ഗാർബേജ് ബാഗുമായി എത്തിയ വിദ്യാർത്ഥിയെ പൂച്ച കടിച്ചു

മനാമ: ഗാർബേജ് ബാഗ് മാലിന്യ വീപ്പയിൽ നിക്ഷേപിക്കാനെത്തിയ വിദ്യാർത്ഥിയെ പൂച്ച കടിച്ചു. കഴിഞ്ഞ ആഴ്ചയാണ് ഉമ്മുൽഹസത്ത് താമസിക്കുന്ന എറണാകുളം സ്വദേശി അനൂപിന്റെ മകനും ഇന്ത്യൻ സ്‌കൂൾ വിദ്യാർത്ഥിയുമായ ആദിത്യയെ പൂച്ച കടിച്ച് പരിക്കേൽപ്പിച്ചത്. രാത്രി 11 മണിക്ക് വീട്ടിലെ ഗാർബേജ് ബാഗ് മാലിന്യ വീപ്പയിൽ നിക്ഷേപിക്കാൻ എത്തിയപ്പോഴായിരുന്നു ആദിത്യയുടെ നേർക്ക് പൂച്ച ചാടി വീണത്. ആദിത്യയുടെ ചെവിക്കാണ് കടിയേറ്റത്. ഉടൻതന്നെ സൽമാനിയ ആശുപത്രിയിൽ പ്രവേശിപ്പിച്ച ആദിത്യയ്ക്ക് ചെവിക്ക് തുന്നൽ ഇടേണ്ടി വന്നതായി പിതാവ് പറഞ്ഞു. മൂടിയില്ലാത്ത മാലിന്യ വീപ്പയിൽ ഭക്ഷണം തേടിയെത്തിയ പൂച്ചയാണ് ആദിത്യയെ ആക്രമിച്ചത്. പൂച്ചകളും തെരുവ് നായ്ക്കളും സ്‌കൂൾ കുട്ടികളെ ആക്രമിക്കുന്നത് ഇവിടെ നിത്യ സംഭവമാണെന്ന് പ്രദേശവാസികൾ പറയുന്നു. മൃഗങ്ങളുടെ കടിയേറ്റാൽ ബഹ്‌റൈനിൽ പേവിഷബാധയ്‌ക്കെതിരെയുള്ള കുത്തിവയ്പ്പ് എടുക്കാത്തതിനാൽ സൽമാനിയ ആശുപത്രിയിൽ നിന്ന് പ്രാഥമിക ചികിത്സ നേടിയ ശേഷം ആദിത്യയെ തുടർചികിത്സയ്ക്കായി നാട്ടിലേയ്ക്ക് അയക്കുകയായിരുന്നു.