ബഹ്‌റൈനിലെ വിദ്യാർഥികൾക്ക് ഇനി വീട്ടിൽ കളിക്കാം
മനാമ: ബഹ്‌റൈനിലെ സ്‌കൂൾ വിദ്യാർഥികൾക്കും രക്ഷിതാക്കൾക്കും ഇനി വീട്ടിൽ സ്വസ്‌ഥതയോടെ അൽപ്പം കളിച്ചും രസിച്ചു ഇരിക്കാനുള്ള കാലം വരാൻ പോകുന്നു. മറ്റൊന്നുമല്ല ഇനി മുതൽ വീടുകളിൽ 'ഹോം വർക്ക് 'വേണ്ടെന്ന് വിദ്യാഭ്യാസ മന്ത്രി ഉത്തരവിട്ടിരുന്നു. ബഹ്‌റൈൻ വിദ്യാഭ്യാസ മന്ത്രി ഡോ. മജീദ് അൽ നു ഐമി ആണ് ഇത് സംബന്ധിച്ച തീരുമാനം എടുത്തിരിക്കുന്നത്.
കുട്ടികൾക്ക് ഹോം വർക്ക് നൽകുന്നത് നിർത്തലാക്കി അവ ക്ലാസ് റൂമുകളിൽ വച്ച് തന്നെ അധ്യാപകരുടെ മേൽനോട്ടത്തിൽ തന്നെ പൂർത്തീകരിക്കണമെന്നാണ് മന്ത്രി നിഷ്കര്ഷിച്ചിട്ടുള്ളത്. ഓരോ പാഠങ്ങളും പൂർത്തിയാക്കുന്ന മുറയ്ക്ക് വിഷയം സംബന്ധിച്ച സംശയങ്ങളും ചോദ്യോത്തരണങ്ങളും എല്ലാം ക്ലാസിൽ വച്ച് തന്നെ തീർക്കുകയും കുട്ടികൾക്ക് പരമാവധി അറിവുകൾ ക്ലാസിൽ നിന്ന് തന്നെ പഠിപ്പിച്ചു കൊടുക്കുകയും ചെയ്യണമെന്നും മന്ത്രാലയം വ്യക്തമാക്കുന്നു.
ഹോം വർക്ക് സംബന്ധിച്ച് പഠിക്കാൻ നിയോഗിക്കപ്പെട്ട പ്രത്യേക കമ്മീഷൻ അംഗങ്ങളുമായി നീണ്ട കാലത്തെ ചർച്ചകൾ നടത്തിയതിനു ശേഷമാണ് ഈയൊരു തീരുമാനം എടുത്തിട്ടുള്ളത് എന്നും മന്ത്രാലയം വ്യക്തമാക്കുന്നു. 2018-19 ധ്യയന വർഷത്തിലെ രണ്ടാം സെമസ്റ്റർ തൊട്ട് തന്നെ നിർദ്ദേശം സ്‌കൂളുകളിൽ നടപ്പിലാക്കി തുടങ്ങണമെന്നും മന്ത്രാലയൽ ശുപാർശ ചെയ്യുന്നു.
ഇരുപത്തിയൊന്നാം നൂറ്റാണ്ടിലെ ആവശ്യങ്ങളെ നേരിടുന്നതിനും കൂടുതൽ അറിവ് സമ്പാദിക്കുന്നതിനും വേണ്ടിയുള്ള പഠന രീതി ഉണ്ടാക്കണം എന്ന മന്ത്രാലയത്തിന്റെ തീരുമാനത്തോട് യോജിച്ചു പോവുന്നതാണ് ഈ ക്രിയാത്മക സമീപനം. ശാസ്ത്രം, ഗണിതം ഭാഷ തുടങ്ങിയ വിഷയങ്ങളിൽ അന്താരാഷ്ട്ര നിലവാരത്തിലുള്ള പഠന രീതി ഉറപ്പാക്കുന്ന രീതിയിൽ അധ്യയന രംഗത്ത് വൻ മാറ്റങ്ങൾ കൊണ്ടുവരണം എന്നതാണ് നിലവിൽ വിദ്യാഭ്യാസ വകുപ്പിന്റെ ആശയമെന്നും വിദ്യാഭ്യാസ മന്ത്രാലയം സൂചിപ്പിച്ചു.
ഹോം വർക്ക് സ്‌കൂളിൽ തന്നെ ചെയ്യുന്നത് സംബന്ധിച്ച് അധ്യാപകരിൽ നിന്ന് സമ്മിശ്ര പ്രതികരണമാണ് ലഭിച്ചത്. ചില അധ്യാപകർ ഈ തീരുമാനത്തോട് പൂർണ്ണമായും യോജിച്ചപ്പോൾ ഒരു സ്വകാര്യ സ്‌കൂൾ അദ്ധ്യാപിക തീർത്തും വിയോജിപ്പ് പ്രകടിപ്പിച്ചു. കുട്ടികൾ സ്‌കൂളിൽ നിന്ന് പഠിച്ചാലും വീട്ടിൽ എത്തി പാഠഭാഗം ഒന്ന് കൂടി ഓർത്തെടുക്കുന്നതിനും സ്‌കൂളിൽ പഠിപ്പിച്ച വിഷയത്തിന് സമാനമായ ഒരു ചോദ്യത്തിന് എങ്ങനെ ഉത്തരമെഴുതും എന്നതിന്റെ വിശകലനം കൂടിയാണ് വീട്ടിൽ കൊടുത്തയക്കുന്ന വർക്കിലൂടെ ഉദ്ദേശിക്കുന്നത് സമർഥരായ ചില കുട്ടികൾക്ക് ചിലപ്പോൾ സ്‌കൂളിൽ ഒറ്റത്തവണ പഠിപ്പിച്ചാൽ തന്നെ മനസ്സിലാകുമായിരിക്കും. എന്നാൽ ചില കുട്ടികൾക്ക് കണക്കു പോലുള്ള വിഷയങ്ങളിൽ അദ്ധ്യാപികരുടെ സഹായമില്ലാതെ ചെയ്യാൻ പ്രയാസം ഉണ്ടാകും. അത്തരം കുട്ടികളെ കണ്ടെത്താൻ ഹോം വർക്ക് സഹായകമാകും എന്നും ചില അധ്യാപകർ പറയുന്നു. കുട്ടികൾക്ക് ഹോം വർക്ക് നൽകുന്നത് നിർത്തലാക്കിയതിനെ ഭൂരിപക്ഷം രക്ഷിതാക്കളും സ്വാഗതം ചെയ്തു.
അതെ സമയം ഹോംവർക്കുമായി ബന്ധപ്പെട്ട നിയമം ഇന്ത്യൻ സിലബസ് പഠിക്കുന്ന കുട്ടികൾക്ക് ബാധകമാണോ എന്ന കാര്യത്തെപ്പറ്റി തങ്ങൾക്കു അറിവില്ലെന്നും ഇത് സംബന്ധിച്ച് ഇതുവരെയും തങ്ങൾക്ക് മന്ത്രാലയത്തിൽ നിന്നും സർക്കുലർ ഒന്നും എത്തിയിട്ടില്ലെന്നും ബഹ്‌റൈനിലെ ഒരു സ്വകാര്യ സ്‌കൂൾ പ്രിൻസിപ്പൽ ഫോർ പി എം ന്യൂസിനോട് പറഞ്ഞു