തെരഞ്ഞെടുപ്പുകളിൽ വിജയികളായ വനിതകൾക്ക് പ്രശംസ
മനാമ : പാർലമെൻററി, മുനിസിപ്പൽ തെരഞ്ഞെടുപ്പുകളിൽ വിജയികളായ വനിതകൾക്ക് ഹമദ് രാജാവിന്റെ പത്നിയും സുപ്രിം കൗൺസിൽ ഫോർ വുമൺ (എസ്.സി.ഡബ്ല്യു.) പ്രസിഡന്റുമായ പ്രിൻസസ് സബീക ബിൻത് ഇബ്രാഹിം അൽ ഖലീഫയുടെ പ്രശംസ. ബഹ്റൈനിലെ വനിത വോട്ടർമാരും സ്ഥാനാർത്ഥികളും തെരഞ്ഞെടുപ്പിൽ മികച്ച പങ്കാളിത്തം വഹിച്ചതായി അവർ പറഞ്ഞു. പ്രതിനിധി സഭയിൽ ആറു സീറ്റുകളും, മുനിസിപ്പൽ കൗൺസിലിൽ നാലു സീറ്റും നേടി ബഹ്റൈൻ സ്ത്രീ സമൂഹത്തിന്റെ ഉത്തരവാദിത്തങ്ങൾ ഏറ്റെടുക്കുന്നതിലുള്ള സ്ത്രീകളുടെ കഴിവിൽ വിശ്വാസം അർപ്പിക്കുന്നതായും അവർ പറഞ്ഞു.
ലെജിസ്ലേറ്റീവ് അസംബ്ലിയിൽ ബഹ്റൈൻ വനിതകളുടെ പ്രാതിനിധ്യം 19 ശതമാനമായി വർധിച്ചു. എസ്.സി.ഡബ്ല്യുവിന്റെ മൂന്നാമത്തെ സമ്മേളനത്തിൽ സംസാരിക്കുകയായിരുന്നു സബീക. ബഹറൈനി വനിതാ ദിനത്തിന്റെ പ്രമേയം കൗൺസിൽ അംഗീകരിച്ചു. 'ഹയർ എഡ്യൂക്കേഷൻ ഫീൽഡ് ആൻഡ് ഫ്യൂച്ചർ സയൻസസിൽ ബഹ്റൈൻ വനിതകളുടെ പങ്ക്' എന്നതാണ് 2019 ലെ പ്രമേയം. 2018 ലെ കൌൺസിലിന്റെ പ്രാദേശിക, അന്തർദേശീയ നേട്ടങ്ങൾ പരാമർശിച്ച അവർ, ഹമദ് ബിൻ ഇസ അൽ ഖലീഫ രാജാവിന്റെ അഭിലാഷങ്ങൾക്കനുസരിച്ച് 2019 ൽ കൂടുതൽ നേട്ടങ്ങൾ കൈവരിക്കുമെന്ന് പ്രത്യാശ പ്രകടിപ്പിച്ചു.
ബഹ്റൈനി വനിതാദിനം 2018, തെരഞ്ഞെടുപ്പിൽ ബഹ്‌റൈൻ സ്ത്രീകളുടെ രാഷ്ട്രീയ പങ്കാളിത്തം, തുടങ്ങി സ്ത്രീകളെ സംബന്ധിക്കുന്ന വിഷയങ്ങൾ കൗൺസിൽ ചർച്ച ചെയ്യുമെന്ന് എസ്.സി.ഡബ്ല്യു സെക്രട്ടറി ജനറൽ ഹലാ അൽ അൻസാരി പറഞ്ഞു.