ബഹ്‌റൈനിൽ ഇനി നാടകക്കാലം:നരേന്ദ്ര പ്രസാദ് അനുസ്മരണ നാടകോത്സവത്തിനു ഇന്ന് തുടക്കം
മനാമ: പ്രവാസി നാടക പ്രേമികൾക്ക് ആവേശം പകർന്നു കൊണ്ട് മലയാളി സമൂഹത്തിന്റെ ഏറ്റവും വലിയ കൂട്ടായ്മയായ ബഹ്‌റൈൻ കേരളീയ സമാജം സ്‌കൂൾ ഓഫ് ഡ്രാമയുടെ ആഭിമുഖ്യത്തിൽ സംഘടിപ്പിക്കുന്ന പ്രൊഫ: നരേന്ദ്ര പ്രസാദ് അനുസ്‌മണരണ നാടകോത്സവത്തിന് ഇന്ന് തുടക്കമാകും. ഇത്തവണ കൂടുതൽ ഇടവിട്ട ദിവസങ്ങളിൽ ആയിരിക്കും നാടകങ്ങൾ. അഞ്ച് നാടകങ്ങളാണ് ഈ വർഷം രംഗത്ത് അവതരിപ്പിക്കുകയെന്ന് ഭാരവാഹികൾ അറിയിച്ചു.
മലയാളത്തിന്റെ എക്കാലത്തെയും ശ്രേഷ്ഠ കവിയായ കുമാരനാശൻ എഴുതിയ കരുണയെ ആസ്പദമാക്കി പ്രശസ്ത നാടകരചയിതാവ് ആശാമോൻ കൊടുങ്ങല്ലൂർ രചിച്ച 'സമയമായോ സഖി' എന്ന നാടകമാണ് ഇന്ന് വൈകീട്ട് സമാജം ഡയമണ്ട് ഹാളിൽ അരങ്ങിലെത്തുക .
ഗുരുദേവ സോഷ്യൽ സൊസൈറ്റിയാണ് നാടകം രംഗത്തവതരിപ്പിക്കുന്നത്. കേരള സംഗീത നാടക അക്കാദമിയുടെ അവാർഡ് ലഭിച്ച സുരേഷ് പെണ്ണുക്കരയാണ് നാടകം സംവിധാനം ചെയ്യുന്നത്. രാത്രി 8 മണിക്ക് തുടങ്ങും. രണ്ടാമത്തെ നാടകം 'ബർസക്ക് 'നാളെ രാത്രി 8 മണിക്ക് അവതരിപ്പിക്കും. പ്രതിഭ നാടകവേദിയുടെ ആഭിമുഖ്യത്തിൽ അവതരിപ്പിക്കുന്ന നാടകത്തിന്റെ സംവിധാനം വിനോദ് ദേവനാണ്. രചന ഫിറോസ് തിരുവത്ര.
ഗുരുദേവ സോഷ്യൽ സൊസൈറ്റിയാണ് നാടകം രംഗത്തവതരിപ്പിക്കുന്നത്. കേരള സംഗീത നാടക അക്കാദമിയുടെ അവാർഡ് ലഭിച്ച സുരേഷ് പെണ്ണുക്കരയാണ് നാടകം സംവിധാനം ചെയ്യുന്നത്. രാത്രി 8 മണിക്ക് തുടങ്ങും. രണ്ടാമത്തെ നാടകം 'ബർസക്ക് 'നാളെ രാത്രി 8 മണിക്ക് അവതരിപ്പിക്കും. പ്രതിഭ നാടകവേദിയുടെ ആഭിമുഖ്യത്തിൽ അവതരിപ്പിക്കുന്ന നാടകത്തിന്റെ സംവിധാനം വിനോദ് ദേവനാണ്. രചന ഫിറോസ് തിരുവത്ര.
മൂന്നാമത്തെ നാടകം നവംബർ 23 വെള്ളിയാഴ്ചയാണ് അരങ്ങിലെത്തുക ബി കെ എസ് സ്‌കൂൾ ഓഫ് ഡ്രാമയുടെ ആഭിമുഖ്യത്തിൽ മനോഹരൻ പാവറട്ടിയുടെ സംവിധാനത്തിൽ അവതരിപ്പിക്കുന്ന 'വായാടിക്കുന്ന് പി.ഒ; എന്ന നാടകത്തിന്റെ രചന നിർവഹിച്ചിരിക്കുന്നത് ദാമോദരൻ മേമ്പള്ളിയാണ്.
നാലാമത് നാടകം ഡിസംബർ 2 ഞായറാഴ്ചയായിരിക്കും വേദിയിൽ എത്തുക. കനൽ ബഹ്‌റൈന്റെ ആഭിമുഖ്യത്തിൽ ഷിജിത് രമേശിന്റെ സംവിധാനത്തിൽ ശവങ്ങൾ പൂക്കുന്നു എന്ന നാടകമാണ് അന്ന് അരങ്ങേറുന്നത്. രചന ഗിരീഷ് ഗ്രാമിക. അഞ്ചാമത്തേതും നാടകോത്സവത്തിലെ അവസാന നാടകവുമായി ഒരു ദേശം നുണ പറയുന്നു എന്ന നാടകം ഡിസംബർ 5 ന് വേദിയിലെത്തും.നർത്തകി ബഹ്‌റൈന്റെ ആഭിമുഖ്യത്തിൽ അവതരിപ്പിക്കപ്പെടുന്ന ഈ നാടകം സംവിധാനം ചെയ്യുന്നത് രമേശ് ബേബിക്കുട്ടനാണ്.രചന എ ശാന്തകുമാർ.
അര മണിക്കൂർ മുതൽ ഒന്നര മണിക്കൂർ വരെ ദൈർഘ്യമുള്ള നാടകങ്ങൾ ഈ നാടകോത്സവത്തിൽ അവതരിപ്പിക്കപ്പെടുന്നുണ്ട്. പരിശീലനത്തിനുള്ള സ്‌ഥല പരിമിതിയും കലാകാരന്മാരുടെ സമയക്കുറവും അവതരണ ചിലവുകൾ വഹിക്കാൻ സ്പോൺസർമാരെ ലഭിക്കാത്തതും പല നാടക കലാകാരന്മാർക്കും നാടകങ്ങൾ അവതരിപ്പിക്കുന്നതിൽ നിന്നും വിട്ടു നിൽക്കേണ്ടി വരുന്നുണ്ടെങ്കിലും പ്രവാസ ലോകത്തെ പരിമിതികൾക്കുള്ളിൽ നിന്ന് കൊണ്ട് മികച്ച നാടകങ്ങൾ വേദിയിൽ അവതരിപ്പിക്കപ്പെടുന്നു എന്നുള്ളതാണ് നരേന്ദ്രപ്രസാദ് അനുസ്മരണ നാടകോത്സവത്തെ ശ്രദ്ധേയമാക്കുന്നത്.
ഇന്ന് സമയമായോ സഖി
നരേന്ദ്രപ്രസാദ് അനുസ്മരണ നാടകോത്സവത്തിലെ ആദ്യദിനത്തിലേ നാടകത്തിന്റെ ഒരുക്കങ്ങൾ പൂർത്തിയായി. സമ്പത്തിലും സൗന്ദര്യത്തിലും മതിമറന്ന വാസവദത്തയിലൂടെ ജീവിതത്തിന്റെ അകകാഴ്ചകളിലേക്കാണ് ഈ നാടകം കാണികളെ കൊണ്ടുപോകുന്നതെന്ന് സംഘാടകർ പറഞ്ഞു. ശ്രീനാരയണ ഗുരുവും കവി കുമാരനാശാനെയും ചിത്രികരിക്കുന്ന നാടകത്തിൽ ബഹ്റൈനിലെ പ്രശസ്ത നാടക പ്രവർത്തകർ സഹകരിക്കുന്നു.
ശിവകുമാർ കൊല്ലറോത്ത്, മനോജ് മോഹൻ, വിജിന സന്തോഷ്, ഫിറോസ് തിരുവത്ര, വിനോദ് അളിയത്ത്, ബോണി ജോസ്, നാസർ മാട്ടൂൽ, കാത്തു സച്ചിൻ എന്നിവർ വേഷമിടുന്നു. കൃഷ്ണകുമാർ പയ്യന്നൂർ വെളിച്ചം നൽകുന്ന നാടകത്തിൽ ആരതി ഷാഗിൽ ശബ്ദം നിയന്ത്രിക്കുന്നു. രംഗസജ്ജീകരണം നിർവഹിക്കുന്നത് സുരേഷ് അയ്യബള്ളിയും നാടകത്തിന്റെ ജനറൽ കോർഡിനേറ്റർ ശശി തിരുവാങ്കുളം സാങ്കേതിക സഹായം ബാബു അയിനിക്കാട്, ബിജു യോഹന്നാൻ എന്നിവരാണ്
നാടകോൽത്സവത്തിലേക്കു പ്രവേശനം സൗജന്യമാണെന്നും നാടകം കാണാനായി മുഴുവൻ നാടക പ്രേമികളെയും ബഹ്റൈന്‍ കേരളീയ സമാജത്തിലേക്ക് ക്ഷണിക്കുന്നതായി സമാജം പ്രസിഡണ്ട് പി.വി. രാധാകൃഷ്ണപിള്ള, സെക്രട്ടറി രഘു എന്നിവർ അറിയിച്ചു



