തുറന്നിട്ട മാലിന്യ വീപ്പകൾ തെരുവ് മൃഗങ്ങൾ വിഹാരകേന്ദ്രങ്ങളാക്കുന്നു

മനാമ: ബഹ്‌റൈനിലെ മിക്ക പ്രദേശങ്ങളിലും തെരുവ് നായ്ക്കളും പൂച്ചകളും അലഞ്ഞ് തിരിയുന്ന ഇടമാകുന്നത് മാലിന്യ വീപ്പകൾക്ക് സമീപമാണ്. റോഡരികിൽ സ്ഥാപിച്ചിട്ടുള്ള വീപ്പകളെല്ലാം തുറന്നിട്ട അവസ്ഥയിലാണ്. മാലിന്യ വീപ്പകളുടെ മൂടി തുറന്നിടുന്നത് കാരണം ഭക്ഷണാവശിഷ്ടങ്ങൾ തേടിയെത്തുന്ന പൂച്ചകളും തെരുവ് നായ്ക്കളും പരിസരത്തെ റോഡരികിലും ബസ് സ്റ്റോപ്പുകളിലും താവളമാക്കി മാറ്റുകയും വഴിയാത്രക്കാർക്ക് ശല്യമായി തീരുകയും ചെയ്യുന്നു.
രാജ്യത്തെ മിക്കയിടത്തും സ്ഥാപിച്ചിട്ടുള്ള മാലിന്യവീപ്പകൾക്ക് രണ്ട് മൂടികളാണുള്ളത്. വലിയ മൂടി കൂടാതെ വീടുകളിൽ നിന്നും മറ്റുമുള്ള ചെറിയ വലിപ്പത്തിലുള്ള ഗാർബേജ് കൂടുകൾ നിക്ഷേപിക്കാനുള്ള സൗകര്യത്തിന് വാൽവ് രൂപത്തിൽ ചെറിയ ഒരു മൂടി കൂടി എല്ലാ വീപ്പകൾക്കും ഉണ്ട്. എന്നാൽ പലപ്പോഴും വീപ്പകളുടെ അടപ്പുകൾ രണ്ടും മാറ്റിവച്ച നിലയിലോ തുറന്നിട്ട നിലയിലോ ആണ് പല സ്ഥലങ്ങളിലും കാണുന്നത്. ഇക്കാര്യത്തിൽ മാലിന്യം തള്ളുന്നവരും നഗര സഭാ അധികൃതരും ഒരുപോലെ അശ്രദ്ധയുള്ളവരാണ്. മാലിന്യം സ്ഥാപിച്ചതിന്റെ അടുത്തേയ്ക്ക് വരാതെ ദൂരെ നിന്നും ഗാർബേജ് ബാഗുകൾ എറിയാനുള്ള സൗകര്യത്തിനാണ് വീപ്പകൾ അടച്ചുവെച്ചാലും പലരും തുറക്കുന്നത്. നഗരസഭയുടെ വാഹനം എത്തിക്കഴിഞ്ഞ് എത്രയും പെട്ടെന്ന് വീപ്പകൾ ഓട്ടോമാറ്റിക് സംവിധാനത്തിൽ ഘടിപ്പിച്ചു ലോറിയിലേയ്ക്ക് മാലിന്യം തള്ളുന്നതിന് അടച്ചുവെയ്ക്കുന്ന വീപ്പകൾ പലപ്പോഴും അസൗകര്യം സൃഷ്ടിക്കുന്നതാണ് വീപ്പകൾ തുറന്ന് വെയ്ക്കാൻ ഇക്കൂട്ടരുടെ കാരണം.
കഫ്റ്റീരിയകൾ, റെസ്റ്റോറന്റുകൾ തുടങ്ങിയ സ്ഥാപനങ്ങൾ രാത്രികാലങ്ങളിൽ പലപ്പോഴും വീപ്പകളിൽ കൊള്ളാവുന്നതിലുമധികം മാലിന്യങ്ങൾ കൊണ്ടുവന്ന് തള്ളുകയും അവ റോഡിൽ വീണ് കിടക്കുകയും ചെയ്യുന്നത് പതിവ് കാഴ്ചയാണ്. ഇവ ഭക്ഷിക്കാനാണ് തെരുവ് നായ്ക്കളും പൂച്ചകളും എത്തുന്നത്. പലപ്പോഴും തെരുവ് നായ്ക്കൾ ആക്രമാസക്തരാവുകയും മാലിന്യം നിക്ഷേപിക്കാൻ എത്തുന്നവർക്ക് നേരെ തിരിയുന്നതും പതിവ് സംഭവമായി മാറിയിട്ടുണ്ട്. പലയിടത്തും വീപ്പകൾ തുറന്നിടുന്നത് കാരണം പരിസരങ്ങളിൽ ദുർഗന്ധം വമിക്കുന്ന അവസ്ഥയുമുണ്ട്. ഇത് കടുത്ത ആരോഗ്യ പ്രശ്‌നത്തിനും കാരണമാകുന്നു. സ്‌കൂൾ കുട്ടികളും വഴിയാത്രക്കാരും നിത്യേന നടന്നു പോകുന്ന വഴികളിൽ തുറന്നിട്ട വീപ്പകളിലെ മാലിന്യങ്ങൾ തെരുവ് നായ്ക്കൾ പരുതുന്നത് സ്ഥിരം കാഴ്ചയാണ്.