കോവിഡ്: കുവൈത്തിൽ രണ്ടു മരണം

കുവൈത്ത് സിറ്റി: കുവൈത്തിൽ രണ്ടുപേർ കൂടി കോവിഡ് ബാധിച്ച് മരിച്ചു. ഇതോടെ ആകെ കോവിഡ് മരണം അഞ്ചായി. 58 വയസുള്ള കുവൈത്ത് സ്വദേശിയായ സ്ത്രീയും, 69 വയസുള്ള ഇറാൻ പൗരനുമാണ് മരിച്ചത്. ഇന്നലെ 134 പേർക്ക് കൂടി വൈറസ് സ്ഥിരീകരിച്ചു. ഇതോടെ കോവിഡ് ബാധിതർ 1658 ആയി. രോഗം സ്ഥിരീകരിച്ചവരിൽ 64 പേർ ഇന്ത്യക്കാരാണ്. 63 ഇന്ത്യക്കാർ, നാല് കുവൈത്തികൾ, 20 ഈജിപ്തുകാർ, 14 ബംഗ്ലാദേശികൾ, നാല് നേപ്പാൾ പൗരന്മാർ, നാല് പാകിസ്ഥാനികൾ, മൂന്ന് ഫിലിപ്പീൻസുകാർ, മൂന്ന് ശ്രീലങ്കക്കാർ, രണ്ട് ബിദൂനികൾ, സൗദി, അമേരിക്ക, ബ്രിട്ടൻ, ജോർഡൻ, ഇറാൻ, ചൈന, അഫ്ഗാനിസ്ഥാൻ, കൊമോറോസ്, കാമറൂണ്‍ എന്നിവിടങ്ങളിൽനിന്നുള്ള ഓരോരുത്തർ എന്നിവർക്കാണ് കോവിഡ് സ്ഥിരീകരിച്ചത്.
മൂന്ന് കുവൈത്തികൾ, ഒരു ഇന്ത്യക്കാരൻ, ഒരു ബംഗ്ലാദേശി എന്നിവർക്ക് ഏതുവഴിയാണ് വൈറസ് ബാധിച്ചതെന്ന് കണ്ടെത്തിയിട്ടില്ല. കൊറോണ ബാധിക്കുന്നവരിൽ ബഹു ഭൂരിപക്ഷവും ഇന്ത്യക്കാരാണ്. വിദേശികൾ കൂട്ടത്തോടെ താമസിക്കുന്ന ഫർവാനിയ, സാൽമിയ, ഫഹാഹീൽ, ജലീബ്, മഹ്ബൂല ദേശങ്ങളാണ് കൊറോണ വ്യാപനത്തിന്‍റെ ഉറവിട കേന്ദ്രങ്ങൾ. ഈ മേഖലകളിൽ ആരോഗ്യ മന്ത്രാലയം നിരീക്ഷണം ശക്തമാക്കിയതായി അധികൃതർ അറിയിച്ചു.