ബഹ്റൈനിൽ റാബീസ് വാക്സിൻ വേണ്ട: ഡോ. പി.വി ചെറിയാൻ

മനാമ:ബഹ്‌റൈൻ പേ മുക്ത രാജ്യമാണെന്നും അതുകൊണ്ട്തന്നെ പൂച്ചയോ പട്ടിയോ മറ്റേതെങ്കിലും മൃഗമോ കടിച്ചാലോ, അതുകൊണ്ടുണ്ടാകുന്ന മുറിവിനോ റാബീസ് വൈറസ് കുത്തിവയ്പ്പ് എടുക്കേണ്ട കാര്യമില്ലെന്ന് സൽമാനിയ ആശുപത്രിയിലെ ആക്സിഡന്റ് ആന്റ് എമർജൻസി വിഭാഗം ചീഫ് മെഡിക്കൽ ഓഫീസറും മന്ത്രാലയം മെഡിക്കൽ ടീം അംഗവുമായ ഡോ. പി.വി ചെറിയാൻ അഭിപ്രായപ്പെട്ടു. ബഹ്റൈനിലേയ്ക്കെത്തുന്ന ഓരോ മൃഗവും റാബീസ് വൈറസ് മുക്തമാണെന്ന് സ്ഥിരീകരിച്ചിട്ടുള്ളതിനാൽ മൃഗങ്ങളുടെ സന്പർക്കത്താൽ ഉണ്ടാകുന്ന പരിക്കുകൾക്കെതിരെ റാബീസ് കുത്തിെവയ്പ്പ് എടുക്കേണ്ടതില്ലെന്ന് അദ്ദേഹം പറഞ്ഞു. തന്റെ 40 വർഷത്തെ സർവ്വീസിനിടയിൽ ഇതുവരെ ഒരു കേസ് പോലും റിപ്പോർട്ട് ചെയ്തിട്ടില്ലെന്നും ആദ്ദേഹം വ്യക്തമാക്കി. പലരും ഇക്കാര്യത്തിൽ ആശങ്കപ്പെടാറുണ്ടെന്നും എന്നാൽ ബഹ്‌റൈൻ പോലുള്ള രാജ്യം പല വൈറസുകളിൽ നിന്നും മുക്തമാണെന്നും അദ്ദേഹം വ്യക്തമാക്കി. മുറിവിന്റെ തീവ്രതയ്ക്കനുസരിച്ചുള്ള ടി.ടി കുത്തിവയ്പ്പും ആന്റിബയോട്ടിക്‌സും നൽകുന്നതല്ലാതെ റാബീസ് വൈറസ് കുത്തിവയ്പ്പ് നൽകാറില്ല. മൃഗങ്ങളെ സംരക്ഷിക്കുന്നതിനും അവയുടെ ആരോഗ്യ പരിപാലനത്തിനും വളരെയധികം മുൻതൂക്കം നൽകുന്ന നാടാണ് ബഹ്‌റൈനെന്നും അതുകൊണ്ട് പേ വിഷബാധയെപ്പറ്റി യാതൊരുവിധ ആശങ്കകളും ഉണ്ടാകേണ്ടതില്ലെന്നും അദ്ദേഹം വ്യക്തമാക്കി.