വയലിൻ വായിക്കാൻ തീരുമാനിച്ചത് കേരളത്തിന് കൈത്താങ്ങാകാൻ; വെള്ളപ്പൊക്ക സമയത്തും സഹായസന്നദ്ധനായി ബാലു

മനാമ: കലയോടും കലാകാരന്മാരോടും എന്ന പോലെ തന്നെ സ്വന്തം നാട്ടുകാരോടും അങ്ങേയറ്റം കൂറ് പുലർത്തിയിരുന്ന കലാകാരനായിരുന്നു എന്നത് അദ്ദേഹത്തിന്റെ ഫെയ്‌സ്ബുക്ക് പോസ്റ്റുകൾ വ്യക്തമാക്കുന്നു. കേരളത്തിൽ വെള്ളപ്പൊക്കം ദുരിതം വിതച്ച സമയത്ത് തിരുവനന്തപുരത്തു നിന്ന് അവശ്യ സാധനങ്ങളുമായി കൊച്ചിയിലേയ്ക്ക് പോകാനും ഈ കലാകാരൻ തന്നെ മുന്നിട്ടു നിൽക്കുകയും ചെയ്തു.
ഇതേപ്പറ്റി ബാലു തന്നെ തന്റെ ഫെയ്‌സ്ബുക്ക് പേജിൽ ലൈവ് ആയി വരികയും ചെയ്തത് പലരും വേദനയോടെ യാണ് ഇപ്പോൾ നോക്കിക്കാണുന്നത്.അത് പോലെ കേരളത്തിന് ഫണ്ട് സ്വരൂപിക്കുന്നതിന് വേണ്ടി ഒക്ടോബർ 7 ന് ബാംഗളൂരു വച്ച് നടത്താൻ നിശ്ചയിച്ചിരുന്ന വിസ്മയ എന്ന പരിപാടിയുടെ പോസ്റ്ററും ബാലഭാസ്കർ തന്റെ ഫെയ്‌സ്ബുക്കിൽ ഷെയർ ചെയ്തിട്ടുണ്ട്.
സെപ്റ്റംബർ 13ന് ഇട്ട ഈ പോസ്റ്റ് ആണ് ബാലഭാസ്കറിന്റെ സ്റ്റേജ് പരിപാടിയുടേതായി വന്ന അവസാന പോസ്റ്ററും .വിസ്മയം എന്ന പേരിട്ട ആ പരിപാടിയിൽ വയലിൻ വിസ്‌മയം തീർക്കാൻ തങ്ങൾക്കൊപ്പം ബാലു ഉണ്ടാകില്ലല്ലോ എന്ന സത്യം ഇനിയും ഉൾക്കൊള്ളാൻ മറ്റു കലാകാരന്മാർക്കും സംഘാടകർക്കും കഴിഞ്ഞിട്ടില്ല.