ജലവിഭവ മന്ത്രി മാത്യു ടി. തോമസ് രാജിവച്ചു

തിരുവനന്തപുരം : ജലവിഭവ മന്ത്രി മാത്യു ടി. തോമസ് രാജിവച്ചു. ക്ലിഫ്ഹൗസിലെത്തിയ അദ്ദേഹം മുഖ്യമന്ത്രി പിണറായി വിജയന് രാജിക്കത്ത് കൈമാറി. ജനതാദളിലെ(എസ്) മുൻ ധാരണപ്രകാരം കെ. കൃഷ്ണൻകുട്ടി എംഎൽഎയ്ക്കു മന്ത്രിയാകാൻ വേണ്ടിയാണു മാത്യു ടി. ഒഴിയുന്നത്. പാർട്ടി പിളരില്ലെന്നു രാജിവച്ച ശേഷം വ്യക്തമാക്കിയ അദ്ദേഹം, ഉപാധികൾ ഇല്ലാതെയാണ് രാജി എന്നും പറഞ്ഞു. എംഎൽഎയായി തന്നെ ഒരുപാട് കാര്യങ്ങൾ ചെയ്യാനാകുമെന്നും പുതിയ മന്ത്രി മികച്ച പ്രകടനം കാഴ്ചവയ്ക്കുമെന്നാണ് പ്രതീക്ഷയെന്നും മാത്യു ടി. തോമസ് പറഞ്ഞു.
പുതിയ മന്ത്രിയുടെ സത്യപ്രതിജ്ഞ നാളെ വൈകിട്ട് നടക്കാനാണു സാധ്യത. ഗവർണറുടെ സൗകര്യം ചോദിച്ച ശേഷമായിരിക്കും തീരുമാനം. രാജിയോടനുബന്ധിച്ചു മാത്യു ടി.തോമസിന്റെയും കെ.കൃഷ്ണൻകുട്ടിയുടെയും വാക്‌പോര് ജനതാദളിലെ തർക്കം രൂക്ഷമാക്കിയിട്ടുണ്ട്. മാത്യു ടി.വിഭാഗം ബദൽയോഗം വിളിച്ചുചേർക്കുമെന്ന പ്രചാരണമുണ്ടെങ്കിലും നേതാക്കൾ നിഷേധിച്ചു.