ആര്യയുടെ വീടെന്ന സ്വപ്നം പൂവണിഞ്ഞില്ല; പണം പലവഴിക്ക് ചിലവാക്കുന്നതായി ആരോപണം

മനാമ :പ്രവാസലോകത്ത് അടുത്തിടെ നടത്തിയ ജീവകാരുണ്യ പ്രവർത്തനങ്ങളിൽ ഏറ്റവും ബൃഹത്തായതായിരുന്നു അജ്ഞാത രോഗത്താൽ ദുരിതമനുഭവിക്കുന്ന ആര്യമോൾക്ക് വേണ്ടി നടത്തിയ പ്രവർത്തനം. ഏകദേശം 10 ലക്ഷത്തോളം രൂപയാണ് ബഹ്റൈനിൽ നിന്ന് മാത്രം സമാഹരിച്ചുകൊണ്ട് ആര്യയുടെ പേരിൽ നാട്ടിലേയ്ക്ക് അയക്കാൻ കഴിഞ്ഞത്. ആകെ രണ്ടര കോടിയോളം രൂപയാണ് ആര്യയുടെ ചികിത്സാ സഹായ നിധിയിലേയ്ക്ക് വിവിധ സ്ഥലങ്ങളിൽ നിന്നും സംഭാവനയായി ലഭിച്ചത്. കൂടാതെ ആര്യയുടെ പിതാവിന്റെ അക്കൗണ്ടിൽ 80 ലക്ഷത്തോളം രൂപ വേറെയും സഹായങ്ങൾ എത്തിയിരുന്നു. ആര്യയുടെ ചികിത്സ സർക്കാർ ഏറ്റെടുക്കുകയും അമൃത ആശുപത്രിയിൽ പ്രവേശിപ്പിച്ച ആര്യയെ ഒരു മാസത്തോളം സർക്കാർ ചിലവിൽ സംരക്ഷിക്കുകയും ചെയ്തിരുന്നു. ഏകദേശം ഒന്പത് ലക്ഷത്തോളം രൂപയാണ് സർക്കാർ ഇതിന് വേണ്ടി ചിലവിട്ടതെന്നാണ് പ്രാഥമിക വിവരം. അവിടെനിന്ന് ഡിസ്ചാർജ്ജ് ചെയ്യപ്പെട്ട ആര്യ ഇപ്പോഴും താമസിക്കുന്നത് കണ്ണൂർ അഴീക്കോട് മയിലാടുതറയിലെ ചെറിയ വാടക വീട്ടിലാണ്. ഇപ്പോഴും നടക്കാൻ ബുദ്ധിമുട്ടുള്ള ആര്യയ്ക്ക് ഒരു ബാത്ത് റൂം അറ്റാച്ഡ് വീട് വേണമെന്ന സ്വപ്നം പൂവണിഞ്ഞിട്ടില്ല. അതിനിടെ ആര്യയുടെ പിതാവ് തന്റെ അക്കൗണ്ടിൽ നിന്ന് പണമെടുത്ത് സൗകര്യമില്ലാത്ത ഒരു വീടിന് അഡ്വാൻസ് കൊടുക്കുയും ചെയ്തു. വാടക വീട്ടിൽ കുറഞ്ഞ സൗകര്യങ്ങളോടെ കഴിഞ്ഞ ആര്യയ്ക്ക് വീണ്ടും സൗകര്യമില്ലാത്ത വീടാണ് പിതാവ് കണ്ടെത്തിയത് എന്നറിഞ്ഞതോടെ സന്നദ്ധ സംഘടനാ പ്രവർത്തകർ അതിനെ എതിർത്തു. ആര്യയുടെ പേരിൽ ലഭിച്ച പണത്തിൽ നിന്ന് സൗകര്യപ്രദമായ വീട് തന്നെ ആര്യയ്ക്ക് നൽകണമെന്നാണ് നാട്ടുകാർ ആവശ്യപ്പെടുന്നത്. ആര്യയുടെ ദുരതിതാവസ്ഥ ലോകത്തിന്റെ നാനാഭാഗങ്ങളിൽ നിന്ന് അറിഞ്ഞ് മനസ്സുരുകിയ മലയാളികൾ നൽകിയ പണം ആര്യയുടെ സന്തോഷത്തിന് വേണ്ടി ചിലവാക്കണമെന്നും ആർക്കും ധൂർത്തടിക്കാനുള്ളതല്ലെന്നുമാണ് നാട്ടുകാരുടെ പക്ഷം. ആര്യയ്ക്ക് സൗകര്യപ്രദമായ വീട് വേണമെന്ന് ആര്യയുടെ അവസ്ഥ പുറം ലോകത്തെ ഫെയ്സ്ബുക്കിലൂടെ അറിയിച്ച സിസ്റ്റർ റോസിയയും പറഞ്ഞു. ഇപ്പോൾ പഞ്ചാബിലേയ്ക്ക് ജോലി മാറ്റം ലഭിച്ച സിസ്റ്റർ, ആര്യയുടെ കാര്യത്തിൽ തനിക്ക് ഇനിയും ആശങ്കയുണ്ടെന്നും അതുകൊണ്ട് ആര്യയ്ക്ക് ആദ്യം വേണ്ടത് എല്ലാ സൗകര്യങ്ങളുമുള്ള വീടാണെന്നും 4 പി.എം ന്യൂസിനോട് പറഞ്ഞു. ആര്യയുടെ പേരിൽ ലഭിച്ച പണം ആര്യയുടെ ദുരിതാവസ്ഥ കണ്ട് പ്രവാസികൾ അയച്ച പണമാണ്. അത് സ്വന്തം ആവശ്യത്തിന് വേണ്ടി ഉപയോഗിക്കരുതെന്നും ആര്യയുടെ ചികിത്സയ്ക്കും ആര്യ ആവശ്യപ്പെടുന്ന സൗകര്യപ്രദമായ വീടിനും വേണ്ടി ഉപയോഗിക്കണമെന്ന് ആര്യയുടെ നാട്ടുകാരും അഭിപ്രായപ്പെടുന്നു. അതേസമയം ആര്യയ്ക്ക് ഇപ്പോഴും നടക്കാൻ കഴിയുന്നില്ലെന്നും, സ്കൂളിൽ പോകാനുള്ള ആര്യയുടെ മോഹം ബാക്കിയാണെന്നും ശരീരത്തിൽ വീണ്ടും പൊട്ടലുകൾ പ്രത്യക്ഷപ്പെട്ട് തുടങ്ങിയതായും മാതാവ് ഷൈമ പറഞ്ഞു. സൗകര്യമില്ലാത്ത വീടിന് നൽകിയ അഡ്വാൻസ് തുക മടക്കി വാങ്ങുമെന്നും ഓണമാകുന്പോഴേയ്ക്കും നല്ലൊരു വീട് വാങ്ങാനാണ് ഉദ്ദേശമെന്നും ഷൈമ 4 പി.എം ന്യൂസിനോട് പറഞ്ഞു. സർക്കാർ പ്രഖ്യാപിച്ച സൗജന്യ ചികിത്സ ആദ്യം ആശുപത്രിയിൽ നിന്ന് ഡിസ്ചാർജ്ജ് ആയതോടെ നിർത്തിയിരിക്കുകയാണെന്നും തുടർചികിത്സയ്ക്കുള്ള പണം ഇപ്പോൾ ലഭിച്ച സഹായങ്ങളിൽ നിന്ന് തന്നെയാണ് ഉപയോഗിക്കുന്നതെന്നും ഷൈമ പറഞ്ഞു. നാളെ ആര്യമോളുടെ പതിമൂന്നാം പിറന്നാളാണ്. പ്രവാസ ലോകത്ത് നിന്ന് ലഭിച്ച എല്ലാ സഹായങ്ങൾക്കും നന്ദിയുണ്ടെന്ന് ഷൈമ 4 പി.എം ന്യൂസിനോട് പറഞ്ഞു.