ഇന്ത്യൻ സ്‌കൂൾ തരംഗ് സമാപിച്ചു : ജെ സി ബോസ് ചാമ്പ്യന്മാരായി; വിഘ്‌നേശ്വരി നടരാജൻ കലാരത്ന

മനാമ: ഇന്ത്യൻ സ്‌കൂൾ കലോത്സവം തരംഗിൽ ഏറ്റവും പോയിന്റുകൾ വാരിക്കൂട്ടി ജെ സി ബോസ് ചാമ്പ്യന്മാരായി.കഴിഞ്ഞ ദിവസം നടന്ന പ്രൗഢ ഗംഭീരമായ ചടങ്ങിൽ വച്ച് ചാമ്പ്യൻഷിപ്പും വിജയികൾക്കുള്ള സമ്മാന വിതരണവും നടന്നു. 1648 പോയന്റുകൾ നേടി ജെ സി ബോസ് ഒന്നാമതെത്തിയപ്പോൾ 1603 പോയന്റുകൾ കരസ്‌ഥമാക്കി വിക്രം സാരാഭായ് റണ്ണർ അപ്പും 1504 പോയന്റുകൾ നേടി ആര്യഭട്ട മൂന്നാമതും സ്‌ഥാനം നേടി.
ഏറ്റവും ഒടുവിൽ എത്തിയ സി വി രാമൻ 1380 പോയന്റുകൾ നേടി.
വ്യക്തിഗത മത്സരങ്ങളിൽ ഏറ്റവും കൂടുതൽ പോയന്റുകൾ നേടി(56) ആര്യഭട്ട യിലെ വിഘ്‌നേശ്വരി നടരാജൻ കലാരത്നയായി തെരഞ്ഞെടുക്കപ്പെട്ടു.എ ലെവലിൽ രാഖി രാകേഷ്,ബി ലെവൽ അനഘ എസ് ലാൽ,സി ലെവലിൽ ജിയോൺ ബിജു,ഡി ലെവലിൽ ജിയോൻ ബിജു എന്നിവർ ഗ്രൂപ്പ് ചാമ്പ്യന്മാരായി.സ്നേഹ മുരളി,മീനാക്ഷി പ്രമോദ്,നന്ദിനി രാജേഷ്,ദേവിശ്രീ സുമേഷ് എന്നിവർ സ്റ്റാർ അവാർഡുകളും നേടി.
ഇസാ ടൗണ്‍ ജഷൻ മാൾ ഹാളിൽ വച്ച് നടന്ന ചടങ്ങിൽ സ്‌കൂൾ പ്രിൻസിപ്പൽ പളനിസ്വാമി സ്വാഗതം പറഞ്ഞു.ചെയർമാൻ പ്രിൻസ് നടരാജൻ അധ്യക്ഷത വഹിച്ച ചടങ്ങില്‍ ബഹ്‌റൈൻ മുൻ വൈദ്യുതി മന്ത്രി അബ്ദുല്ലാ മുഹമ്മദ് ജുമാ മുഖ്യാതിഥി ആയിരുന്നു. ചടങ്ങിൽ മുഖ്യാതിഥിയുടെ പിറന്നാൾ ആഘോഷവും നടന്നു. വൈസ് ചെയർമാൻ ജൈഫർ മൈദാനി കേക്ക് മുറിച്ചു. ഹെഡ് ടീച്ചർ ശ്രീകാന്ത് കലോത്സവ റിപ്പോർട്ട് അവതരിപ്പിച്ചു. സെക്രട്ടറി സജി ആന്റണി നന്ദി പറഞ്ഞു. അസി സെക്രട്ടറി പ്രേമലത,എക്സി കമ്മിറ്റി അംഗങ്ങളായ ബിനു മണ്ണിൽ, ഖുർഷിദ് ആലം, അജയകൃഷ്ണൻ വി,രാജേഷ് നമ്പ്യാർ, തുടങ്ങിയവരും സംബന്ധിച്ചു. ഡിസംബറിൽ നടക്കുന്ന സ്‌കൂൾ ഫെയറിന്റെ ടിക്കറ്റ് ലോഞ്ച് ചടങ്ങിൽ വച്ച് നടന്നു.