അധ്യാപകരുടെ ഹോം ട്യൂഷനുകൾക്കെതിരെ രക്ഷിതാക്കൾ
മനാമ : ബഹ്‌റൈനിലെ വിദ്യാർഥികൾക്ക് ചില സ്‌കൂളുകളിൽ പഠിപ്പിക്കുന്ന അതേ അധ്യാപകർ തന്നെ സ്വന്തം നിലയ്ക്ക് ഫീസ് വാങ്ങി ട്യൂഷൻ എടുക്കുന്ന സമ്പ്രദായം അവസാനിപ്പിക്കണമെന്ന് ചില രക്ഷിതാക്കൾ ആവശ്യപ്പെട്ടു. ഹോം വർക്ക് വേണ്ടെന്ന മന്ത്രിയുടെ തീരുമാനം സംബന്ധിച്ച അഭിപ്രായം ആരാഞ്ഞപ്പോഴാണ് രക്ഷിതാക്കൾ സ്വകാര്യ ട്യൂഷനെതിരെയും തങ്ങളുടെ പ്രതിഷേധം അറിയിച്ചത്. ഹോം വർക്ക് വേണ്ടെന്ന വിദ്യാഭ്യാസ മന്ത്രാലയത്തിന്റെ തീരുമാനം സ്വാഗതമാണെന്നും എന്നാൽ ഇന്ത്യൻ സമൂഹത്തിലെ ചിലസ്‌കൂൾ അധ്യാപകർ വീടുകളിൽ നടത്തുന്ന സ്വകാര്യ ട്യൂഷനുകളും അവസാനിപ്പിക്കാൻ വേണ്ടുന്ന നടപടികൾ സ്വീകരിക്കണമെന്നും ചില രക്ഷിതാക്കൾ ആവശ്യപ്പെട്ടു. ചില അധ്യാപകർ സ്‌കൂളുകളിൽ നിന്നും കുട്ടികളെ ട്യൂഷന് ചെല്ലാൻ വേണ്ടി പ്രലോഭിപ്പിക്കുകയും അവർ പഠിപ്പിക്കുന്ന സ്‌കൂളിലെ കുട്ടികളിൽ നിന്നുതന്നെ ഫീസ് വാങ്ങി വീട്ടിൽ വച്ച് പഠിപ്പിക്കുകയും ചെയ്യുന്നുണ്ട് . മാത്രമല്ല സ്‌കൂളിൽ കുട്ടികൾക്ക് കൃത്യമായി മനപ്പൂർവ്വം പഠിപ്പിക്കാതിരിക്കുകയും സംശയം ചോദിക്കുന്ന വിദ്യാർഥികളോട് വീട്ടിൽ വന്നാൽ സംശയം തീർത്തുതരാമെന്നു ആവശ്യപ്പെടുകയും ചെയ്തതായും ചില രക്ഷിതാക്കൾ പറഞ്ഞു. ഇതിനെതിരെയും വിദ്യാഭ്യാസ മന്ത്രാലയത്തിൽ പരാതി നൽകുമെന്നും ഒരു രക്ഷിതാവ് 4 പി എം ന്യൂസിനോട് പറഞ്ഞു