കൈരളിയുടെ വ്യാജ പ്രചാരണം സർക്കാർ പിടിപ്പുകേട് മറച്ചുവയ്ക്കാൻ: ബഹ്‌റൈൻ കെ.എം.സി.സി

മനാമ: ഗൾഫ് നാടുകളിൽ ദുരിതത്തിലായവരെ നാട്ടിലെത്തിക്കുന്നതിന് കെ.എം.സി.സി ഏർപ്പെടുത്തിയ പ്രത്യേക ചാർട്ടർ വിമാന സർവീസിനെതിരെ കൈരളി നടത്തുന്ന വ്യാജ പ്രചാരണം സംസ്ഥാന സർക്കാരിന്റെ പിടിപ്പുകേട് മറച്ചുവയ്ക്കാനാണെന്നും രാഷ്ട്രീയ പ്രേരിതമാണെന്നും ബഹ്‌റൈൻ കെ.എം.സി.സി. ഗൾഫ് നാടുകളിൽ ജോലിയും വരുമാനവും നഷ്ടപ്പെട്ട് പ്രയാസത്തിലായവരെയാണ് ചാർട്ടർ വിമാന സർവീസിലൂടെ നാട്ടിലെത്തിക്കാൻ ശ്രമിക്കുന്നത്. കെ.എം.സി.സി അടക്കമുള്ള പല കാരുണ്യ സംഘടനകളും ടിക്കറ്റിന് ഒരേ തുക ഈടാക്കിയാണ് ചാർട്ടർ വിമാന സർവീസ് നടത്തുന്നത്. നേരത്തെ ദുരിതത്തിലായ നിരവധി പേരെ സൗജന്യ ടിക്കറ്റുകൾ നൽകി വന്ദേഭാരത് മിഷനിലൂടെ കെ.എം.സി.സി നാട്ടിലേക്കെത്തിച്ചിട്ടുണ്ട്. വാസ്തവം ഇതായിരിക്കെ കെ.എം.സി.സിയെ മാത്രം ലക്ഷ്യംവച്ച് നടത്തുന്ന കൈരളിയുടെ ഈ വ്യാജ പ്രചാരണം മാധ്യമ ധർമത്തിന്റെ ലംഘനമാണെന്നും സംസ്ഥാന പ്രസിഡന്റ് ഹബീബ് റഹ്മാൻ, ജന. സെക്രട്ടറി അസൈനാർ കളത്തിങ്കളൽ എന്നിവർ പറഞ്ഞു.
ഭരണപക്ഷ മാധ്യമത്തിന്റെ ഈ പ്രവൃത്തിയിലൂടെ സംസ്ഥാന സർക്കാരിന്റെ പ്രവാസികളോടുള്ള അവണന എത്രത്തോളമുണ്ടെന്ന് വ്യക്തമാകുന്നുണ്ട്. പ്രവാസികൾക്ക് ക്വാറന്റീൻ സൗകര്യം ഒരുക്കുന്നതിലെയും മറ്റുമുള്ള സർക്കാർ അനാസ്ഥ പുറത്തുവന്നതിലെ രോഷമാണ് ഇടതുപക്ഷ മാധ്യമങ്ങൾക്കും അണികൾക്കുമുള്ളത്. അതിനാലാണ് ഇത്തരത്തിൽ അടിസ്ഥാന രഹിതമായ വാർത്തകൾ പടച്ചുവിടുന്നതെന്നും പ്രവാസികളുടെ ശബ്ദമായി കെ.എം.സി.സി എന്നും മുന്നിലുണ്ടാകുമെന്നും നേതാക്കൾ പറഞ്ഞു.