ബഹ്റൈൻ പ്രതിഭയ്ക്ക് പുതിയ നേതൃത്വം: ഇരുപ്പത്തിയേഴാമത് കേന്ദ്രസമ്മേളനം സമാപിച്ചു

മനാമ: ബഹ്റൈൻ പ്രതിഭയുടെ ഇരുപ്പത്തിയേഴാമത് കേന്ദ്ര സമ്മേളനം സമാപിച്ചു. സഗയയിലെ പ്രത്യേകം സജ്ജീകരിച്ച അഭിമന്യു നഗറിൽ വെച്ചാണ് ഒരു ദിവസം നീണ്ടു നിന്ന സമ്മേളനം നടന്നത്. ഡി.വൈ.എഫ്.ഐ സംസ്ഥാന സെക്രെട്ടറി അഡ്വക്കേറ്റ് എ.എ റഹിമാണ് സമ്മേളനം ഉദ്‌ഘാടനം ചെയ്തത്. ഫാസിസത്തിന് എതിരെയുള്ള സമരത്തിന് ഇടവേളകൾ ഇല്ലെന്നും, അത് അഭംഗുരം ഉയർന്നുവരികയും വികസിക്കുകയും ചെയ്തുകൊണ്ടിരിക്കുകയുമാണെന്നും തന്റെ ഉദ്ഘാടന പ്രസംഗത്തിൽ എ.എ റഹിം പറഞ്ഞു. മറവികളോടുള്ള ഓർമകളുടെ കലാപം ആണ് രാഷ്ട്രീയ പ്രവർത്തനം എന്നും, ആർ.എസ്.എസും സംഘപരിവാറും മുന്പോട്ട് വെക്കുന്നത് വിഭജനത്തിന്റെ രാഷ്ട്രീയമാണെന്നും അദ്ദേഹം കൂട്ടിച്ചേർത്തു. ഇപ്പോഴത്തെ രാഷ്ട്രീയ കാലവസ്ഥയിൽ പുരോഗമന പക്ഷത്തു നിൽക്കുന്നവർ ആശങ്കപ്പെടേണ്ടവർ അല്ലെന്നും മറിച്ചു ആവേശഭരിതർ ആകേണ്ടവരാണെന്നും അദ്ദേഹം പറഞ്ഞു. വർഗീയതക്കെതിരെ ഇടതുപക്ഷമാണ് ശരി എന്ന് കാലം തെളിയിച്ചുകൊണ്ടിരിക്കുന്നു എന്ന് സ്പാർട്ടക്കസ് ജീവിത കഥ പറഞ്ഞുകൊണ്ട് അദ്ദേഹം വ്യക്തമാക്കി.
ഇന്ത്യയിൽ രാഷ്ട്രീയ കൊടിനിറങ്ങൾക്കപ്പുറം ഒരു ഐക്യനിര സംജാതകുകയാണ്. പുതു തലമുറ പൂക്കളുമായി പോരാട്ട സർഗ്ഗാത്മകയുടെ പുതിയ വാതായനങ്ങൾ തുറക്കുകയാണ്.
ബഹ്‌റൈൻ പ്രതിഭയുടെ പന്ത്രണ്ടു യൂണിറ്റുകളിൽ നടന്ന യൂണിറ്റ് സമ്മേളനങ്ങളിൽ തിരഞ്ഞെടുക്കപ്പെട്ട പ്രതിനിധികൾ ആണ് സമ്മേളനത്തിൽ പങ്കെടുത്തത്. സ്ത്രീകളുടെ പങ്കാളിത്വവും ശ്രദ്ധേയം ആയിരുന്നു. ഉദ്‌ഘാടനത്തിനു ശേഷം സെക്രെട്ടറി ഷെരിഫ് കോഴിക്കോട് അവതരിപ്പിച്ച പ്രവർത്തന −സംഘടനാ റിപ്പോർട്ടിൽ മേൽ യൂണിറ്റ് പ്രതിനിധികൾ പൊതു ചർച്ച നടത്തി റിപ്പോർട്ട് അംഗീകരിച്ചു. പി.ടി നാരായണൻ, എ. മഹേഷ്, ഷീബ രാജീവൻ, ബിന്ദു റാം, അഡ്വക്കേറ്റ് ജോയ് വെട്ടിയാടൻ എന്നിവർ അടങ്ങിയ പ്രെസീഡിയം ആണ് സമ്മേളന നടപടികൾ നിയന്ത്രിച്ചത്. ഷീജ വീരമണി രക്തസാക്ഷിപ്രമേയവും, പ്രദീപ് പതേരി അനുശോചന പ്രമേയവും അവതരിപ്പിച്ചു.
പ്രവാസി ക്ഷേമനിധി കൂടുതൽ ശാസ്ത്രീയമായി പുനർ ക്രമീകരിക്കുക, അവധിക്കാല വിമാന യാത്ര കൂലിയിലെ കൊള്ള അവസാനിപ്പിക്കുക, ഇന്ത്യൻ ജനാധിപത്യം സംരക്ഷിക്കാൻ അണിചേരുക, ഫാസിസ്റ്റു വിരുദ്ധ പോരാട്ടത്തിൽ മത നിരപേക്ഷ നിലപാട് ഉയർത്തിപ്പിടിച്ചു പ്രവാസി സമൂഹവും അണിചേരുക, പൗരത്വവിവേചനത്തിനെതിരെ പ്രതിഷേധിക്കുക, വിവിധ പദ്ധതികളിലൂടെ പ്രവാസി ക്ഷേമ പ്രവർത്തനങ്ങൾക്കു നേതൃത്വം കൊടുക്കുന്ന കേരള സർക്കാരിന് ഐക്യ ദാർഢ്യം തുടങ്ങിയ പ്രമേയങ്ങൾ സമ്മേളനം പാസ്സാക്കി. തോമസ് ചാണ്ടി എം.എൽ.എയുടെ ആകസ്മിക നിര്യാണത്തിൽ സമ്മേളനം അനുശോചനം രേഖപ്പെടുത്തി.
സ്വരലയയുടെ അവതരണ ഗാനത്തോടെ ആരംഭിച്ച സമ്മേളനം വരുന്ന രണ്ടു വർഷക്കാലത്തേക്കുള്ള ഭാരവാഹികളെ തിരഞ്ഞെടുത്തു കൊണ്ട് അവസാനിച്ചു. ലിവിൻ കുമാർ (ജനറൽ സെക്രട്ടറി), സതീഷ് കെ.എം (പ്രസിഡണ്ട്), മഹേഷ് കെ.എം (ട്രഷറർ), രാജേഷ് വി (മെന്പർഷിപ്പ് സെക്രട്ടറി), ജി. ബിനു, ഡോക്ടർ ശിവകീർത്തി (ജോയിന്റ് സെക്രട്ടറിമാർ), കെ. എം രാമചന്ദ്രൻ, ഷീബ രാജീവൻ (വൈസ് പ്രസിഡണ്ടുമാർ), മിജോഷ് മൊറാഴ (കലാവിഭാഗം സെക്രട്ടറി, പ്രജിൽ മണിയൂർ (ലൈബ്രെറിയൻ), പി ശ്രീജിത്ത് (മുഖ്യ രക്ഷാധികാരി) എന്നിവർ ഭാരവാഹികൾ ആയ ഇരുപത്തിയൊന്നു അംഗ കേന്ദ്ര എക്സിക്യൂട്ടീവ് കമ്മിറ്റയെയാണ് സമ്മേളനം തിരഞ്ഞെടുത്തത്. നാലു മേഖലകൾ ആയി മേഖല കമ്മിറ്റികൾ രൂപീകരിച്ചു പ്രവർത്തനം കൂടുതൽ വിപുലപ്പടുത്തി. സമ്മേളന പ്രതിനിധികളുടെ വിവരങ്ങൾ അടങ്ങുന്ന ക്രഡൻഷ്യൽ റിപ്പോർട്ട് അവതരിപ്പിച്ചു. ബഹ്‌റൈൻ പ്രതിഭയുടെ മുതിർന്ന നേതാക്കളായ പി ശ്രീജിത്ത്, സി.വി നാരായണൻ, സുബൈർ കണ്ണൂർ, എ.വി അശോകൻ, എൻ.കെ വീരമണി എന്നിവർ സമ്മേളനത്തെ അഭിവാദ്യം ചെയ്തു സംസാരിച്ചു.