അന്യം നിന്ന കലാരൂപത്തിന് പുനർജന്മം;ചരടുപിന്നിക്കളി ആവേശമായി


മനാമ: കേരളത്തിൽ പോലും അന്യം നിന്നും പോയ കലാരൂപം പ്രവാസ ലോകത്ത് അതിഗംഭീരമായി അവതരിപ്പിച്ചപ്പോൾ അത് ആസ്വാദകർക്ക് നവ്യാനുഭൂതിയായി.
ബഹ്‌റൈൻ കേരളീയ സമാജം   വനിതാവേദിയുടെ  ആഭിമുഖ്യത്തിൽ സംഘടിപ്പിച്ച ചരടുപിന്നിക്കളിയായാണ് ആവിഷ്ക്കാരത്തിന്റെ സവിശേഷതകൊണ്ടും ചമയങ്ങളുടെ വർണ്ണ പ്രഭ കൊണ്ടും ചുവടുകളുടെ വ്യത്യസ്ഥത കൊണ്ടും ആസ്വാദകർക്ക് അനുഭവമായി മാറിയത്. 
ഇന്ത്യയ്ക്ക് പുറത്തു ആദ്യമായാണ് ഈ കലാരൂപം അരങ്ങേറുന്നത് .ഈ പൗരാണിക കലാരൂപത്തെ അതിന്റെ തനിമ ഒട്ടും ചോർന്നു പോകാതെയാണ് സമാജം ഡയമണ്ട് ജൂബിലി ഹാളിലെ പ്രത്യേകം തയ്യാറാക്കിയ അരങ്ങിൽ അവതരിപ്പിച്ചത്.ചരട് പിന്നിക്കളിയുടെ ഗുരുവായിരുന്ന വെഞ്ഞാറംമൂട് കുഞ്ഞിക്കുട്ടിയമ്മയിൽ നിന്ന് പരിശീലനം നേടിയ ബഹ്റൈനിലെ പ്രമുഖ നാടക പ്രവർത്തകൻ വിഷ്ണുനാടക ഗ്രാമത്തിന്റെ ശിക്ഷണത്തിൽ ആഴ്ചകൾ നീണ്ട പരിശീലനത്തിനു ശേഷമാണ്  പതിനെട്ട് പേർ വീതമുള്ള നാല് സംഘങ്ങളായി സ്ത്രീകളും കുട്ടികളുമടക്കം എഴുപത്തിരണ്ടുപേർ ഈ കലാരൂപത്തെ അരങ്ങിലെത്തിച്ചത്.
ശ്രീകൃഷ്ണന്റെ ജീവിതത്തെ ആസ്പദമാക്കിയുള്ള ചരട് പിന്നിക്കളിയിൽ പ്രചാരത്തിലുള്ള ഉറിതുന്നൽക്കളി, ഊഞ്ഞാൽ തുന്നിക്കളി, ആളെച്ചുറ്റിക്കളി എന്നീ മൂന്ന് കളികളും തിങ്ങിനിറഞ്ഞ സദസ്സിനു മുന്നിൽ അവതരിപ്പിക്കപ്പെട്ടു.സമാജം പ്രസിഡന്റ് പി.വി.രാധാകൃഷ്ണപിള്ള ഭദ്രദീപം തെളിയിച്ച് ചരട് പിന്നിക്കളിക്ക് തുടക്കം കുറിച്ചു.സമാജം ജനറൽ സെക്രട്ടറി എം.പി രഘുവും വനിതാ വേദി പ്രസിഡന്റ് മോഹിനി തോമസും ആശംസകൾ അർപ്പിച്ച ചടങ്ങിൽ വനിതാ വേദി സെക്രട്ടറി രജിത അനി സ്വാഗതവും വനിതാ വേദി കലാവിഭാഗം സെക്രട്ടറി ജോബി ഷാജൻ നന്ദിയും രേഖപ്പെടുത്തി.

You might also like

  • Lulu Exchange
  • Straight Forward

Most Viewed