കോവിഡ് 19 - ബഹ്റൈനിൽ ഏകോപന കമ്മിറ്റി നിലവിൽ വന്നു ; ബന്ധപ്പെടുന്നത് നിരവധി പേർ

മനാമ
കേരള മുഖ്യമന്ത്രി പിണറായി വിജയന്റെ നിർദ്ദേശപ്രകാരം ബഹ്റൈനിലെ ലോക കേരള സഭ അംഗങ്ങളുടെയും, നോർക്ക റൂട്സിന്റെയും സഹകരണത്തോടെ വിവിധ സാമൂഹ്യ സാംസ്ക്കാരിക ജീവ കാരുണ്യസംഘടനകളുടെ പ്രതിനിധികൾ ഉൾകൊള്ളുന്ന കോവിഡ് ദുരിതാശ്വാസ പ്രവർത്തനങ്ങളുടെ എകോപന കമ്മിറ്റി നിലവിൽ വന്നു. ഫുഡ് കിറ്റ് വിതരണ കമ്മറ്റി , ആരോഗ്യം, വിമാനമാർഗ്ഗമുള്ള അടിയന്തിര ഒഴിപ്പൽ, ഇന്ത്യയിലെയും ബഹ്റൈനിലെയും വിവിധമന്ത്രാലയങ്ങളുമായ എകോപനം, ഇന്ത്യൻ എംബസികളുമായി ബന്ധപ്പെട്ട്സപ്പോർട്ട് ഗ്രൂപ്പ്, മീഡിയ വിഭാഗം, കൗൺസിലിങ്ങ് ടീം തുടങ്ങി വിവിധ സബ്ബ് കമ്മിറ്റികൾ പ്രവർത്തനമാരംഭിച്ചു.
കമ്മിറ്റിയുടെ കീഴിൽ ബഹ്റൈന്റെ വിവിധ പ്രദേശങ്ങളിൽ പ്രാദേശിക കമ്മിറ്റികൾ രൂപികരിച്ച് പ്രവർത്തനം താഴെ തട്ടിലേക്ക് വ്യാപിപ്പിക്കാനും അതുവഴി കൂടുതൽ മലയാളികൾക്ക് ആശ്വാസമെത്തിക്കാനും ഇത് സംബന്ധിച്ച് വിളിച്ച് ചേർത്ത ഓൺലൈൻമീറ്റിങ്ങിൽ തീരുമാനിച്ചു.
വിവിധ കമ്മിറ്റികളുടെ നേതൃത്വത്തിലുള്ള പ്രവർത്തനങ്ങൾ എകോപിക്കുന്നതിനായി സമാജം കേന്ദ്രമായി പ്രവർത്തിക്കുന്ന ഓഫിസിന്റെ ചുമതലകൾ പ്രവാസി കമ്മിഷൻ അംഗം കണ്ണൂർ സുബൈർ, സമാജം മെംബർഷിപ്പ് സെക്രട്ടറി ആർ.ശരത്ത് എന്നിവരുടെ നേതൃത്വത്തിലാണ് നടക്കുന്നത്.
ബഹ്‌റൈൻ കേരളീയ സമാജം നോർക്ക സെല്ലിന്റെ കിഴിയിലുള്ള അടിയന്തര ഹെല്പ് ലൈൻ നന്പറുകൾ താഴെ പറയുന്ന പ്രകാരമാണ് പ്രവർത്തിക്കുക. 35347148 /33902517 രാവിലെ പത്തു മാണി മുതൽ രാത്രി 12 വരെയും 35320667, 39804013 വൈകുന്നേരം അഞ്ചു മുതൽ രാത്രി 11 മണി വരെ പ്രവർത്തിക്കും.
ഇതിന്റെ പ്രവർത്തനോദ്ഘാടനം ബഹ്റൈൻ കേരളീയ സമാജം ജനറൽ സെക്രട്ടറി വർഗീസ് കാരക്കൽ നിർവഹിച്ചു. പ്രവാസി കമ്മിഷൻ മെന്പർ സുബൈർ കണ്ണൂർ , ലോക കേരളാ സഭ മെന്പർ സി വി നാരായണൻ , സമാജം വൈസ് പ്രസിഡന്റ് ദേവദാസ് കുന്നത്ത്, ശരത്ത് ,ദിലീഷ് കുമാർ,രാജേഷ് ചേരാവള്ളി എന്നിവർ പങ്കെടുത്തു. പ്രവർത്തനമാരംഭിച്ച സമയം മുതൽ നൂറുകണക്കിന് ആളുകളാണ് സഹായങ്ങൾക്കും അന്വേഷങ്ങൾക്കുമായി വിളിച്ചു കൊണ്ടിരിക്കുന്നതെന്ന് അംഗങ്ങൾ അറിയിച്ചു. നിരവധി പേർക്ക് മരുന്നും ഭക്ഷണ കിറ്റുകളും മെഡിക്കൽ അസ്സിസ്റ്റൻസും നൽകാൻ കഴിഞ്ഞു. വിമാന സർവീസുമായി ബന്ധപ്പെട്ട കാര്യങ്ങൾ, വിസയുമായി ബന്ധപ്പെട്ട കാര്യങ്ങളും ചോദിച്ചു നിരവധി പേര് ബന്ധപെട്ടതായി കേരളീയ സമാജം പ്രസിഡന്റ് പി വി രാധാകൃഷ്ണ പിള്ള അറിയിച്ചു .