ലയന വാർത്ത നിഷേധിച്ച് ഐവൈസിസി
മനാമ : ഐവൈസിസി കോൺഗ്രസ് ഔദ്യോഗിക സംഘടന ഒഐസിസി യുമായി ലയിക്കാനൊരുങ്ങുന്നുവെന്ന വാർത്ത നിഷേധിച്ച് ഐവൈസിസി പത്രക്കുറിപ്പിറക്കി. കേരളത്തിൽ നിന്നും വന്ന കോൺഗ്രസ് നേതാക്കളെ ഐവൈസിസി പ്രവർത്തകർ സന്ദർശിച്ചു എന്നല്ലാതെ ഒഐസിസിയിൽ ലയിക്കണമെന്നോ അതിനുള്ള സാഹചര്യമോ ഇപ്പോൾ ഇല്ലെന്നും ഐവൈസിസി ഭാരവാഹികൾ അറിയിച്ചു. ബഹ്റൈനിൽ കോൺഗ്രസ് നേതാക്കൾ വരുന്പോൾ അവരുടെ ക്ഷണപ്രകാരമാണ് ഐവൈസിസി ഭാരവാഹികൾ അവരെ സന്ദർശിക്കുന്നത്. കാസർഗോഡ് മുതൽ തിരുവനന്തപുരം വരെയുള്ള പ്രവർത്തകരുള്ള സംഘടനയാണ് ഐവൈസിസി. അതുകൊണ്ടു തന്നെ വിവിധ പ്രദേശങ്ങളിൽ നിന്നുമുള്ള നേതാക്കൾ ബഹ്റൈൻ സന്ദർശിക്കുന്പോൾ പ്രവർത്തകർ അവരെ കാണാൻ പോകാറുമുണ്ട്. കഴിഞ്ഞ ദിവസം നടന്നത് ആ രീതിയിലുള്ള കൂടിക്കാഴ്ച്ച ആയിരുന്നുവെന്നും വാസ്തവ വിരുദ്ധമായ വാർത്തകൾ പ്രവാസികൾക്കിടയിൽ തെറ്റിദ്ധാരണ പരത്തുവാൻ ഇടയാക്കുമെന്നും ഐവൈസിസി വക്താക്കൾ പറഞ്ഞു.
നേതാക്കന്മാർ വരുന്പോൾ അവരുടെ ഭാഗത്ത് നിന്നും ബഹ്റൈനിലെ കോൺഗ്രസ് പ്രവർത്തകർ ഒരുമിച്ച് നിൽക്കണമെന്ന ആവശ്യം ഉയരാറുണ്ട്. മുൻ മുഖ്യമന്ത്രി ഉമ്മൻചാണ്ടി ബഹ്റൈൻ സന്ദർശിച്ചപ്പോഴും ഈ ആവശ്യം മുന്നോട്ട് വെച്ചിരുന്നു. എന്നാൽ ഇപ്പോൾ ലയനത്തിനുള്ള ഒരു സാഹചര്യം നിലനിൽക്കുന്നില്ല. ഐവൈസിസി രൂപീകരിച്ചപ്പോഴുള്ള സാഹചര്യങ്ങൾ തന്നെയാണ് ഇപ്പോഴും, അതിൽ നിന്ന് മാറ്റം വരാത്ത സാഹചര്യത്തിൽ ലയനത്തെക്കുറിച്ചുള്ള ചർച്ചകൾ വരെ അപ്രസക്തമാണ്. ഇന്ത്യക്ക് പുറത്തെ ആദ്യത്തെ കോൺഗ്രസ് യുവജന കൂട്ടായ്മയാണ് ഐവൈ സിസി ബഹ്റൈൻ, അതിന് ശേഷം മാത്രമാണ് പ്രവാസലോകത്ത് യുവ ജന വിഭാഗവും, വനിതാ വിഭാഗവും, ബാല വിഭാഗവും രൂപീകരിക്കുന്നതിനെക്കുറിച്ച് കെപിസിസി ആലോചിച്ചത്. മേൽ പറഞ്ഞ വിഭാഗങ്ങളുടെ പ്രവർത്തനങ്ങൾ എങ്ങനെ പോകുന്നു എന്നത് ബഹ്റൈനിലെ പ്രവാസികൾക്കു കൃത്യമായി അറിയാം. ജൂലൈ 6ന് നടക്കുന്ന യൂത്ത് ഫെസ്റ്റ് 2018ന്റെ ഒരുക്കങ്ങളുമായി സംഘടന മുന്നോട്ട് പോകുകയാണ്. അതുപോലെ തന്നെ അഞ്ച് വർഷക്കാലമായി സാധാരക്കാരുടെ ഇടയിൽ പ്രവർത്തിക്കുന്ന സംഘടന തുടങ്ങിവെച്ച ഒട്ടനവധി ചാരിറ്റി പ്രവർത്തനങ്ങൾ പൂർത്തീകരിക്കേണ്ടതും പുതിയത് ആരംഭിക്കേണ്ടതുമുണ്ട്, അതുമായി സംഘടന മുന്നോട്ട് പോകുകയാണ്. അതിനിടയിൽ അനാവശ്യ വിവാദങ്ങൾക്ക് താൽപര്യമില്ല. ഇന്ത്യൻ നാഷണൽ കോൺഗ്രസ് എന്ന ഒറ്റ വികാരം നെഞ്ചിലേറ്റി നടക്കുന്ന യുവാക്കളാണ് ഈ സംഘടനയുടെ ശക്തി എന്നും സംഘടനയുടെ തുടക്കം മുതലുള്ള നിലപാടുകളിൽ നാളിതുവരെ മാറ്റം വരുത്തിയിട്ടില്ലെന്നും ഐവൈസിസി നേതാക്കൾ വാർത്താക്കുറിപ്പിൽ അറിയിച്ചു.




