ബഹ്‌റൈനില്‍നിന്ന് കെ.എം.സി.സിയുടെ ആദ്യ ചാര്‍ട്ടര്‍ വിമാനം ജൂൺ 9ന് പുറപ്പെടും


മനാമ: കൊവിഡ് വ്യാപനത്തിന്റെ പശ്ചാത്തലത്തില്‍ ദുരിതമനുഭവിക്കുന്ന പ്രവാസികളെ നാട്ടിലെത്തിക്കുന്നതിന് ബഹ്‌റൈനില്‍നിന്ന് കെ എം സി സി യുടെ ചാര്‍ട്ടര്‍ വിമാനം ജൂൺ 9 ചൊവ്വാഴ്ച്ച പറന്നുയരും

കെ എം സി സി ബഹ്‌റൈൻ റിയാ ട്രാവൽസുമായി സഹകരിച്ചു കൊണ്ട് ഗൾഫ് എയറിന്റെ GF7260 ചൊവ്വാഴ്ച 169 യാത്രക്കാരുമായി കോഴികൊട്ടേക്കാണ് ആദ്യ യാത്ര. ലോക്ക്ഡൗണിനെ തുടര്‍ന്ന് ജോലിയും വരുമാനവും നഷ്ടപ്പെട്ട് ആയിരത്തോളം മലയാളി പ്രവാസികള്‍ ഇപ്പോഴും ബഹ്‌റൈനില്‍ കുടുങ്ങിക്കിടക്കുന്നതിലാണ് പ്രത്യേക ചാര്‍ട്ടര്‍ വിമാനത്തിനുള്ള ശ്രമങ്ങളുമായി ബഹ്‌റൈന്‍ കെ.എം.സി.സി രംഗത്തെത്തിയത്.

വന്ദേ ഭാരത് മിഷൻ പദ്ധതി അനുസരിച്ച് ഇന്ത്യൻ എംബസിയിൽ രജിസ്റ്റർ ചെയ്തവർക്ക് മാത്രമാണ് യാത്ര ചെയ്യാൻ സാധിക്കുകയുള്ളു. ആദ്യവിമാനത്തിന്റെ ബുക്കിങ്ങുകൾ പൂർത്തിയായതായും തുടർന്നുള്ള വിമാനങ്ങളുടെ ബുക്കിങ് കെ എം സി സി ഓഫീസ് കേന്ദ്രീകരിച്ച് പുരോഗമിക്കുന്നതായും
കെ എം സി സി ബഹ്‌റൈൻ സംസ്ഥാന പ്രസിഡണ്ട് ഹബീബ് റഹ്മാന്‍, ജന. സെക്രട്ടറി അസൈനാര്‍ കളത്തിങൽ എന്നിവര്‍ പറഞ്ഞു.

നിലവില്‍ ഗര്‍ഭിണികള്‍, രോഗികള്‍, വിസാ കാലാവധി കഴിഞ്ഞവര്‍, വിസിറ്റിങ് വിസയിലെത്തി കുടുങ്ങിയവര്‍, ജോലി നഷ്ടപ്പെട്ടവർ, തുടങ്ങി നിരവധി പേരാണ് ബഹ്‌റൈനില്‍ ദുരിതജീവിതം നയിക്കുന്നത്. ഇവർക്കാണ് മുൻഗണനയെന്നും നേതാക്കൾ പറഞ്ഞു.

You might also like

  • Straight Forward

Most Viewed