ചൂട് കൂടുന്നു : അഗ്നിശമന സംവിധാനങ്ങൾ പലയിടത്തും പ്രവർത്തനസജ്ജമല്ല

മനാമ : തീപ്പിടുത്ത സാധ്യതകൾ വളരെ അധികമുള്ള വേനൽ കാലത്ത് പല കെട്ടിടങ്ങളിലും ഉള്ള അഗ്നിശമന സംവിധാനങ്ങൾ പ്രവർത്തന സജ്ജമല്ല. ബഹ്റൈനിലെ പല പ്രദേശങ്ങളിലുള്ള നിരവധി കെട്ടിടങ്ങളിൽ ഇത്തരമൊരു സംവിധാനം നിലവിൽ ഇല്ലെന്ന് തന്നെ പറയാം. പുതിയ കെട്ടിടങ്ങളിലെല്ലാം തീ പിടിക്കുന്പോൾ ഓട്ടോമാറ്റിക്കായി പ്രവർത്തിക്കുന്ന തീ അണയ്ക്കൽ സംവിധാനം വേണമെന്നത് നിർബന്ധമാണ്. പക്ഷെ പല പഴയ കെട്ടിടങ്ങളിലും ഈ സംവിധാനം ഇല്ലെന്ന് മാത്രമല്ല ഉള്ളവ പ്രവർത്തന സജ്ജവുമല്ല.
കെട്ടിട നിർമ്മാണ ചട്ടങ്ങൾ പ്രകാരം നിശ്ചിത മാനദണ്ധങ്ങൾക്ക് മുകളിലുള്ളവയ്ക്ക് അഗ്നിശമന സംവിധാനങ്ങൾ നിർബന്ധമാണ്. ഇവ പരിശോധിച്ച ശേഷമാണ് കെട്ടിടങ്ങൾക്ക് അംഗീകാരം ലഭിക്കുക. ഇവ ഓരോ വർഷവും വീണ്ടും പരിശോധനയ്ക്ക് വിധേയമാക്കുകയും ചെയ്യേണ്ടതാണ്. എന്നാൽ ആദ്യഘട്ടത്തിൽ അഗ്നിശമന ഉപകരണങ്ങൾ സ്ഥാപിച്ചു കഴിഞ്ഞാൽ പിന്നെ പല കെട്ടിടങ്ങളിലും, പ്രത്യേകിച്ച് ഫ്ളാറ്റുകളിൽ സ്ഥാപിച്ചിട്ടുള്ളവ സമയാസമയം പുതുക്കുകയോ പ്രവർത്തന സജ്ജമാണോ എന്ന് ഉറപ്പുവരുത്തുകയോ ചെയ്യുന്നില്ല. മനാമയിൽ തൊഴിലാളികൾ തിങ്ങിപ്പാർക്കുന്ന പല കെട്ടിടങ്ങളിലും ഇത്തരം സംവിധാനങ്ങൾ സ്ഥാപിച്ചിട്ടേയില്ല. നഗരഹൃദയത്തിൽ തന്നെയുള്ള പല ബഹുനില മന്ദിരങ്ങളുടേയും അഗ്നിശമന ഉപകരണങ്ങൾ ഭൂരിഭാഗവും കാലപ്പഴക്കം സംഭവിച്ചവയാണ്. തുണിക്കടകൾ, സ്വർണക്കടകൾ, മാളുകൾ, തീയേറ്ററുകൾ ആശുപത്രികൾ, ഹോട്ടലുകൾ, ബാങ്കുകൾ, പണമിടപാട് സ്ഥാപനങ്ങൾ തുടങ്ങി സെന്റട്രലൈസ്ഡ് എസിയിൽ പ്രവർത്തിക്കുന്നവയിലെല്ലാം സീലിംഗുകൾ തെർമോകോളും പ്ലാസ്റ്റിക്കും കൊണ്ടാണ് നിർമ്മിച്ചിരിക്കുന്നത്. ചെറിയ ഒരു തീപ്പൊരി പോലും വലിയ അപകടത്തിന് കാരണമാകും. എന്നാൽ പഴയ പല കെട്ടിടങ്ങളിലുമുള്ള അഗ്നിശമന സഹായിയായ വാട്ടർ ടാങ്കുകൾ പലതും ഒഴിഞ്ഞ അവസ്ഥയിലാണ്. ഫയർ എസ്റ്റിറ്റിംഗ്യൂഷറുകൾ പലതും റീഫിൽ ചെയ്യാത്തവയുമാണ്. തീയും പുകയും വന്നാൽ അടിക്കുവാനുള്ള അലാറമുകൾ പല സ്ഥാപനങ്ങളിലും നിശ്ചലമാണ്. ഹൈഡ്രന്റ് പൈപ്പുകൾ പൊട്ടിയതും ഉപയോശൂന്യമാണ്. തീപിടിത്തത്തിന്റെ ഘട്ടങ്ങളിൽ വെള്ളം പന്പ് ചെയ്യാനുദ്ദേശിച്ച് സ്ഥാപിച്ചിട്ടുള്ള പന്പുകൾ പ്രവർത്തനസജ്ജമാണോ എന്ന് പോലും പലരും പരിശോധനയ്ക്ക് വിധേയമാക്കുന്നില്ല. ചില കെട്ടിടങ്ങളിൽ ഇവയുമായി ബന്ധപ്പെട്ട പെപ്പ് ലൈനുകൾ തുരുന്പെടുത്ത് നശിച്ച നിലയിലാണ്. അത്യാവശ്യഘട്ടത്തിൽ ഉപയോഗിക്കേണ്ട സ്വിച്ചുകൾ പോലും പ്രവർത്തനരഹിതമാണ്.
കാലപ്പഴക്കം കാരണം ആപൽഘട്ടത്തിൽ ഇവ പ്രവർത്തനസജ്ജമാകുമോ എന്ന് കണ്ടേ അറിയാനാകൂ. എമർജൻസി പുറം വാതിൽ ഇല്ലാത്ത സ്ഥാപനങ്ങളാണ് ഏറെയും. ഇത്തരം വാതിലുകളും പടികെട്ടുകളും ഉള്ളയിടത്താണ് പല സ്ഥാപനങ്ങളിലും സാധനങ്ങൾ കെട്ടുകെട്ടായി സൂക്ഷിച്ചിരിക്കുന്നത്. അതുകൊണ്ട്തന്നെ അപകടമുണ്ടായാൽ പ്രധാനവഴിയിലൂടെ മാത്രമേ ആളുകൾക്ക് പുറത്ത് കടക്കാനാകൂ എന്നത് അപകടങ്ങളുടെ രൂക്ഷത വർദ്ധിപ്പിക്കുന്നു. ചിലയിടങ്ങളിലെ ഗോവണികൾ ബലമില്ലാത്തതുമൂലം ഉപയോഗശൂന്യമാണ്. ഫയർ എസ്റ്റിറ്റിംഗ്യൂഷറുകൾ മിക്കവാറും വറ്റി വരണ്ട അവസ്ഥയിലാണ്. കെട്ടിടങ്ങൾ അടുത്തടുത്തായുള്ള മനാമ സൂക്ക് പോലുള്ള സ്ഥലങ്ങളിൽ അഗ്നിശമന ഉപകരണങ്ങൾ കൃത്യമായി ഘടിപ്പിച്ചിട്ടുണ്ടെങ്കിൽ പോലും മാനദണ്ധങ്ങൾ ഒന്നും പാലിക്കാത്തവ യഥേഷ്ടം ഉള്ളതിനാൽ യഥാർത്ഥ ഫലം ഇല്ലാതാകുന്നു.
ബഹ്റൈനിലെ പല ലേബർ ക്യാന്പുകളിലും അനുവദനീയമായതിലും കൂടുതൽ തൊഴിലാളികളാണ് താമസിക്കുന്നത്. അതുകൊണ്ടുതന്നെ തുടർച്ചയായുള്ള എയർ കണ്ടീഷണറുകളുടെയും ഫാനുകളുടെയും ഉപയോഗം വളരെ കൂടുതലാണ്. എയർ കണ്ടീഷനുകൾ പലതും പഴകിയതും യഥാസമയം സർവ്വീസ് ചെയ്യാത്തവയുമാണ്. പല മുറികളിലേയ്ക്ക് ഒരേ പ്ലഗ്ഗിൽ നിന്നും ഒന്നിലധികം വൈദ്യുതി കണക്ഷനുകൾ ഉപയോഗിച്ചും ഫ്ളക്സ് ബോക്സുകൾ വഴിയും ഇലക്ട്രിക് സ്റ്റൗ, ഉൾപ്പടെ കൂടുതൽ വൈദ്യുതി ഉപകരണങ്ങൾ പ്രവർത്തിപ്പിക്കുന്നുമുണ്ട്. ഇവയെല്ലാം അപകടത്തിന് വഴിവെയ്ക്കുന്നു. അപകടം ഉണ്ടായാൽ ആളുകൾക്ക് ഓടി രക്ഷപ്പെടാനുള്ള വീതിയേറിയ ബാൽക്കണി പോലും ഇത്തരം പല താമസ സ്ഥലങ്ങളിൽ ഇല്ല. ഇത്തരം ഇടങ്ങളിൽ ഒരിടത്തും മികച്ച അഗ്നിശമന സാമഗ്രികൾ സ്ഥാപിക്കുന്നതിൽ കെട്ടിട ഉടമകളോ തൊഴിലാളികളെ പാർപ്പിച്ചിരിക്കുന്ന കന്പനികളോ മുൻകൈയെടുക്കുന്നില്ലെന്ന് പറയാം. ഒരു ചെറിയ തീപ്പൊരി ഉണ്ടായാൽ പോലും വൻ അപകടങ്ങൾക്ക് വഴിവെയ്ക്കാവുന്ന ഇത്തരം സംഭവങ്ങൾ ഒഴിവാക്കാൻ അഗ്നിശമന ഉപകരണങ്ങൾ യഥാസമയം പരിശോധിക്കുകയും അത് പ്രവർത്തന സജ്ജമാണെന്ന് ഉറപ്പുവരുത്തുകയും ചെയ്യേണ്ടത് അത്യാവശ്യമാണെന്ന് അധികൃതർ ചൂണ്ടിക്കാണിക്കുന്നു. അതുപോലെ വാഹനങ്ങളിലും ഇപ്പോൾ അഗ്നിശമന ഉപകരണങ്ങൾ ഘടിപ്പിക്കേണ്ടതിന്റെ ആവശ്യകതയും കൂടുതലാണ്.