ലോകകപ്പില്‍ ധോനിയെ ഉൾപ്പെടുത്തുന്ന കാര്യത്തിൽ ഇത്ര ചിന്തിക്കാനെന്തിരിക്കുന്നുവെന്ന് ഹര്‍ഭജന്‍ സിങ്ങ്

മുംബൈ: വരുന്ന ട്വന്റി−20 ലോകകപ്പിനുള്ള ഇന്ത്യൻ ടീമിൽ മുൻ നായകൻ മഹേന്ദ്ര സിങ്ങ് ധോനിയെ ഉൾപ്പെടുത്തുന്ന കാര്യത്തിൽ ഇത്ര ചിന്തിക്കാനെന്തിരിക്കുന്നു?’ സ്പിന്നർ ഹർഭജൻ സിങ്ങിന്റേതാണ് ചോദ്യം. രാജ്യാന്തര ക്രിക്കറ്റിൽ ഇന്ത്യക്ക് വേണ്ടി പ്രതിഭ തെളിയിച്ച ധോനിയെ ടീമിൽ ഉൾപ്പെടുത്തുന്ന കാര്യത്തിൽ ഇത്രയേറെ തലപുകയ്ക്കേണ്ട കാര്യമില്ലെന്നും ഹർഭജൻ സിങ്ങ് പറഞ്ഞു.
വാർത്താ ഏജൻസിയായ ഐ.എ.എൻ.എസ്സിന് നൽകിയ അഭിമുഖത്തിലാണ് ഹർഭജൻ തന്റെ അഭിപ്രായം വ്യക്തമാക്കിയത്. കഴിഞ്ഞ വർഷം നടന്ന ഏകദിന ലോകകപ്പിൽ സെമി ഫൈനലിൽ ഇന്ത്യ തോറ്റുപുറത്തായതോടെ ടീമിൽ ഇടം നഷ്ടപ്പെട്ട ധോനിയുടെ വിരമിക്കൽ സംബന്ധിച്ച് പലതരത്തിലുള്ള വാർത്തകൾ പുറത്തുവരുന്നതിനിടെയാണ് ഭാജിയുടെ പരസ്യപ്രതികരണം. ഇത്തവണത്തെ ഐപിഎല്ലിൽ മികച്ച പ്രകടനം പുറത്തെടുത്താൽ ധോനിക്ക് ടീമിലേക്ക് മടങ്ങിവരാൻ സാധിക്കുമെന്ന വിശ്വാസത്തിലായിരുന്നു ക്രിക്കറ്റ് ലോകം. എന്നാൽ കോവിഡ്−19നെ തുടർന്ന് 13−മത് ഐ.പി.എൽ തന്നെ അിശ്ചിത കാലത്തേക്ക് മാറ്റിവെച്ചിരിക്കുകയാണ്. ഈ സാഹചര്യത്തിലാണ് ഹർഭജൻ സിങ്ങ് തന്റെ നിലപാട് തുറന്നു പറഞ്ഞത്. ഒരു ഐപിഎൽ ടൂർമെന്റിലെ പ്രകടനത്തിന്റെ അടിസ്ഥാനത്തിൽ എങ്ങനെയാണ് ധോനിയെപ്പോലെ ഒരു താരത്തെ വിലയിരുത്തുക. അത് അസാധ്യമാണ്. ഇന്ത്യൻ ക്രിക്കറ്റ് ചരിത്രത്തിലെ തന്നെ മികച്ച താരങ്ങളിൽ ഒരാളാണ് ധോനി. രാജ്യത്തിന് വേണ്ടി തന്റെ പ്രതിഭ മുഴുവൻ പുറത്തെടുത്ത താരം. അത്തരം ഒരു കളിക്കാരനെ വിലയിരുത്താൻ ഒരു ടൂർണമെന്റിലെ പ്രകടനം മാത്രം അടിസ്ഥാനമാക്കുന്നത് ശരിയല്ല. ടീമിന് ധോനിയെപ്പോലെ ഒരു താരത്തെ ആവശ്യമുണ്ടെന്ന് തോന്നിയാൽ അദ്ദേഹത്തെ തിരഞ്ഞെടുക്കുക. ഇക്കാര്യത്തിൽ കൂടുതൽ ആലോചിക്കേണ്ട കാര്യംപോലും ഇല്ലെന്നും ഭാജി വ്യക്തമാക്കി.