വാറ്റ് : രാജ്യത്ത് 522 സ്ഥാപങ്ങൾ രജിസ്റ്റർ ചെയ്തു
മനാമ : ബഹ്റൈനിൽ മൂല്യ വർധിത നികുതി (വാറ്റ്) നടപ്പിലാക്കുന്നതിനുള്ള ആദ്യഘട്ടം പുരോഗമിക്കുന്നു. രാജ്യത്ത് ഇതുവരെ 522 സ്ഥാപങ്ങൾ നാഷണൽ ബ്യൂറോ ഓഫ് ടാക്സേഷൻ (എൻ.ബി.ടി) യിൽ രജിസ്റ്റർ ചെയ്തു. 5 മില്ല്യൺ ബഹ്‌റൈൻ ദിനാറോ അതിലധികമോ വാർഷിക വരുമാനമുള്ള കമ്പനികളിലാണ് ആദ്യഘട്ടം വാറ്റ് നടപ്പാക്കുന്നതെന്ന് ധനകാര്യ മന്ത്രാലയത്തിലെ നാഷണൽ എക്കണോമിക്സ് ആൻഡ് പബ്ലിക് റവന്യൂ ഡെവലപ്മെന്റ് അസിസ്റ്റന്റ് അണ്ടർ സെക്രട്ടറി റാണ ഇബ്രാഹിം ഫഖിഹി പറഞ്ഞു. ഈ കമ്പിനികൾക്ക് ഡിസംബർ 20 വരെ എൻ.ബി.ടിയിൽ രജിസ്റ്റർ ചെയ്യാമെന്നും അദ്ദേഹം പറഞ്ഞു.
2019 ജനുവരി 1ന് ആണ് രാജ്യത്ത് വാറ്റ് നടപ്പാക്കുന്നത്. വാറ്റ് ലോ എക്സിക്യുട്ടിവ് റെഗുലേഷൻസ് പ്രകാരം 94 ഭക്ഷ്യവസ്തുക്കൾക്കും മറ്റ് വസ്തുക്കൾക്കും സേവനങ്ങൾക്കും വാറ്റ് ഒഴിവാക്കിയിട്ടുണ്ടെന്ന് ഫഖിഹി പറഞ്ഞു. വാറ്റ് നിയമത്തിന്റെ പ്രവർത്തന വശങ്ങളെക്കുറിച്ചുള്ള വിശദീകരണവും എക്സിക്യുട്ടീവ് ലോയിൽ ഉൾപ്പെടുന്നു. ജി.സി.സി. അംഗീകരിച്ച ഏകീകൃത വാറ്റ് കരാറിന് അനുസൃതമായാണ് ബഹ്റൈനിലും വാറ്റ് നടപ്പാക്കുന്നത്. ഇക്കാര്യത്തിൽ രാജകീയ ഉത്തരവുകൾ പുറപ്പെടുവിച്ചതിനെത്തുടർന്ന് അപ്പർ, ലോവർ ഹൗസുകൾ കരട് നിയമത്തിന് അംഗീകാരം നൽകി.
ജി.സി.സി രാജ്യങ്ങളുടെ ഏകീകൃത വാറ്റ് കരാർ പ്രകാരം യു.എ.ഇക്കും സൗദി അറേബ്യക്കും പിന്നാലെ വാറ്റ് നടപ്പാക്കുന്ന മൂന്നാമത്തെ രാജ്യമാകും ബഹ്‌റൈൻ. 2018 ലെ ഗൾഫ് കോപറേഷൻ കൗൺസിൽ (ജിസിസി) ഉടമ്പടിയുടെ ഭാഗമായി അഞ്ച് ശതമാനം എന്ന നിരക്കിലാണ് വാറ്റ് അവതരിപ്പിക്കുന്നത്. ബഹ്റൈൻ 2018 ഒക്ടോബർ 9ന് ഔദ്യോഗിക ഗസറ്റ് വെബ്സൈറ്റ് വഴി വാറ്റ് നിയമം പുറത്തിറക്കിയിരുന്നു. ജി.സി.സി വാറ്റ് കരാർ അനുസരിച്ച്, നിയമത്തിലെ 2 ാം വകുപ്പ് പ്രകാരം ബഹ്റൈനിൽ നിർമ്മിക്കുന്നതും അതുപോലെ ഇറക്കുമതി ചെയ്യുന്നതുമായ സാധനങ്ങൾക്കും സേവനങ്ങൾക്കും വാറ്റ് ബാധകമാണ്.
നിയമത്തിന്റെ മൂന്നാം അനുഛേദപ്രകാരം 5 ശതമാനം എന്ന സ്റ്റാൻഡേർഡ് റേറ്റ് നൽകുന്നുണ്ട്. ചില ചരക്കുകളും സേവനങ്ങളും വാറ്റിൽനിന്ന് ഒഴിവുള്ളവയാകാം. കസ്റ്റംസ് അതോറിറ്റിക്ക് ഇറക്കുമതി ചെയ്യുന്ന വാറ്റ് നികുതി നൽകണമെന്ന് ആർട്ടിക്കിൾ 51 നിർദ്ദേശിക്കുന്നു. 2019 ൽ വാറ്റ് നടപ്പാക്കുമെന്ന് ഒമാൻ പ്രഖ്യാപിച്ചു. എന്നാൽ കുവൈറ്റ് പാർലമെന്റ്റ് വാറ്റ് വിഷയത്തിൽ വോട്ടെടുപ്പ് നടത്തിയിട്ടില്ല. 5 ശതമാനം വാറ്റ് നടപ്പിലാക്കുന്നതോടെ ആറു ജിസിസി രാജ്യങ്ങൾക്ക് പ്രതിവർഷം 25 ബില്ല്യൻ ഡോളർ വരുമാനം ലഭിക്കുമെന്ന് പ്രതീക്ഷിക്കുന്നു.