500 ദിനാറിന്‌ പലിശ നൽകിയത് 840 ദിനാർ ;പലിശക്കാർ ഭീഷണിപ്പെടുത്തി വീഡിയോ എടുപ്പിച്ചതായി മലയാളി


മനാമ: 500 ദിനാറിന്‌ പലിശയിനത്തിൽ മാത്രം 840 ദിനാറോളം  തിരിച്ചു നൽകിയിട്ടും പണയമായി ഈട് നൽകിയ തന്റെയും സഹോദരന്റെയും പാസ്പോർട്ട് പോലും തിരിച്ചു നൽകുന്നില്ലെന്നും  കഴിഞ്ഞ ദിവസം  പലിശക്കാരുടെ മർദ്ദനത്തിന് ഇരയായ മലയാളി പറഞ്ഞു. ഭീഷണിപ്പെടുത്തി വാടക കാർ എടുത്തത്തിന്റ പണം നൽകിയില്ലെന്ന രീതിയിൽ സംസാരിച്ചു വീഡിയോയും പലിശക്കാർ അടങ്ങുന്ന ഗുണ്ടാസംഘങ്ങൾ എടുത്തതായും ഇവർ പറഞ്ഞു. കഴിഞ്ഞ വെള്ളിയഴ്ചയാണ് ബഹ്‌റൈൻ മലയാളി പ്രവാസിയെയും പലിശ വിരുദ്ധ സമിതി പ്രവർത്തകരെയും പലിശാ സംഘങ്ങൾ അടങ്ങുന്ന  ഗുണ്ടാ സംഘങ്ങൾ ആലിയിൽ ബന്ദിയാക്കിയത്.
മണിക്കൂറുകളോളം ബന്ദിയാക്കിയ സാമൂഹ്യ പ്രവർത്തകരെ പിന്നീട് പുറത്തേയ്ക്ക് പോകാൻ അനുവദിച്ചെങ്കിലും പലിശയ്ക്ക് പണം വാങ്ങിയ മലയാളിയെ ഗുണ്ടാ സംഘങ്ങൾ  മർദിക്കുകയും  നിർബന്ധിത വീഡിയോ ചിത്രീകരിക്കുകയും ചെയ്യുകയായിരുന്നു. തുടർന്ന് ആശുപത്രിയിൽ ചികിത്സ തേടിയ മലയാളിയുടെ പരാതിയിൽ  പലിശക്കാർക്കെതിരെ പോലീസ് കേസ് രജിസ്റ്റർ ചെയ്തിട്ടുണ്ട് .
കൊള്ളപ്പലിശയ്ക്ക് പണം കടം കൊടുക്കുന്ന സംഘങ്ങൾ പ്രവാസികൾക്കിടയിൽ ഇപ്പോഴും സജീവമാണ്. ഇതിൽ വലിയൊരു വിഭാഗം പലിശക്കാരും പലരുടെയും ബിനാമിയായാണ് പ്രവർത്തിക്കുന്നതെന്നാണ് വിവരം.  അനധികൃതമായി നടത്തിവരുന്ന ഇത്തരം പലിശ ബിസിനസിൽ  സ്വർണ്ണം,പാസ്സ്‌പോർട്ട്,ഡ്രൈവിംഗ് ലൈസൻസ് തുടങ്ങിയവ ഈട് വച്ചാണ്  പണം നൽകുന്നത്.
അടുത്തകാലത്ത് ബഹ്‌റൈനിലെ സാമ്പത്തിക മാന്ദ്യം അനുഭവപ്പെട്ടതും പല കമ്പനികളിലും സാമ്പത്തിക മാന്ദ്യം ഉണ്ടായതുമാണ് പലിശക്കാർ സജീവമാകുന്നതിനു കാരണം. പല ഫസ്റ്റ് ക്ലാസ് റസ്റ്റോറന്റുകളെയും ആശ്രയിച്ചുള്ള നിരവധി പലിശ ബിസിനസുകളാണ് നടക്കുന്നത്. പ്രത്യേകിച്ച് ബാർ ജീവനക്കാർക്കു ലഭിക്കുന്ന നിത്യ വരുമാനം പലിശയായി  സ്വീകരിച്ചു് ഒരുമിച്ചു പണം നൽകി  'സഹായിക്കുന്ന ' പലിശ ബിസിനസുകാരും ഇത്തരത്തിൽ പ്രവർത്തിച്ചു വരുന്നുണ്ട്. പണം വാങ്ങിയവരിൽ നിന്നും ദിവസേന പലിശ ഈടാക്കാനായി പ്രത്യേകം ജീവനക്കാർ തന്നെ  ജോലി ചെയ്യുന്നു. പ്രത്യേകിച്ച്  'ഫ്രീ വിസ  ' എടുക്കാനാണ് ഫസ്റ്റ് ക്ലാസ് റസ്റ്റോറന്റ് ജീവനക്കാർ  പലിശക്കാരെ ആശ്രയിക്കുന്നത്. ഇത്തരത്തിൽ ഫ്രീ വിസ ഏർപ്പെടുത്തിക്കൊടുക്കുന്ന പലിശക്കാരും  സജീവമാണ്. ബാറുകളിലും ഫസ്റ്റ് ക്ലാസ് റസ്റ്റോറന്റുകളിലും പലിശപ്പിരിവുകാർക്ക് പ്രത്യേക ടേബിൾ തന്നെ ഏർപ്പാടാക്കിക്കൊടുക്കുന്നവർ ഉണ്ട്. പലിശക്കാരുടെ കെണിയിൽ അകപ്പെട്ട ഒരു യുവതിയുടെ പലിശ മുടങ്ങിയതിനെ തുടർന്ന് പലിശ നൽകിയ മലയാളി കേട്ടാൽ അറപ്പ് ഉളവാക്കുന്ന വാക്കുകൾ ഉപയോഗിച്ച് തെറി വിളിച്ചത് സോഷ്യല്‍  മീഡിയയിലൂടെ വൈറൽ ആയതോടെ ബഹ്‌റൈനിലെ സാമൂഹ്യ പ്രവർത്തകർ ഇത്തരത്തിൽ അനധികൃത പലിശ ബിസിനസ്സ് നടത്തുന്നവർക്കെതിരായി രംഗത്ത് വന്നിട്ടുണ്ട്. എന്നാൽ ഇവരെയടക്കം ബന്ദികളാക്കി തങ്ങളുടെ സാമ്രാജ്യം വിപുലപ്പെടുത്താനും ഈ മേഖലയിൽ ഉള്ളവർ  ഒത്തുചേർന്ന് പലിശ വിപണിയെ നിലനിർത്താനുള്ള തന്ത്രമാണ് കഴിഞ്ഞ ദിവസം നടന്നതെന്ന് വ്യക്തം.

You might also like

  • Lulu Exchange
  • Straight Forward

Most Viewed