലും സ്വദേശികള്‍ക്കിടയിലും വ്യാപകമാക്കുന്നതിലും കെ.എം.സി.സിയുടെ പ്രവര്‍ത്തനം ഏറെ സഹായകമായി. ബഹ്റൈനിന്റെ വിവിധയിടങ്ങളിലും നഗരങ്ങളിലും ഹാന്‍ഡ് വാഷ് സൗകര്യവും സാനിറ്റൈസര്‍ സൗകര്യവുമാണ് ഇതിനായി സജ്ജീകരിച്ചത്.


ദുരിതക്കയത്തിലായ പ്രവാസികളുടെ പ്രയാസങ്ങള്‍ അറിഞ്ഞ് ഇടപെടുന്നതില്‍ കെ.എം.സി.സി ഹെല്‍പ്പ് ഡെസ്‌ക് നിര്‍വഹിച്ച പങ്ക് ഏറെ വലുതാണ്. ആദ്യഘട്ടത്തിലെ പ്രതിരോധ പ്രവര്‍ത്തനങ്ങള്‍ക്കൊപ്പം പ്രവാസികള്‍ക്ക് വേണ്ട സേവനങ്ങളൊരുക്കി നല്‍കുക എന്ന ലക്ഷ്യത്തോടെയാണ് ഹെല്‍പ്പ് ഡെസ്‌ക്ക് ആരംഭിച്ചത്. ഓരോരുത്തരുടെയും കാര്യങ്ങള്‍ കേട്ടറിഞ്ഞ് അവര്‍ക്ക് വേണ്ട സഹായങ്ങളെത്തിക്കുന്നതോടൊപ്പം ബഹ്റൈന്‍ ഗവണ്‍മെന്റിന്റെയും ഇന്ത്യന്‍ എംബസിയുടെയും നോര്‍ക്കയുടെയും മാര്‍ഗനിര്‍ദേശങ്ങളും പ്രവാസികളിലേക്കെത്തിക്കുന്ന പ്രവര്‍ത്തനങ്ങളുമാണ് ഹെല്‍പ്പ് ഡെസ്‌ക്കിന്റെ കീഴില്‍ നടുന്നുവരുന്നത്.


സഹജീവികളുടെ വിശപ്പകറ്റാന്‍ കെ.എം.സി.സി ആരംഭിച്ച കാരുണ്യ സ്പര്‍ശം പദ്ധതിയിലൂടെ ഇതുവരെ നാലായിരത്തിലധികം ഭക്ഷ്യക്കിറ്റുകള്‍ വിതരണം ചെയ്തു. ഇതിനായി കെ.എം.സി.സി 20 ജില്ല, ഏരിയ കമ്മിറ്റികളുടെ കീഴില്‍ അഞ്ഞൂറോളം വളണ്ടിയര്‍മാരും പ്രവര്‍ത്തിച്ചുവരുന്നു. ജോലിക്കു പോകാന്‍ കഴിയാത്തതിനാലും ഷോപ്പുകളില്‍ കച്ചവടം ഇല്ലാത്തതിനാലും മറ്റു സാമ്പത്തിക ബാധ്യതകള്‍ക്ക് പുറമെ നിലവിലെ പ്രതികൂല സാഹചര്യം കൂടി വന്നപ്പോള്‍ ഭക്ഷണത്തിനു ബുദ്ധിമുട്ട് അനുഭവിക്കുന്നവര്‍ക്ക് കിറ്റുകളായും ഭക്ഷണമായും എത്തിച്ചുകൊടുക്കുക എന്ന അടിയന്തര പ്രാധാന്യമുള്ള വിഷയമാണ് വിവിധ ജില്ല, ഏരിയ കെ.എം.സി.സികള്‍ ഏറ്റെടുത്തത്. സംഘടനാ ഭാരവാഹികളും പ്രവര്‍ത്തകരും അനുഭാവികളും അഭ്യുദയകാംക്ഷികളും ഉള്‍പ്പെടെയുള്ളവരുടെ സഹകരണത്തോടെയാണ് ഈ പദ്ധതി നടപ്പാക്കുന്നത്. കൂടാതെ ക്യാപിറ്റല്‍ ഗവര്‍ണറേറ്റ്, കെ.എച്ച്.കെ, ഇന്ത്യന്‍ എംബസി എന്നിവയുടെ സഹായവും ലഭിച്ചു.
കൊവിഡ് പശ്ചാത്തലത്തില്‍ മറ്റ് രോഗങ്ങള്‍ക്കുള്ള മരുന്ന് ലഭിക്കാതെ പ്രയാസപ്പെടുന്നവര്‍ക്കായി നടപ്പിലാക്കിയ കെ.എം.സി.സിയുടെ മെഡി ചെയിന്‍ പദ്ധതി ആശ്വാസമേകിയത് സ്ത്രീകളും വയോധികരുമടങ്ങിയ നിരവധി രോഗികള്‍ക്കാണ്. സാമ്പത്തിക പ്രയാസമനുഭവിക്കുന്നവര്‍ക്ക് സൗജന്യമായും അല്ലാത്തവര്‍ക്ക് നാട്ടില്‍നിന്നും മറ്റുമായാണ് മരുന്നെത്തിക്കുന്നത്. ഭീമമായ തുയകയ്ക്ക് മരുന്ന് വാങ്ങാന്‍ കഴിയാത്തവര്‍, ജോലിയില്ലാത്തവര്‍, വിസിറ്റിങ് വിസയിലെത്തിയവര്‍ തുടങ്ങിയവര്‍ക്കും താമസിക്കുന്ന ബില്‍ഡിങ് ക്വാറന്റൈനിലായി പുറത്തുപോകാന്‍ കഴിയാത്തവര്‍ക്കും ഈ പദ്ധതിയിലൂടെ കാരുണ്യമേകുന്നു.


11 വര്‍ഷത്തിലധികമായി നടത്തിവരുന്ന രക്തദാന പദ്ധതിയായ ജീവസ്പര്‍ശം കൊവിഡ് കാലത്തും സജീവമാക്കുന്നതില്‍ പ്രവര്‍ത്തകര്‍ ഏറെ ശ്രദ്ധ പുലര്‍ത്തി. നിയന്ത്രണങ്ങളുള്ളതിനാല്‍ ആവശ്യത്തിന് രക്തം ലഭിക്കാതെ ബുദ്ധമുട്ടരുതെന്ന ലക്ഷ്യത്തോടെയായിരുന്നു ഈ പ്രവര്‍ത്തനം. സല്‍മാനിയ ഹോസ്പിറ്റലില്‍ നിന്നും ബന്ധപ്പെട്ടതിന്റെ അടിസ്ഥാനത്തില്‍ നിരവധി പ്രവര്‍ത്തകര്‍ ഈ പ്രത്യേക സാഹചര്യത്തിലും രക്തം ദാനം ചെയ്തു മാതൃക കാണിച്ചു. 10 ദിവസത്തോളം തുടര്‍ച്ചയായി രക്തം നല്‍കി. ഇക്കാര്യത്തില്‍ ബഹ്റൈന്‍ ആരോഗ്യവകുപ്പ് ബ്ലഡ് ബാങ്ക് മേധാവി കെ.എം.സി.സിയെ പ്രത്യേകം അഭിനന്ദിക്കുകയും ചെയ്തിരുന്നു.
കൊവിഡ് സ്ഥിരീകരിച്ച് ചികിത്സയില്‍ കഴിയുന്നവര്‍ക്ക് സമാശ്വാസവും വേണ്ട സഹായങ്ങളെത്തിച്ച് നല്‍കാനും കെ.എം.സി.സിയുടെ കീഴില്‍ പ്രത്യേക വിങ് തന്നെ പ്രവര്‍ത്തിക്കുന്നു. രോഗ ബാധിതര്‍ക്ക് വസ്ത്രങ്ങള്‍, മറ്റ് സാധന സാമഗ്രികകള്‍ തുടങ്ങിയവ ക്വാറന്റൈന്‍ കേന്ദ്രങ്ങളില്‍ എത്തിച്ചു നല്‍കുന്നതോടൊപ്പം മാനസിക കരുത്ത് പകര്‍ന്ന് കരുതലാവുകയാണ് കെ.എം.സി.സി.


ലോക്ക്ഡൗണിനെ തുടര്‍ന്ന് പള്ളികളിലെ സമൂഹ നോമ്പുതുറകളും മറ്റും ഇല്ലാതായപ്പോള്‍ ഓരോരുത്തര്‍ക്കും ഇഫ്താര്‍ കിറ്റുകളെത്തിച്ച് ബഹ്റൈന്‍ കെ.എം.സി.സി കാരുണ്യത്തിന്റെ ഇഫ്താര്‍ ഒരുക്കുകയായിരുന്നു. ദിവസവും ആറായിരത്തിലധികം ദുരിതമനുഭവിക്കുന്നവര്‍ക്കാണ് കമ്മിറ്റിയുടെ നേതൃത്വത്തില്‍ ഇഫ്താര്‍ കിറ്റുകളെത്തിച്ചത്. ഇതിലൂടെ ക്യാപിറ്റല്‍ ഗവര്‍ണറേറ്റുമായി സഹകരിച്ച് ഒന്നര ലക്ഷത്തോളം ഇഫ്താര്‍ കിറ്റുകള്‍ വിതരണം ചെയ്യാന്‍ സാധിച്ചു.
സംസ്ഥാന കമ്മിറ്റിയുടെ കീഴിലുള്ള 20 ഏരിയ, ജില്ലാ കമ്മിറ്റികളെ ഏകോപിപ്പിച്ചാണ് കിറ്റുകളെത്തിച്ചു നല്‍കുന്നത്. കൊവിഡ് സ്ഥിരീകരിച്ചതിനെ തുടര്‍ന്ന് ലോക്ക് ചെയ്ത കെട്ടിടങ്ങളിലും മറ്റ് താമസ സ്ഥലങ്ങളിലും കുടിവെള്ളം പോലും ലഭിക്കാത്തവര്‍ക്ക് സൗജന്യമായി കുടിവെള്ളമെത്തിക്കാനും കെ.എം.സി.സി മുന്‍പന്തിയിലുണ്ട്.


പ്രതികൂല സാഹചര്യത്തിലും പ്രവാസികള്‍ക്ക് മാര്‍ഗ നിര്‍ദേശങ്ങളെത്തിക്കാനും സഹായങ്ങളെത്തിച്ചു നല്‍കാനും കെ.എം.സി.സിയുടെ വളണ്ടിയര്‍മാര്‍ 24 മണിക്കൂറും കര്‍മനിരതരായി പ്രവര്‍ത്തന രംഗത്തുണ്ട്. സ്വന്തം ജീവന്‍ പോലും വകവയ്ക്കാതെയാണ് 20 കമ്മിറ്റികളിലായി 500 അംഗ വളണ്ടിയര്‍ വിങ് മുഴുവന്‍ സമയ സന്നദ്ധ പ്രവര്‍ത്തനം നടത്തുന്നത്. ഭക്ഷ്യക്കിറ്റുകള്‍, ഇഫ്താര്‍ കിറ്റുകള്‍ എന്നിവ അര്‍ഹരിലേക്കെകത്തിക്കുക, മരുന്നുകളെത്തിക്കുക, ബോധവല്‍ക്കരണം തുടങ്ങിയ പ്രവര്‍ത്തനങ്ങള്‍ക്ക് ചുക്കാന്‍ പിടിക്കുന്നതും ഭാരവാഹികളും ഈ വളണ്ടിയര്‍മാരുമാണ്.
കൊവിഡ് പ്രതിസന്ധി കാരണം സാമ്പത്തികമായി പ്രയാസപ്പെടുന്ന, നാട്ടിലേക്ക് മടങ്ങുന്ന ഗര്‍ഭിണികള്‍ ഉള്‍പ്പടെ രോഗികള്‍ക്കും ജോലി നഷ്ടപ്പെട്ടവര്‍ക്കും മറ്റു അര്‍ഹരായ പ്രവാസികള്‍ക്കും 'കാരുണ്യ യാത്ര' പദ്ധതി മുഖേന നാട്ടിലേക്കുള്ള വിമാന ടിക്കറ്റുകള്‍ നല്‍കിവരുന്നു. ഇതിനകം 15 ഓളം ടിക്കറ്റുകള്‍ നല്‍കി കഴിഞ്ഞു.


പ്രതിരോധ സേവന പ്രവര്‍ത്തനങ്ങളോടൊപ്പം ലോക്ക് സൗണ്‍ കാലത്ത് വീടുകളില്‍ കഴിയുന്ന കുട്ടികളെ കൊവിഡ് ഭീതിയകറ്റി ആനന്ദകരമാക്കുക എന്ന ലക്ഷ്യത്തോടെ കെ.എം.സി.സി സംഘടിപ്പിച്ച ഓണ്‍ലൈന്‍ ചിത്രരചനാ മത്സരം (വരയും വര്‍ണവും) ശ്രദ്ധേയമായിരുന്നു. മൂന്നു കാറ്റഗറിയിലായി സംഘടിപ്പിച്ച മത്സരത്തില്‍ ബഹ്റൈനില്‍നിന്നും മറ്റ് രാജ്യങ്ങളില്‍നിന്നുമായി നൂറോളം കുട്ടികളാണ് പങ്കെടുത്തത്. മൂന്ന് കാറ്റഗറിയിലായി സംഘടിപ്പിച്ച മത്സരത്തിലെ വിജയികളെ കമ്മിറ്റി നിശ്ചയിച്ച വിധി കര്‍ത്താക്കളുടെ നിര്‍ണയത്തിലൂടെയാണ് കണ്ടെത്തിയത്. കൂടാതെ ഫേസ്ബുക്ക് ലൈക്കിന്റെ അടിസ്ഥാനത്തില്‍ പ്രോത്സാഹന സമ്മാനവും ഒരുക്കിയിരുന്നു.


വന്ദേഭാരത് മിഷനിലൂടെ നാട്ടിലേക്ക് തിരിക്കുന്ന പ്രവാസികള്‍ക്ക് വിമാനത്താവളത്തിലും മറ്റുമായി കെ.എം.സി.സി പ്രവര്‍ത്തകര്‍ നല്‍കിയ സേവനം മഹത്തരമാണ്. ചെറിയ പെരുന്നാല്‍ ദിനത്തില്‍ ബഹ്റൈനിന്റെ വിവിധയിടങ്ങളില്‍ കഴിയുന്ന 9000 ഓളം പേര്‍ക്കാണ് സഹജീവി സ്നേഹത്തിന്റെ സന്ദേശങ്ങള്‍ പകര്‍ന്ന് ഭക്ഷണക്കിറ്റ് വിതരണം ചെയ്തത്. അതിജീവന കാലത്തെ ചെറിയ പെരുന്നാള്‍ ആഘോഷം നന്മയിലാക്കി ഒരുമയുടെ സ്നേഹം ചൊരിയുകയായിരുന്നു ബഹ്റൈന്‍ കെ.എം.സി.സി.


ഇന്നലെ ബഹ്‌റൈന്‍ കെ.എം.സി.സിയുടെ പ്രഥമ ചാര്‍ട്ടേഡ് വിമാനം 169 യാത്രക്കാരുമായി ബഹ്‌റൈന്‍ അന്താരാഷ്ട്ര വിമാനത്താവളത്തില്‍നിന്ന് കോഴിക്കോട്ടേക്ക് പറന്നുയര്‍ന്നപ്പോള്‍ ചരിത്രനിമിഷങ്ങള്‍ക്കാണ് ബഹ്‌റൈനിലെ പ്രവാസലോകം സാക്ഷിയായത്. ബഹ്‌റൈന്‍ കെ.എം.സി.സിയുടെ ചരിത്രത്തില്‍ തന്നെ നവ്യാനുഭവമായ ഈ പദ്ധതി ഗര്‍ഭിണികള്‍, ജോലി നഷ്ടപ്പെട്ടവര്‍ തുടങ്ങി നിരവധി പ്രയാസമനുഭവിക്കുന്നവര്‍ക്കാണ് ആശ്വാസമേകിയത്. ഇത്തരത്തില്‍ സഹജീവികള്‍ക്ക് സാന്ത്വനമേകുന്ന കെ.എം.സി.സിയുടെ പ്രവര്‍ത്തനങ്ങള്‍ നൂറുദിനം പിന്നിടുമ്പോള്‍ അഭിമാന മുഹൂര്‍ത്തത്തിലാണ് നേതാക്കളും.

You might also like

  • Lulu Exchange
  • Straight Forward

Most Viewed